മിശിഹാ രാജൻ
സങ്കീർത്തന ഗ്രന്ഥത്തിലെ പ്രഥമ സ്തുതിഗീതം ആണ് എട്ടാം സങ്കീർത്തനം. ദൈവനാമത്തിന്റെ മഹത്വം ആണ് പ്രധാന പ്രമേയം. ഇതിനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.
1. ആകാശത്ത് (സ്വർഗത്തിൽ)
2. മനുഷ്യ – മനുഷ്യ ബന്ധത്തിൽ.
3. മനുഷ്യന്റെ നിസ്സാരതയിലും രാജത്വത്തിലും.
4. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ.
5. ദൈവത്തിന്റെ മഹത്വം ഭൂമിയിൽ (വാ.1,2; 3-5; 6-8;9 respectively ).
ദൈവനാമത്തിന്റെ മഹത്വമാണ് (വാ.1,9) സങ്കീർത്തനത്തിന്റെ ഉള്ളടക്കം. ഇക്കാരണത്താൽ ഇതര സങ്കീർത്തനങ്ങൾ നിന്നും തികച്ചും വ്യത്യസ്തമാണിത്.
” കർത്താവേ, ഞങ്ങളുടെ കർത്താവേ” എന്ന് അഭിസംബോധന ദൈവവും ഇസ്രായേലും( ദൈവവും ഞാനും തമ്മിലുള്ള ) തമ്മിലുള്ള ഉടമ്പടി ബന്ധത്തെ സൂചിപ്പിക്കുന്നു (നിയ.6:4). ” കർത്താവേ, ഞങ്ങളുടെ കർത്താവേ” ഭൂമിയിലെങ്ങും അങ്ങേ നാമം എത്ര മഹനീയം!”(വാ.9).
മനുഷ്യ ബന്ധത്തിലെ ദൈവനാമ മഹത്വമാണ് വാക്യം 2ൽ പ്രതിപാദിക്കുക. ” ശത്രുക്കളെയും രക്തദാഹികളെയും നിശബ്ദരാക്കാൻ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾ കൊണ്ട് സുശക്തമായ കോട്ട കെട്ടി “(വാ.2).
ദുർബല ജനതയെയാണ് “ശിശുക്കളും മുലകുടിക്കുന്ന കുഞ്ഞുങ്ങളും” പ്രതിനിധീകരിക്കുക.
യഹോവയുടെ പാവപ്പെട്ടവരാണവർ. അതിശക്തരും കഠിന ഹൃദയരും ക്രൂരമായ തങ്ങളുടെ എതിരാളികളെ നിരായുധീകരിക്കാൻ പോരുന്ന കരുത്ത് ദുർബലരായ അവരുടെ സ്തുതിപ്പുകൾക്കും പ്രാർത്ഥനകൾക്കും ദാനധർമങ്ങൾക്കും ഉണ്ട്.
ഇതിനു തെളിവായി നമുക്ക് അനുസ്മരിക്കാവുന്നതാണ് 1സാമുവേൽ 2 :1. ” ഹന്ന ഇങ്ങനെ പ്രാർത്ഥിച്ചു: എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു ” സംഗതമായ മറ്റൊരു വചനം കൂടി ഉദ്ധരിക്കാം. ” അവിടുന്ന് എന്നോട് അരുളിച്ചെയ്തു : നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ ബലഹീനതയിൽ ആണ് എന്റെ ശക്തി പൂർണമായും പ്രകടമാകുന്നത്. മിശിഹായുടെ ശക്തി എന്റെ മേലാവസിക്കേണ്ടതിന് ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെ കുറിച്ച് പ്രശംസിക്കും”( രണ്ടു കൊറി.12 :9 ).
രണ്ടാം വാക്യത്തിലെ ഹെബ്രായ മൂലത്തിൽ നിന്നുള്ള തർജ്ജിമ കുറെക്കൂടെ കൃത്യമാണ്. ” അങ്ങയുടെ പ്രതിയോഗികളെപ്രതി ശത്രുക്കളെയും രക്തദാഹികളെയും ഇല്ലാതാക്കാൻ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾ കൊണ്ട് ശക്തിക്കു അടിസ്ഥാനമിട്ടു”.
