പ്രതിസന്ധികളിൽ വാളും പരിചയും
വിലാപകീർത്തനത്തിനു മകുടോദാഹരണമാണ് 59 ആം സങ്കീർത്തനം. 17 വാക്യങ്ങളുള്ള ഇതിന്റെ ഘടന അവ്യക്തമെന്ന് സൂചിപ്പിക്കാതെ വയ്യ. എങ്കിലും മൂന്നു ഭാഗങ്ങൾ ഉണ്ടെന്നു വേണം കരുതാൻ.
ശത്രുക്കളുടെ ക്രൂരതയും, രക്ഷിക്കണമേ എന്ന സാധകന്റെ അപേക്ഷയും ആണ് 1- 6.
7 -15 ശത്രുക്കൾക്കെതിരായ അർത്ഥനയും ദൈവിക സംരക്ഷണത്തിന് സ്തുതിയും. ദൈവത്തിനു സ്തുതികൾ അർപ്പിക്കുമെന്ന പ്രതിജ്ഞയാണ് 16,17.
ഒന്നാം ഭാഗത്ത് ശത്രുക്കളുടെ ക്രൂരതയെ കുറിച്ച് വിവരിക്കുന്നു. അവരുടെ കരാളഹസ്തങ്ങളിൽ നിന്ന് തന്നെ രക്ഷിക്കണമേ എന്ന് ദൈവത്തോട് അവൻ യാചിക്കുകയും ചെയ്യുന്നു. ശത്രുക്കൾ, എതിർക്കുന്നവർ, ദുഷ്കർമ്മികൾ, രക്തദാഹികൾ, തന്റെ ജീവനുവേണ്ടി പതിയിരിക്കുന്നവർ, ക്രൂരർ വഞ്ചനയോടെ തിന്മ നിരൂപിക്കുന്നവർ, നായ്ക്കളെപ്പോലെ ഓലിയിട്ടു നഗരത്തിലൂടെ നടക്കുന്നവർ, അസഭ്യം ചൊരിയുന്ന നാവിന്റെ ഉടമകൾ, ഗർവ്വിഷ്ടർ – ഇവയെല്ലാം സഹനദാസനായ സാധകൻ തന്റെ എതിരാളികൾക്ക് നൽകുന്ന വിശേഷണങ്ങളാണ്. എത്ര വലിയ മനോവ്യഥയാണ് അവർ ഭക്തനിൽ ഉളവാക്കുന്നതെന്ന് ഇവ ഓരോന്നും വ്യക്തമാക്കുന്നു.
ദൈവമോ അവന് ബലമായവനാണ്, കോട്ടയാണ്. കരയുന്നവനെ കനിവാർന്നു സന്ദർശിക്കുന്നവർ, ശത്രുക്കളുടെ പരാജയം കാണാൻ ഇടയാക്കുന്നവൻ, പരിച, അഭയം, സൈന്യങ്ങളുടെ ദൈവമായ കർത്താവ്, ഒറ്റവാക്കിൽ കാരുണ്യം കാണിക്കുന്നവനാണ്.
ശത്രുക്കളുടെ കയ്യിൽ നിന്ന് മോചനം, രക്ഷ, വിടുതൽ, സംരക്ഷണം, ഒരുത്തനെയും വെറുതെ വിടരുത്,ചിതറിച്ചു ക്ഷയിപ്പിക്കണം, കെണിയിൽ കുടുങ്ങണം, ക്രോധത്തോടെ സംഹകരിക്കണം, ഉന്മൂലനം ചെയ്യണം – ഇവയൊക്കെ നായകന്റെ പ്രാർത്ഥനകളാണ്. അവന്റെ ദുഃഖത്തിന്റെ ആധിക്യവും മനസ്സിന്റെ നൊമ്പരവും ഈ ആലോചനകൾ നിതരാം വ്യക്തമാക്കുന്നുണ്ട്.
