ഈശോ തന്റെ ദൈവത്വം കാരുണ്യത്തിന്റെ പ്രവർത്തികളിലൂടെയാണ് പലപ്പോഴും വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിൽ അവിടുത്തെ പ്രയോഗികൾ തനിക്ക് പുതിയൊരു പേര് ചാർത്തിക്കൊടുത്തു:” ചുങ്കക്കാരുടെയും പാപികളുടെയും “സ്നേഹിതൻ”. ദുരുദ്ദേശത്തോടെയാണ് അവർ ആ അഭിമാനം ചാർത്തിയതെങ്കിലും അവിടുന്ന് ചുങ്കക്കാരുടെയും പാപികളുടെയും ആരോരുമില്ലാത്തവരുടെയും മാത്രമല്ല, വലിയ ധനാഢ്യരുടെയും സമൂഹത്തിലെ സമുന്നതന്മാരുടെയും, എന്തിന് എല്ലാവരുടെയും സ്നേഹിതനാണ്. എല്ലാവരെയും രക്ഷിക്കാനാണ് അവിടുന്ന് തന്റെ ദൈവത്വം താൽക്കാലികമായി മറച്ചുവെച്ച് മനുഷ്യത്വം സ്വീകരിച്ചത്.
” യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്” (ഫിലി. 2 : 5-11).
യഹൂദ പശ്ചാത്തലത്തിൽ വിപ്ലവാത്മകമായ കാര്യങ്ങളാണ് ഈശോ തന്റെ പരസ്യ ജീവിതകാലത്ത് ചെയ്തത്. പാപികളോടൊപ്പം ഭക്ഷണത്തിന് ഇരുന്നു; പാപിനിയായ സ്ത്രീയുടെ പരിചരണം സ്വീകരിച്ചു; മുക്കുവരെയും ചുങ്കക്കാരെയും ശിഷ്യഗണത്തിൽ ചേർത്തു. സമൂഹം ഭ്രഷ്ട് കൽപ്പിച്ചവരുടെ സ്നേഹിതനായി; അവരെ സ്നേഹപുരസരം സുഖപ്പെടുത്തി, അവരോടെല്ലാം ഒപ്പം വിരുന്നിനിരുന്നു. അത് സ്വർഗ്ഗരാജ്യത്തിന്റെ വിരുന്നിന്റെ മുന്നാസ്വാദമായിരുന്നു. ദൈവപുത്രനോടൊത്തുള്ള പരിശുദ്ധ ത്രിത്വത്തോടും മാലാഖമാരോടും വിശുദ്ധരോടും ഇതര സ്വർഗ നിവാസികളോടൊത്തുള്ള വിരുന്നാണല്ലോ, സ്വർഗ്ഗരാജ്യത്തിലെ വിരുന്ന്. സമൂഹം പുറമ്പോക്കിലേക്കും വഴിയോരങ്ങളിലേക്കും വലിച്ചെറിയുന്നവരെ, സമൂഹത്തിൽ യാതൊരു വിലയും നിലയും ഇല്ലാത്തവരെ ചേർത്തു നിർത്തിക്കൊണ്ട് ലോകത്തിന്റെ മാനദണ്ഡങ്ങളെ അവിടുന്ന് വെല്ലുവിളിച്ചു! പാപിയെയും ലോകം യാതൊരു വിലയും കൽപ്പിക്കാത്തവനെയും, ദൈവം കാണുന്നതുപോലെ കാണാൻ ഈശോ അനുനിമിഷം നമ്മെ ക്ഷണിച്ചുകൊണ്ടിരിക്കുന്നുണ്ട്.
നിർഭയനായി യഹൂദ നിയമജ്ഞരുടേയും ഫരിസേയരുടെയും കാപട്യം തുറന്നു കാണിച്ച് അവരെ ശാസിക്കാനും നിശിതമായി വിമർശിക്കാനും യാതൊരു സങ്കോചവും ഈശോ കാണിച്ചില്ല.
” വെള്ളയടിച്ച കുഴിമാടങ്ങളെ “എന്നും, “അന്ധരായ മാർഗ്ഗദർശികളെ” എന്നുമൊക്കെ അവരുടെ മുഖത്ത് നോക്കി വിളിക്കാൻ അവിടുന്ന് ധൈര്യം കാണിച്ചു. നിയമത്തിലെ ഗൗരമേറിയ കാര്യങ്ങളായ സ്നേഹം, കരുണ വിശ്വസ്തത, നീതി, തുടങ്ങിയവ അവഗണിക്കുകയും തുളസി, ജീരകം, ചതക്കുപ്പ, തുടങ്ങിയവയ്ക്ക് ദശാംശം കൊടുക്കുകയും ചെയ്യുന്ന ആത്മീയ കാപട്യത്തെ ഈശോ അതിനിശിതമായി വിമർശിക്കുന്നു.
“കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്.
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്തുകൊണ്ടുപറയുന്നു,
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്.
അങ്ങനെ, നിങ്ങള്‍ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്ഷ്യം നല്കുന്നു.
നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
അതുകൊണ്ട്, ഇതാ, പ്രവാചകന്മാരെയും ജ്ഞാനികളെയും നിയമജ്ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്ന്നു പീഡിപ്പിക്കുകയും ചെയ്യും.
അങ്ങനെ, നിരപരാധനായ ആബേലിന്റെ രക്തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേല്‍ പതിക്കും.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്ക്കു സംഭവിക്കുകതന്നെ ചെയ്യും” (മത്താ.23 : 27-36).