പരിശുദ്ധ കുർബാനയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് സങ്കീർത്തനങ്ങൾ. ദാവീദു രാജാവാണ് സങ്കീർത്തകൻ എന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യഹൂദർ സങ്കീർത്തന പുസ്തകത്തെ “സ്തുതിപ്പുകളുടെ പുസ്തകം”എന്നാണ് വിശേഷിപ്പിക്കുക. ഗ്രന്ഥത്തിൽ അങ്ങോളമിങ്ങോളം സ്തുതിപ്പിന്റെ വ്യക്തമായ സാന്നിധ്യമുണ്ട്. തന്റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ സ്തുതിക്കുക എന്നത് അവിടുത്തെ സൃഷ്ടികളായ ഓരോ മനുഷ്യന്റെയും സുപ്രധാന കടമയാണ്. സ്തുതിക്കുക,പുകഴ്ത്തുക, മഹത്വപ്പെടുത്തുക,വാഴ്ത്തുക, ആരാധിക്കുക ഇവയെല്ലാം ഒരേ യാഥാർത്ഥ്യത്തെയാണ്, സൃഷ്ടിക്ക് സൃഷ്ടാവിനോട് ഉണ്ടായിരിക്കേണ്ട സത്യസന്ധമായ ഹൃദയത്തെയാണ് സൂചിപ്പിക്കുക. ഇവയൊക്കെ അവയുടെ പൂർണ്ണമായ അർത്ഥത്തിൽ, ദൈവത്തിനു മാത്രം അർഹമായ ഹൃദയഭാവമാണ് ദൈവത്തെ വിശ്വസിക്കുന്ന ഈശ്വരോപാസനയുടെ ഉറവിടമായ സങ്കീർത്തനങ്ങളെ വിശേഷിപ്പിക്കാം. അവ മനുഷ്യൻ മഹോന്നതനു നൽകുന്ന സ്തുതിഗീതങ്ങൾ ആണ്. ഉണർവിന്റെ തുടികൊട്ടാണ് സംഗീതം എന്നും പറയാറുണ്ട്. ആ നിലയ്ക്ക് സങ്കീർത്തങ്ങളെ സ്തുതി കീർത്തനങ്ങൾ എന്ന് നിർവചിക്കാം.
‘ സ്തുതികളിൽ വസിക്കുന്നവൻ ‘ എന്നു ദൈവത്തെ ഉദ്ഘോഷിക്കാറുണ്ടല്ലോ. സങ്കീർത്തനം 4: 13 പ്രഘോഷിക്കുന്നു:ഇസ്രായേലിന്റെ ദൈവമായ കര്ത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ!
വീണ്ടും 72 :19ൽ നാം കാണുന്നു :അവിടുത്തെ മഹത്വപൂര്ണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ!.
സങ്കീർത്തനം 159: 52 ഹ്രസ്വവും വളരെ വ്യക്തവുമാണ്.കർത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ!.
106:48 വാഴ്ത്തുക,സ്തുതിക്കുക എന്ന രണ്ടു വാക്കുകൾ ഏതാണ്ട് പര്യായപദങ്ങൾ ആയി ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ കർത്താവ് എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ…. കർത്താവിനെ സ്തുതിക്കട്ടെ.
കർത്താവിനെ സ്തുതിക്കുവിൻ എന്ന് ആരംഭത്തിലും അവസാനത്തിലും പ്രഘോഷിക്കുന്ന സ്തുതി സങ്കീർത്തനങ്ങൾ ആണ് അവസാനത്തെ അഞ്ചു സങ്കീർത്തനങ്ങൾ(146-50).146,150 സങ്കീർത്തനങ്ങൾ, സങ്കീർത്തനങ്ങൾ മുഴുവന്റെയും ഉപസംഹാരം ആണ്. സ്തുതി സങ്കീർത്തനങ്ങളുടെ അവസാനഭാഗം സ്തുതി കീർത്തനങ്ങൾ ആവുന്നത് ന്യായവും യുക്തവും തന്നെ. പ്രാർത്ഥനയിലും ധ്യാനത്തിലും താല്പര്യമുള്ളവർക്ക്, നീതിമാൻമാർക്ക്, സങ്കീർത്തനങ്ങൾ മനനത്തിന്റെയും, പഠനത്തിന്റെയും, ജ്ഞാസരണി, സുകൃത സരണി, വിജയസരണി മലർക്കെ തുറക്കപ്പെടുന്നു.
സങ്കീർത്തനങ്ങളിൽ ഗുപ്തമായിരിക്കുന്ന ധാരാളമായ ക്രിസ്തു സൂചനകളെ (ഈശോയെ കുറിച്ചുള്ള പ്രവചനങ്ങൾ) പുതിയ നിയമം വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്. ലൂക്ക 24 :44 ൽ യേശു അരുളിച്ചെയ്തതു ശ്രദ്ധിക്കുക: “മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് എല്ലാം പൂർത്തിയാക്കേണ്ടിയിരിക്കുന്നു “. എന്ന തന്റെ വാക്യം ഉത്ഥിതൻ തന്റെ ശിഷ്യരെ അനുസ്മരിപ്പിക്കുന്നു. ഈശോയുടെ അനന്യത എല്ലാം അതിശാ യിത്വത്തെ സൂചിപ്പിക്കാൻ 110- ആം സങ്കീർത്തനം പലപ്രാവശ്യം പുതിയ നിയമത്തിൽ ഉദ്ധരിക്കപ്പെടുന്നുണ്ട്.