ദൈവത്തോടൊത്തു പൊരുതുക
അറുപതാം സങ്കീർത്തനത്തിന്റെ ആദ്യഭാഗം ദൈവം തങ്ങളെ പരിത്യജിച്ച്, തങ്ങളുടെ പ്രതിരോധനിരകൾ തകർത്തു എന്ന പരാതിയാണ് പ്രകടമായി നിൽക്കുന്നത്. അതേ ശ്വാസത്തിൽ തന്നെ ‘ഞങ്ങളെ കടാക്ഷിക്കണമേ’ എന്ന് സാധകൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തിന്റെ പ്രതികരണം അവരെ വളരെ നിരാശരാക്കുന്നുമുണ്ട്. ദൈവം തങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു അഥവാ അവിടുന്ന് തങ്ങളോട് കോപിച്ചിരിക്കുന്നു എന്ന ചിന്ത സമൂഹ വിലാപങ്ങളുടെ ( സങ്കീർത്തനം 60 ഒരു സമൂഹ വിലാപഗാനം ആണ് ) ഒരു പ്രധാന പ്രമേയമാണ്. ദൈവം കോപത്തോടെ പ്രതികരിക്കുമ്പോഴാണ് ഇസ്രായേൽ പരാജയപ്പെടുന്നത്. മാത്രമല്ല അവർ അവിടുത്തെ മറക്കുന്ന അവസരങ്ങളിൽ അയൽരാജ്യങ്ങൾ തങ്ങൾക്കെതിരെ തലഉയർത്തുന്നതെന്നും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നതെന്നും അവർ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ദൈവം തങ്ങളുടെ പ്രതിരോധനിര കൾ തകർത്തു എന്നും ഭൂമിയെ വിറപ്പിച്ചു എന്നും ഭൂമി പിളർന്നു എന്നും ജനം വിലപിക്കുന്നത് .
അവൻ തുടരുന്നു : ഭൂമി ഇടിഞ്ഞുവീഴാറായിരിക്കുന്നു. ” അവിടുന്ന് സ്വന്തം ജനത്തെ കഠിന യാതനയ്ക്ക് ഇരയാക്കി. അവിടുന്ന് ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു “. പക്ഷേ, അവർ അവിടുത്തോട് തുടർന്ന് പ്രാർത്ഥിക്കുന്നു. വിള്ളലുകൾ നികത്തണമേ!രക്ഷിക്കേണമേ! തങ്ങൾ തെറ്റ് ചെയ്തു പോയി എന്ന് പറയാതെ പറയുന്ന വാക്യങ്ങൾ ആണ് ഇവയെല്ലാം.
ഭൂമിയെ വിറപ്പിച്ചു എന്നും പിളർന്നു എന്നുപറയുന്നത് ഭൂകമ്പത്തെ കുറിച്ച് ആവാം. പ്രതിസന്ധികളുടെ തിക്തഫലം അനുഭവിക്കുന്ന ജനത്തെ പരിഭ്രാന്തിയുടെ വീഞ്ഞു കുടിച്ചവർ ആയി ചിത്രീകരിക്കുന്നത് ഏറെ കാവ്യാത്മകം തന്നെ. എങ്കിലും അവരുടെ പ്രാർത്ഥന എല്ലാം ദൈവത്തോടാണ്. വില്ലിൽ നിന്ന് ഓടി അകലുന്നത് പരാജയത്തിന്റെ അടയാളമാണ്, സംശയമില്ല. എന്നാൽ കൊടിയടയാളം യുദ്ധത്തിന് ഒരുമിച്ച് കൂട്ടുന്നതിനെ സൂചിപ്പിക്കുന്നു. ഒരു കൊടി ക്കീഴിൽ ഒരുമിച്ചു നിന്നുള്ള യുദ്ധം വിജയത്തിന് നിദാനമാകുമെന്ന് സങ്കീർത്തകൻ പ്രത്യാശിക്കുകയാണ്.
