കർത്താവിലെന്നുമെപ്പോഴും ആശ്രയം
അമ്പത്തിയാറാം സങ്കീർത്തനം ഏത് ഗണത്തിൽ പെടുന്നു എന്നതിനെക്കുറിച്ച് പണ്ഡിതർ ഭിന്നാഭിപ്രായക്കാരാണ്. ശീർഷകം ഉൾപ്പെടുത്താതെ ഇതിനെയും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്.1-7 ദൈവത്തോടുള്ള അപേക്ഷ.8-13 ദൈവത്തിലുള്ള പ്രത്യാശയും അവിടത്തോടുള്ള കൃതജ്ഞതയും ഏറ്റു പറയുന്ന പ്രാർത്ഥന.
ഒന്നാം ഭാഗത്തെ 3,4 വാക്യങ്ങൾ ഒഴികെ ബാക്കിയുള്ളവ ശത്രുവിനെതിരെയുള്ള പരാതിയും പ്രാർത്ഥനയുമാണ്. നീതിമാനും സഹനദാസനുമായ സങ്കീർത്തകനു വേണ്ടി ദൈവം ചെയ്തതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ പ്രതിപാദിക്കപ്പെടുന്നു. ദൈവസഹായം പ്രാപിക്കുന്നതിനുള്ള നേർച്ചകൾ നിറവേറ്റുമെന്നും കൃതജ്ഞതാബലി അർപ്പിക്കാം എന്നുള്ള പ്രതിജ്ഞയും രണ്ടാംഭാഗത്തിന്റെ അവസാനം കാണാം. കരുണാപൂർവ്വമായ മറുപടിക്കുവേണ്ടി ദൈവത്തോട് കേഴുന്ന സാധകനെ ആണ് 1-7 വാക്യങ്ങളിൽ കാണുക. ശത്രുക്കളുടെ ദ്രോഹങ്ങളെ അക്കമിട്ട് പറഞ്ഞുകൊണ്ട് കർത്താവിന്റെ കരുണയ്ക്കുവേണ്ടി നിലവിളിക്കുന്ന സഹദാസനെയാണ് അനുവാചകൻ കണ്ടുമുട്ടുന്നത്.
ശത്രുക്കളുടെ നിരവധിയായ ദ്രോഹങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് സങ്കീർത്തകൻ കരുണയ്ക്കു വേണ്ടി യാചിക്കുന്നത്. ഈ ശത്രുക്കൾ ഇസ്രായേല്യർ, സ്വന്തം വംശം തന്നെയാണെന്ന തിരിച്ചറിവ് അവനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. അവർ അനേകരാണുതാനും. ദൈവത്തിനുള്ള പരിപൂർണ്ണ ആശ്രയത്വം വെളിവാക്കി, അങ്ങനെ പിടിച്ചു നിൽക്കുന്നതിനുള്ള ശക്തി സംഭരിക്കാനാണ് ശ്രമം. ദൈവത്തിൽ ആശ്രയിക്കുന്ന തന്നെ മർത്യന് ഒന്നും ചെയ്യാനാവില്ല എന്ന അചഞ്ചലമായ വിശ്വാസം എവിടെയും കാണാം (വാ.14).
ജീവനും ജീവദാതാവുമായ ദൈവത്തിന്റെ മുമ്പിൽ മർത്ത്യൻ വെറും ജഡം മാത്രം. ദൈവത്തോട് മത്സരിക്കാൻ അവൻ അശക്തമാണ്. ഇപ്രകാരം ദൈവത്തിൽ ആശ്രയിക്കുന്നവർ തന്നെ ദ്രോഹിക്കുന്നവർക്കെതിരെ നീതിപൂർവ്വമായ വിധി നടത്തണമെന്ന് ദൈവത്തോട് യാചിക്കുന്ന പ്രാർത്ഥനയോടെ ഒന്നാം ഭാഗം അവസാനിക്കുന്നു.
വാക്യം 8-13 ലെ പ്രതിപാദ്യം തന്റെ പക്ഷത്ത് ആയിരിക്കുന്ന പരാപരനാണ്, അവനു വേണ്ടി അവിടുന്ന് ചെയ്ത നന്മകൾ ആണ്. ” അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട് ;എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് “(വാക്യം 8 ). ഈ തിരിച്ചറിവ് ഭക്തനെ പ്രത്യാശയുടെ പ്രതീകമാക്കുന്നുണ്ട്. അവന്റെ പ്രത്യാശയുടെ ആഴം 10,11 വാക്യങ്ങളും വ്യക്തമാക്കുന്നു.
” ഞാൻ ആരുടെ വചനം കീർത്തിക്കുന്നുവോ, ആ ദൈവത്തിൽ, ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ ആ കർത്താവിൽ, നിർഭയനായി ഞാൻ ആശ്രയിക്കും ; മർത്യന് എന്നോട് എന്ത് ചെയ്യാൻ കഴിയും? “.
താൻ ദൈവസന്നിധിയിൽ, ജീവന്റെ പ്രകാശത്തിൽ സഞ്ചരിക്കുന്നതിനു വേണ്ടിയാണ് ദൈവം തന്റെ ജീവനെ മരണത്തിൽ നിന്നും, തന്റെ പാദങ്ങളെ വീഴ്ചയിൽ നിന്നും രക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കികൊണ്ട് ഗീതത്തിന് തിരശ്ശീല വീഴുന്നു.
56 ആം സങ്കീർത്തനത്തിന്റെ സന്ദേശം സാർവ്വത്രികവും നിത്യ നൂതനവും ആണ്. ദൈവത്തിൽ ശരണം വയ്ക്കുന്നവനോട് മനുഷ്യർക്ക് ഒന്നും ചെയ്യാനാവില്ല. പ്രശ്നം, ആരിലാണ് നമ്മുടെ ആശ്രയം എന്നതാണ്.
കൂടക്കൂടെ ആത്മശോധന നടത്തികൊണ്ടിരിക്കാനും, ലക്ഷ്യം തെറ്റാതെ മുന്നേറാനുമുള്ള ആഹ്വാനവുമാണ് ഈ പ്രാർത്ഥനാഗീതം നമുക്ക് നൽകുന്നത്. സമ്പത്തിനും ജീവിത സുഖത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ എക്കാലവും ഉണ്ടായിരിക്കും. ഇക്കാലത്ത് ഈ പ്രവണത പൂർവ്വാധികം പ്രബലപ്പെടുന്നുമുണ്ട്. കെണിയിൽ പെട്ട് ആത്മനാശം സംഭവിക്കാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുകയും കിണഞ്ഞു പരിശ്രമിക്കുകയാണ് എന്റെയും നിങ്ങളുടെയും ജീവൽ പ്രധാനമായ ഉത്തരവാദിത്വം.
ദൈവഭക്തന് ദൈവം ആണ് ഏക ആശ്രയം. അവിടുന്ന് അവന്റെ ജീവനെ മരണത്തിൽ നിന്നും പാദങ്ങളെ വീഴ്ച നിന്നും രക്ഷിക്കും(വ.13). ” ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും ” ( റോമ 8 :31 ). എപ്പോഴും ദൈവസ്നേഹത്തിലായിരിക്കുന്നവനെ പരപരൻ കാത്തു പാലിക്കും.