നൃപനും നിസ്സാരനുമായ മനുഷ്യനിലെ ദൈവമഹത്വം ആണ് 8: 3 – 5 വ്യക്തമാക്കുക. മനുഷ്യൻ എന്ന സമസ്യയെ കുറിച്ച് രണ്ട് ചിന്താധാരകൾ ഇവിടെയുണ്ട്.
1. നൃപൻ (3,5) 2. നിസ്സാരൻ (3,4).
സൃഷ്ടിയുടെ മണിമകുടമാണ് മനുഷ്യൻ. ” മഹോന്നതൻ” അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി. മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു “
(8:5). ഈ പ്രസ്താവന ഉല്പത്തി 12: 6 – 27 നോടു ചേർന്ന് പോകുന്നതാണ്. ദൈവഛായയിലും സാദൃശത്തിലും സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യൻ. അവന്റെ മഹത്വത്തിന്റെ അടിസ്ഥാനവും അതുതന്നെ. പുതിയനിയമത്തിലെ അവന്റെ പുത്രത്വവും അവകാശവും എല്ലാം ഈ വാക്യത്തിൽ നിഴലിക്കുന്നുണ്ട്. ” നാം ദൈവത്തിന്റെ മക്കൾ ആണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോട് ചേർന്ന് സാക്ഷ്യം നൽകുന്നു. ” നാം മക്കൾ എങ്കിൽ അവകാശികളും ആണ് ; ദൈവത്തിന്റെ അവകാശികളും മിശിഹായുടെ കൂട്ടവകാശികളും “
( റോമാ 8: 16- 17 ).
മനുഷ്യ – പ്രകൃതി ബന്ധത്തിലും ദൈവനാമ മഹത്വത്തിലും പ്രസ്പഷ്ടമാണ് (വാ.6-8). തന്റെ കരവേലയ്ക്കുള്ള അധികാരം ദൈവം മനുഷ്യന് നൽകിയിരിക്കുന്നു. സകലവും അവന്റെ പാദത്തിൽ കീഴാക്കിയിരിക്കുന്നു!(സങ്കീ. 101:1) ഏഴും എട്ടും വാക്യങ്ങൾ ഈ സത്യമാണ് വിളിച്ചോതുക.
ഈശോയുടെ ദൈവാലയ പ്രവേശന സമയത്ത് ഓശാന പാടിയ കുട്ടികളോട് കയർത്ത പ്രധാന പുരോഹിതനും നിയമജ്ഞ ർക്കുമായി ഈശോ ഉദ്ധരിച്ചത് 8:2.
“ശത്രുക്കളെയും രക്തദാഹികളെയും നിശബ്ദരാക്കാൻ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾ കൊണ്ട് സുശക്തമായ കോട്ട കെട്ടി”.
ഉത്ഥിതന്റെ പരമാധിപത്യത്തെ സൂചിപ്പിക്കാൻ പുതിയനിയമത്തിൽ പലയിടങ്ങളിലും സങ്കീ.8:6 ഉദ്ധരിച്ചിട്ടുണ്ട് (1കൊറി 15:27; എഫേ. 1:22 ; ഹെബ്ര 2:6-8).
ശിശുവിന്റെ ആദ്ധ്യാത്മകതയിലേക്ക് വിളിക്കപ്പെട്ടവനാണു (ളാണു )ഞാൻ ( മത്താ.11: 25; 28:13; 19:14). സ്വന്തം നിസ്സാരതയും ഒപ്പം രാജത്വവും തിരിച്ചറിയുന്നവനേ അർത്ഥവത്തായ ക്രൈസ്തവാസ്തിത്വമുള്ളൂ. സകലവിധ അധികാരങ്ങളും ദൈവദാനം ആണെന്ന സത്യം ആരും ഒരിക്കലും മറക്കരുത്.
സമനില തെറ്റിയ ഒരു ദയനീയ അവസ്ഥയുടെ സങ്കല്പ സൃഷ്ടിയാണ് ” സൂപ്പർമാൻ ” എന്നു പറയാതെ, പറയുന്നു, സങ്കീർത്തനം 8. ദൈവത്തിന്റെ പ്രതിനിധിയായി സ്വയം തിരിച്ചറിയുന്നവർക്കേ പ്രപഞ്ചത്തോട് നീതിപുലർത്താൻ ആവൂ. പരിസ്ഥിതിയുടെ കാവലാളാകാനാണ് എട്ടാം സങ്കീർത്തനം എന്നെയും നിങ്ങളെയും ക്ഷണിക്കുന്നത്.