വിശുദ്ധരുടെ ജീവചരിത്രകാരന്മാരിൽ പ്രഥമനായ ആൾബെൻ ബട്ട്ലർ നാലഞ്ചു വരികളെ ജൂലിയനെപ്പറ്റി എഴുതിയിട്ടുള്ളൂ. ജൂലിയാന ഒരു രക്തസാക്ഷിണിയാണെന്നു നിശ്ചയമായി അറിയാം. വേദപാരംഗതനായ ബീഡ് തന്റെ മാർട്ടിറോളജിയിൽ, “ജൂലിയാനയുടെ നടപടികൾ” എന്ന ഗ്രന്ഥത്തെ അവലംബമാക്കി കൂടുതൽ വിവരങ്ങൾ വരുന്നുണ്ട്. പ്രസ്തുത ഗ്രന്ഥമനുസരിച്ച് ജൂലിയാന ജീവിച്ചിരുന്നത് നിക്കോഡൊമിയയിലാണ്. സെനറ്റർ എൽഐസിയൂസുമായി വിവാഹം നിശ്ചയിച്ചിരിക്കുമ്പോഴാണ് അവളുടെ രക്തസാക്ഷിത്വം.
ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതീയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്സിമിനിയാനൂസിന്റെ മർദ്ദനകാലത്ത് വളരെയേറെ പീഡനങ്ങൾക്കുശേഷം അവളുടെ ശിരസ്സ് ഛേദിക്കപ്പെടുകയാണുണ്ടായത്. താമസിയാതെ ഒരു കുലീനവനിതാ നിക്കോഡിമാ സന്ദർശിക്കാനിടയുകയും ജൂലിയാനയുടെ പൂജ്യാവശിഷ്ടം ഇറ്റലിയിലേക്ക് കൊണ്ടുപോയി കമ്പാനിയയിൽ സംസ്കരിക്കുകയും ചെയ്തു.
ജൂലിയാനയുടെ നടപടിപുസ്തകത്തിൽ പിശാചുമായി അവൾ നടത്തിയ സമരങ്ങൾ വിവരിച്ചിട്ടുണ്ട്. അതിനാലായിരിക്കണം വിശുദ്ധയുടെ ചിത്രത്തിൽ ഒരു പിശാചിനെ ശൃംഖലക്കൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ വലിച്ചിഴക്കുന്നതുമായി കാണുന്നത്.
ചിലർ കൂമായിലെ ജൂലിയാനയെയും നിക്കോഡൊമിയയിലെ ജൂലിയാനയും വെവ്വേറെ വ്യക്തികളായി കാണാതെ രണ്ടുപേരുടെയും ജീവചരിത്രം കൂട്ടിക്കുഴച്ചിട്ടുണ്ട്. വി. ജെറോമിന്റെയും വി. ഗ്രിഗറിയുടെയും ദൃഢമായ അഭിപ്രായം ജൂലിയാനയുടെ രക്തസാക്ഷിത്വം ഡിയോക്ളീഷ്യൻ ചക്രവർത്തിയുടെ കാലത്താണെന്നാണ് . ജാനുവാരിയ എന്ന ഒരു ഭക്തസ്ത്രീ വി. ജൂലിയാനയുടെ സ്തുതിക്കായി ഒരു ദൈവാലയം നിർമ്മിക്കുകയും അതിൽ രക്തസാക്ഷിണിയുടെ സ്വല്പം പൂജ്യാവശിഷ്ടം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വിചിന്തനം: രക്തസാക്ഷികളോട് പ്രാചീന ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന ഭക്തി എത്രയും തീക്ഷണമായിരുന്നുവെന്ന് ഓരോ ജീവചരിത്രം വായിക്കുമ്പോഴും നമ്മുക്ക് കൂടുതൽ സുവിദിതമാകുന്നതാണ്. വാസ്തവത്തിൽ ടെർടുളിയൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ രക്തസാക്ഷികളുടെ ചുടുനിണം ക്രിസ്ത്യാനികളെ ഉത്പാദിപ്പിക്കുന്ന ബീജമാണ്.