ദുഃഖത്തിന്റെ പര്യായം
നാൽപത്തിമൂന്നാം സങ്കീർത്തനത്തെ 42ന്റെ തുടർച്ചയായി കാണുന്നവരുണ്ട്. 42 പോലെ ഇതും വ്യക്തിയുടെ വിലാപമാണ്. നിരവധി യാചനകൾ ഇതിലുണ്ട്. നീതി നടത്തി തരേണമേ! അധർമ്മി കൾക്കെതിരെ എനിക്ക് വേണ്ടി വാദിക്കണമേ. വഞ്ചകരും നീതിരഹിതരുമായവരിൽ നിന്ന് എന്നെ മോചിപ്പിക്കണമേ!. പരിത്യക്തനായ വിലാപത്തിന്റെ മനുഷ്യനെയാണ് ഇതിൽ നാം കണ്ടുമുട്ടുക (വാ.1,2).
വാക്യം 1 -5ൽ മാരക രോഗബാധിതനായ സങ്കീർത്തകനെ ശത്രുക്കൾ നിഷ്കരുണം കുറ്റപ്പെടുത്തുന്നു. തനിക്ക് നീതി നടത്തി തരുന്നതിനും തന്റെ ദയനീയാവസ്ഥയിൽ കരുണാപൂർവ്വം ഇടപെടുന്നതിൽ കർത്താവിന്നോട് കേണപേക്ഷിക്കുന്നു. വഞ്ചനയും ക്രൂരതയും നുണയും പരിഹാസം കുറ്റാരോപണവുമാണ് ശത്രുക്കൾ അവന് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അവിടുത്തെ വിശ്വസ്തതയും പ്രകാശവും ഉറപ്പാക്കാനാണ് അവൻ പ്രാർത്ഥിക്കുന്നത്. ഇവ സംരക്ഷണവും സൗഖ്യവും അവന് സൗലഭ്യമാക്കുന്നതിന് പുറമേ ദൈവ സന്നിധാനത്തിൽ വിശുദ്ധ ഗിരിയിൽ, ദൈവ നിവാസത്തിൽ അവനെ എത്തിക്കുകയും ചെയ്യുന്നു. അവിടെ കർത്താവിന്റെ അൾത്താരയ്ക്ക് സമീപം നിന്ന് അവനു സ്തോത്ര ഗാനം, കൃതജ്ഞത ഗീതം ആലപിക്കണം.
പക്ഷാപാതത്തിന് അതീതനായി, മുഖം നോക്കാതെ, ന്യായം വിധിക്കുന്ന ദൈവത്തോട് നീതി നടത്തിത്തരാൻ അപേക്ഷിക്കുക ഏറെ ആശ്വാസകരം തന്നെ. ശുദ്ധ മനസ്സാക്ഷിയുള്ള വനു ഭയപ്പെടേണ്ട ആവശ്യമേ ഇല്ല. നമ്മൾ ശുദ്ധ മനസ്സാക്ഷിയുടെ ഉടമകൾ എങ്കിൽ, ലക്ഷ്യങ്ങൾ നല്ലതെങ്കിൽ നിത്യ വിധിയാളൻ തന്നെയായിരിക്കും നമുക്കുവേണ്ടി വാദിക്കുക. ഒന്നിന്റെ പേരിലും ഒരുവനും തിന്മ പ്രവർത്തിക്കാൻ അവകാശമില്ല. ദൈവ ദാസരുടെ ശത്രുക്കൾ തിന്മയുടെ ആൾരൂപങ്ങളും അജയ്യ രും ആയിരിക്കാം. ഇവരെ പ്രതിരോധിക്കാൻ ദൈവദാസർക്ക് കർത്താവിലേക്ക് മാത്രമാണ് സഹായത്തിനായി തിരിയാൻ സാധിക്കുക. ഒപ്പം സ്വയം പരിശോധന നടത്തുകയും വേണം. നടുക്കടലിൽ ആയിരിക്കുമ്പോൾ ദൈവത്തിൽനിന്ന് നിർദേശവും പ്രകാശവും ആശ്വാസവും വിശ്വസ്തതയും തേടണം, ഉള്ളുരുകി പ്രാർത്ഥിക്കുക വിളിച്ചപേക്ഷിക്കുക അത്യന്താപേക്ഷിതം തന്നെ. 42 43 സങ്കീർത്തനങ്ങൾ വല്ലഭനെ തേടിയുള്ള വിലാപമാണ്. സഹ ത്തിന്റെ ആഴം കൊണ്ടാവാം 42:4,11ലും ആവർത്തിക്കുന്നത്. 43: 5 ഇതിന്റെ ആവർത്തനമാണ്. നിത്യ പ്രകാശമേ നയിച്ചാലും എന്നതാണ് ഭക്തന്റെ പ്രമേയം.
” അങ്ങ് എന്നെ പിന്തള്ളിയതെന്ത് കൊണ്ട്? എന്ന ചോദ്യം സങ്കീർത്തകന്റെ സഹന ത്തിന്റെ ആഴം തന്നെയാണ് വ്യക്തമാക്കുക.
നമ്മുടെ തീർത്ഥാടന നാളുകളിൽ പ്രതിസന്ധികൾ മൂലം തളർന്നു പോകാതിരിക്കാൻ, ദൈവമാകുന്ന പരമാനന്ദത്തെ നിരന്തരം അനുസ്മരിക്കുക. കൊടുങ്കാറ്റിൽ കപ്പലിനു നങ്കൂരം ഒഴിച്ചുകൂടാനാവാത്തത് പോലെ, തകർച്ചകളിൽ ദൈവമാകുന്ന പരമാനന്ദത്തിൽ പ്രത്യാശ അർപ്പിച്ചു നമുക്ക് യാത്ര ചെയ്യാം.