വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ
രണ്ടാം ദിവസം
യൗസേപ്പിതാവിനോടുള്ള സവിശേഷ ഭക്തിയെ കുറിച്ച്
വിശുദ്ധ അമ്മ ത്രേസ്യയ്ക്കു
പറയാനുള്ളത് ശ്രദ്ധിക്കുക. ” ദൈവത്തിന്റെ അടുത്തു വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം (മധ്യസ്ഥ ശക്തി) അനുഭവത്തിലൂടെ അറിഞ്ഞിട്ടുള്ളതിനാൽ, പ്രത്യേകമായ ഭക്തിയിലൂടെ അദ്ദേഹത്തെ ആദരിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകമായ രീതിയിൽ ഈ പിതാവിനെ ആദരിച്ചവർ പുണ്യങ്ങളിൽ പുരോഗമിക്കുന്നതായി എല്ലായ്പ്പോഴും ഞാൻ കണ്ടിട്ടുണ്ട്. എന്തെന്നാൽ ഈ സ്വർഗീയസംരക്ഷകൻ തനിക്ക് ഭരമേല്പിച്ചിരിക്കുന്ന ആത്മാക്കളിൽ സവിശേഷമായവിധം ആത്മീയാഭിവൃദ്ധി വർഷിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്”.
സഭയ്ക്കും ലോകത്തിനും ഇന്നു യൗസേപ്പിതാവിന്റെ ശക്തമായ മാധ്യസ്ഥ്യം അവശ്യാവശ്യകമാണ്. എല്ലാവരും അദ്ദേഹത്തിന്റെ സുകൃതങ്ങൾ, വിശിഷ്യ, അദ്ദേഹത്തിന്റെ വിശ്വസ്തത നിറഞ്ഞു തുളുമ്പുന്ന സ്നേഹം അനുകരിക്കണം. പരിശുദ്ധ അമ്മയുടെ വിരക്തഭർത്താവ്, ഈശോയുടെ ഭൗമികപിതാവ്, എന്നീ നിലകളിലാണ് അദ്ദേഹത്തിന്റെ പുണ്യങ്ങളെല്ലാം വിളങ്ങി പ്രകാശിക്കുക.
വിവാഹവും കുടുംബവും, ദൈവത്തിന്റെ കരുണാർദ്രസ്നേഹത്തിൽ വിരിഞ്ഞ ദൈവിക പദ്ധതികളാണ്. ഇവ രണ്ടും ഇന്ന് അങ്ങേയറ്റം അപകടകരവും നാശകരവുമാംവിധം തകിടം മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനു നിരവധി ആളുകളെയും, സംഘടനകളെയും, വിവിധ തുറകളിൽ സാത്താൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മറ്റു വിനാശകരമായ പ്രവണതകളും പ്രതിസന്ധികളും കണക്കിലെടുക്കുമ്പോൾ മനസ്സിലാവുന്ന പരമപ്രധാന സത്യമിതാണ്. പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സവിശേഷ മാധ്യസ്ഥ്യം തേടുകയും അമ്മയുടെ വിമല ഹൃദയത്തിനും യൗസേപ്പിതാവിനും എല്ലാവരും തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും ഇരുവരുടെയും പുണ്യങ്ങൾ ജീവിതത്തിൽ പകർത്തുകയും അത്യന്താപേക്ഷിതമാണ്.
യൗസേപ്പിതാവിനെ ആത്മീയ പിതാവായി സ്വീകരിക്കുകയും അവിടുത്തെ പുണ്യങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നതു വിശുദ്ധിയിൽ വളരാനും കൊറോണയും മറ്റു പ്രതിസന്ധികളും തരണം ചെയ്യാനും ഏറെ സഹായിക്കും. പ്രതിഷ്ഠയ്ക്ക് ശേഷം ചൊല്ലുന്ന ലുത്തീനിയ പതിനാറാം നൂറ്റാണ്ടു മുതലെങ്കിലും നിരവധി വിശുദ്ധർ പ്രാർത്ഥിച്ചു ഫലം (വിശുദ്ധി) നേടിയവരാണ്. വിശുദ്ധ പത്താം പീയൂസ് മാർപാപ്പ ഈ ലുത്തിനിയയും അനേകം ദണ്ഡ വിമോചനങ്ങൾ അനുവദിച്ചിട്ടുള്ളതുമാണ്. ഇതിലൂടെ യൗസേപ്പിതാവിന്റെ പുണ്യങ്ങളെയും അത്ഭുതങ്ങളെയും പറ്റി പഠിച്ചു പുണ്യജീവിതം നയിക്കാനും നന്മരണം പ്രാപിക്കാനും ഇത് സഹായിക്കും.