രണ്ടാം ഭാഗം (60: 6 – 12 ) പലവിധത്തിലും ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാണ്. ദൈവം വിശുദ്ധമന്ദിരത്തിൽ നിന്ന് സംസാരിക്കുന്നു. ഈ വസ്തുത വ്യക്തമാക്കുന്നത് സമൂഹത്തിന്റെ വിലാപം ദൈവാലയ പശ്ചാത്തലത്തിൽ ആണെന്നാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ സാരാംശം ഇങ്ങനെ വ്യക്തമാക്കാം. ഇസ്രായേൽ എന്നും എപ്പോഴും ദൈവത്തിന്റെ സ്വന്തം ആണ്. ഗിലയാദ്, മനാസ്സേ അങ്ങനെ പരാമർശിത പ്രദേശങ്ങളെല്ലാം ഇസ്രായേൽ ഗോത്രങ്ങളുടെ ദേശങ്ങളാണ്. ‘അളന്നു തിരിക്കുന്നത്’ വിജയത്തിന്റെ അടയാളമാണ്.
ഇവിടെ ദൈവത്തെ വിജയശ്രീലാളിതനായ യോദ്ധാവായി, ആനന്ദത്തോടെ ദേശം എല്ലാം അളന്നു തിരിക്കുന്നവനായി ചിത്രീകരിക്കുന്നു. ഏദോം, മോവാബ്,ഫിലിസ്ത്യ എന്നീ രാജ്യങ്ങളെ ദൈവം തോൽപ്പിക്കുന്നതായി പുറപ്പാട് പുസ്തകത്തിൽ (പുറപ്പാട് 15: 17, 18) കാണുന്നുണ്ട്. ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ സർവ്വശക്തന്റെ സർവാധിപത്യം സ്ഥാപിച്ച് ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ്.
ഒമ്പത്, പത്ത് വാക്യങ്ങൾ (9,10) അനുവാചകനെ വിഷമിപ്പിക്കുന്നവയാണ്. ആദ്യ വാക്യങ്ങളിൽ പറയുന്ന ദൈവത്തിന്റെ കോപം,ജനത്തിന്റെ പരിതോപാവസ്ഥ, ഇവ അരക്കിട്ടുറപ്പിക്കുന്നതു പോലെയുണ്ട് 9, 10 വാക്യങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണെന്നും അത് അഖിലേശന്റെ അരുളപ്പാടിനോട് ചേർത്തു മനസ്സിലാക്കാനുള്ള സങ്കീർത്തകന്റെ സത്യസന്ധമായ പരിശ്രമം മാത്രമാണെന്നും മനസ്സിലാക്കാമെന്ന് തോന്നുന്നു.
എന്തായാലും സർവ്വേശ്വരന്റെ സജീവസാന്നിധ്യം സങ്കീർത്തകൻ നന്നായി മനസ്സിലാകുന്നുണ്ട്. വിജയം വിധാതാവിന് മാത്രമുള്ളതാണെന്നും ദൈവം കൂടെയുണ്ടെന്നുമുള്ള വിശ്വാസം അവസാന വാക്കുകളിൽ (11, 12) നന്നായി പ്രതിഫലിക്കുന്നുണ്ട്.
” ശത്രുവിനെതിരെ ഞങ്ങളെ സഹായിക്കണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമാണ്. ദൈവത്തോടൊത്ത് ഞങ്ങൾ ധീരരായി പൊരുതും ; അവിടുന്നാണ് ഞങ്ങളുടെ ശത്രുക്കളെ ചവിട്ടി മെതിക്കുന്നത് “.
ദൈവത്തെ കൂടാതെ ഒന്നും സാധ്യമല്ല എന്ന് ഏറ്റം ചൊല്ലുന്ന ഒരു സങ്കീർത്തനം ആണിത്. സഹനം നമ്മെ ദൈവത്തോടടുത്ത് നിൽക്കാനും അവിടുന്നിൽ ഉള്ള ശരണം ശക്തിപ്പെടുത്താനും സഹായിക്കണം. മനുഷ്യ സഹായം നൈമിഷികവും പലപ്പോഴും സ്വാർത്ഥ പ്രേരിതവുമായിരിക്കും. ഏതു വലിയ പ്രതിസന്ധിയിലും (കൊറോണ പോലെ) ദൈവത്തോടൊത്തു ധീരമായി പൊരുതാൻ ആഹ്വാനം ചെയ്യുന്നവയാണ് പ്രതിസന്ധികൾ. ഈ തിരിച്ചറിവിലേക്കാണ് ഈ പ്രാർത്ഥനാഗീതം നമ്മെ നയിക്കേണ്ടത്.