സഹനസാഗരത്തിൽ മുങ്ങിത്താഴുമ്പോഴും അവൻ തന്റെ വിശ്വാസം, പ്രത്യാശ, ദൈവസ്നേഹം, ഇവയിൽ ലവലേശം പതറുന്നില്ല. ദൈവം ഉണർന്ന് എഴുന്നേറ്റ് അവന്റെ സഹായത്തിനെത്തുമെന്ന് അവന് ഉറപ്പാണ്. അതുകൊണ്ട് അവൻ അങ്ങേയ്ക്ക് സ്തുതി പാടും.
ഞാൻ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും. കാരുണ്യം ഉച്ചത്തിൽ പ്രകീർത്തിക്കും. ഞാൻ അങ്ങേയ്ക്ക് സ്തുതികളാലപിക്കും.
കീർത്തനത്തിൽ,രക്ഷകനെ ആവർത്തിച്ചു വിളിക്കുന്നതുവഴി, യാചനയുടെ അടിയന്തര സ്വഭാവവും വിടുതലും രക്ഷയും നൽകാൻ അവിടുത്തേക്ക് കഴിയുമെന്നുള്ള ഭക്തന്റെ ഉറപ്പും വ്യക്തമാക്കുന്നു. തന്റെ സഹനം തന്റെ തെറ്റിന്റെ ശിക്ഷയല്ലാത്തതുകൊണ്ട്, തമ്പുരാൻ തന്നെ സഹായിക്കാൻ ബാധ്യസ്ഥനാണെന്ന ബോധത്തിലാണ് സാധകൻ.
സൈന്യങ്ങളുടെ ദൈവമായ കർത്താവ്, ഇസ്രായേലിന്റെ ദൈവം എന്നീ സംബോധനകൾ, ഇസ്രായേലിനെതിരേ യുദ്ധം ചെയ്യുന്നവരെ പരാജയപ്പെടുത്താൻ പരാപരൻ തന്റെ സ്വർഗീയ സൈന്യവുമായി വരുമെന്ന ഇസ്രായേലിന്റെ സങ്കൽപമാണിവിടെ അവതരിപ്പിക്കപ്പെടുക. അഞ്ചും ആറും വാക്യങ്ങൾ ചേർത്തുവായിക്കുമ്പോൾ ശത്രു വിജാതീയസൈന്യമാണെന്നാണു തോന്നുക. ഓരിയിടുന്നതും മുറുക്കുന്നതും (വാ.6) അസംതൃപ്തിയെ സൂചിപ്പിക്കുന്നു.
നീതിമാൻ എതിർക്കപ്പെടുന്നത് അവൻ ശരി ചെയ്യുന്നു എന്നതുകൊണ്ടാണ്. ദുഷ്ടന്റെ തെറ്റുകൾക്ക് അവൻ കൂട്ടു നിൽക്കാത്തതുകൊണ്ടും അവനെ ചൂഷണം ചെയ്യാൻ വേണ്ടിയുമാണ്. ഇന്നത്തെ സാഹചര്യത്തിൽ നീതിമാന്മാർ ന്യൂനപക്ഷമായ ഇവ്വിധം, നന്മ ചെയ്യുന്നു എന്നതിന്റെ പേരിൽ, തെറ്റിന് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ, വളരെ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇന്ന് നീതിമാൻ നോട്ടപ്പുള്ളി ആണ്! ഈ സാഹചര്യങ്ങളിൽ തളരാതെ, തകരാതെ, പിടിച്ചുനിൽക്കാൻ ദൈവസഹായം അവന് (അവർക്ക്) അത്യന്താപേക്ഷിതമാണ്.
ദൈവം അഭയവും കോട്ടയുമാണെന്ന ബോധ്യത്തിൽ ജീവിക്കാൻ ഈ ഗീതം ഏവർക്കും എന്നും പ്രചോദനമാവട്ടെ!.