വിശുദ്ധ ക്ലെമെന്റ് മേരി ഹോഫർ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു :
ഞാൻ വിശുദ്ധ യൗസേപ്പിതാവിൽ അഭയം തേടുന്നു. അവിടുന്ന് എന്നെ പുണ്യവഴിയിൽ നടത്തട്ടെ!
ഈശോയെയും മറിയത്തെയും ആത്മാക്കളെയും സ്നേഹിക്കാനുള്ള അത്യുദാത്തമായ മാതൃകയാണ് യൗസേപ്പിതാവ് .
അനുഗ്രഹ പ്രദമായ ഒരു മധ്യസ്ഥ പ്രാർത്ഥനയാണ്
” ഈശോ, മറിയം, യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കേണമേ!”
ദണ്ഡവിമോചനങ്ങളുള്ള ഈ പ്രാർത്ഥന ആത്മാക്കളുടെ രക്ഷയ്ക്ക് ഏറെ സഹായകമാണ്.
യൗസേപ്പിതാവിന്റെ പുണ്യങ്ങൾ അഭ്യസിക്കുന്നതിലൂടെ ലോകത്തിന്റെമേൽ വലിയ സ്വാധീനം ചെലുത്താൻ നമുക്ക് കഴിയും.
എല്ലാറ്റിനേക്കാളും ഉപരിയായി നമുക്ക് ഈശോയെ സ്നേഹിക്കാം. നമ്മുടെ അമ്മയായ മറിയത്തെയും സ്നേഹിക്കാം. ഇവരോട് അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിനെ നമുക്ക് എങ്ങനെ സ്നേഹിക്കാതിരിക്കാൻ കഴിയും? പുണ്യങ്ങൾ അനുകരിച്ചാൽ മാത്രം പോരാ, അവിടുത്തെ സ്നേഹിക്കുകയും ആദരിക്കുകയും വേണം (വി. മാഗ്ദലൻ സോഫി ബാററ്റ്).
പ്രതിഷ്ഠാ പ്രാർത്ഥന
എന്റെ വഴികാട്ടിയും അത്യുദാത്ത മാതൃകയുമായ വിശുദ്ധ യൗസേപ്പിതാവേ, എന്റെ ആത്മീയ പിതാവേ, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഓ പിശാചുക്കളുടെ ഭീതികാരണമേ, എന്നിൽ പുണ്യങ്ങൾ വർദ്ധിപ്പിക്കണമേ. ദുഷ്ടനിൽ നിന്ന് എന്നെ, എന്നന്നേക്കുമായി രക്ഷിക്കേണമേ ” എന്റെ ദൈവത്തെ ഒരുവിധത്തിലും മുറിവേൽപ്പിക്കാൻ എന്നെ അനുവദിക്കരുതേ! ഈശോയെയും പരിശുദ്ധ അമ്മയെയും വിശ്വസ്തതയോടെ അനുകരിച്ചുകൊണ്ടു,എന്റെ എല്ലാ ജീവിത ദൗത്യങ്ങളും അങ്ങയുടെ മേൽനോട്ടത്തിനും സംരക്ഷണത്തിനുമായി ഭരമേല്പിക്കുന്നു .
എന്റെ ഈശോയ്ക്കും അവിടുത്തെയും എന്റെയും മാതാവായ മറിയത്തിനും ഞാൻ നൽകിയ സമർപ്പണത്തോടുചേർത്ത് എന്റെ ആത്മാവും ശരീരവും അവയുടെ സകല കഴിവുകളും അങ്ങേയ്ക്ക് ഞാൻ ഭരമേൽപ്പിക്കുന്നു. എന്റെ ആത്മീയ വളർച്ചയും എന്റെ കുടുംബവും എന്റെ എല്ലാ ജീവിത വ്യാപാരങ്ങളും അങ്ങേയ്ക്ക് ഞാൻ ഭരമേൽപ്പിക്കുന്നു. എന്നെ ഒരിക്കലും പരിത്യജിക്കരുതേ!
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.