ലോകത്തെ നീതിപൂർവം ഭരിക്കുന്ന പരാപരന്റെ വലിയ പരിപാലനയാണ് മുപ്പത്തിയേഴാം സങ്കീർത്തനത്തിലെ ഇതിവൃത്തം. ചില ദുഷ്ടരുടെ അഭിവൃത്തി കൊഴുപ്പ് കാണുമ്പോൾ ചിലർക്കെങ്കിലും ദൈവപരിപാലനയിൽ സംശയം തോന്നാം. ഇത്തരം സാഹചര്യങ്ങളിൽ കാത്തിരിക്കുക, കർത്താവിൽ പരിപൂർണ്ണമായി ആശ്രയിക്കുക, തഴച്ചുവളരുന്ന ദുഷ്ടരുടെ അന്ത്യത്തിലേക്ക് ഉറ്റുനോക്കുക. ഇങ്ങനെയുള്ളവർക്ക് ഇഹലോകത്ത് വെച്ച് തന്നെ അവരുടെ നന്മയ്ക്ക് പ്രതിസമാധാനവും തിന്മയ്ക്ക് ആനുപാതികമായ ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുന്നതും കാണാൻ കഴിയും.
ദുഷ്ടർക്കെതിരെ രോഷാകുലനായ ഒരുവന് സാധകൻ നൽകുന്ന ഉപദേശമാണ് (37: 1- 11 ). ദുഷ്ടരെ കണ്ട് അസ്വസ്ഥൻ ആവുകയോ അസൂയപെടുകയോ വേണ്ട. അവർ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങി പോകും. ദൈവത്തിൽ വിശ്വാസമർപ്പിച്ചു നന്മ ചെയ്യുക. ഭൂമിയിൽ സുരക്ഷിതനായി ഇരിക്കുന്നതിന് അതു സഹായിക്കും. ആഗ്രഹങ്ങൾ സാധിച്ചു തരുന്ന കർത്താവിൽ ആനന്ദിക്കുക. ജീവിതം അവിടുത്തെ ഭരമേൽപ്പിക്കുക. കർത്താവിൽ വിശ്വാസമർപ്പിക്കുക, അവിടുന്ന് പരിപാലിച്ചു കൊള്ളും. അവിടുന്ന് നീതി നടത്തി തരും. അവകാശം സാധിച്ചുതരും. ” കർത്താവിന്റെ മുമ്പിൽ സ്വസ്ഥനായി ഇരിക്കുക. ക്ഷമാപൂർവം അവിടുത്തെ കാത്തിരിക്കുക. ദുഷ്ടതയിലൂടെ അഭിവൃദ്ധി നേടുന്നവനെ കണ്ട് അസ്വസ്ഥനാകേണ്ട. കോപ ക്രോധങ്ങൾ വെടിയുക. പരിഭ്രമിക്കരുത്. ദുഷ്ടർ ഭൂമിയിൽ നിന്നു വിച്ഛേദിക്കപ്പെടും. നീതിമാൻ ഭൂമി അവകാശമാക്കും. ഐശ്വര്യത്തിൽ അവർ ആനന്ദിക്കും. (ശാന്തശീലർ ഭൂമി അവകാശമാക്കും). ഭൂമി സുരക്ഷിതമായിരിക്കാൻ നന്മ ചെയ്യുക. തിന്മ വർജ്ജിക്കുക. ജീവിത ഭാരങ്ങൾ കർത്താവിന് കയ്യാളിക്കുക. അവിടുന്ന് എല്ലാം ലഘു ആക്കും . നീതിമാൻ നീതി സൂര്യനെപ്പോലെ പ്രകാശിക്കും. ദൈവത്തിന് പരിപൂർണമായി വിധേയപ്പെട്ട് ജീവിക്കുന്നവർ അവിടുത്തെ സ്വന്തമാണ്. അവർക്ക് ധാരാളം ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നു. ദുഷ്ടന് നേട്ടം ഉണ്ടാവുമ്പോൾ നിശബ്ദതയിൽ കർത്താവിനു വേണ്ടി കാത്തിരിക്കുക. അസ്വസ്ഥനാകുന്നത് ശരിയല്ല. നീതിമാന്റെയും ദുഷ്ടന്റെയും അവസ്ഥകൾ തമ്മിൽ അജഗജാന്തരമുണ്ട്. നീതിമാൻ (എളിയവൻ )ദൈവകരങ്ങളിൽ നിന്ന് എല്ലാം അനുഭവങ്ങളും സമചിത്തതയോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു ; ദുഷ്ടൻ നേരെ മറിച്ചും പ്രവർത്തിക്കുന്നു (വാക്യം 1-11).
ദുഷ്ടൻ നീതിമാനെതിരെ ഗൂഢാലോചന നടത്തുകയും പതിയിരിക്കുകയും ചെയ്യുന്നു. പലപ്പോഴും നീതിമാൻ ഏറെ സഹിക്കുകയും ബലഹീനനാവുകയും ചെയ്യാറുണ്ട്. പക്ഷേ അവൻ കർത്താവിൽ അവിടുത്തെ ശക്തിയിൽ ആശ്രയിക്കുന്നു. ദുഷ്ടന്റെ നാശം അവിടുന്ന് മുൻകൂട്ടി കാണുന്നു. അങ്ങനെ അവിടുന്ന് ചിരിക്കുന്നു.
” ദുഷ്ടരുടെ വാൾ അവരുടെ തന്നെ ഹൃദയം ഭേദിക്കും( വാക്യം 15 ). ദുഷ്ടന്റെ മാരകായുധങ്ങൾ അവനുതന്നെ വിനയാകുന്നു. നീതിമാന്റെ എളിയ സമ്പത്ത് ദുഷ്ടന്റെ വലിയ സമ്പത്തിനേക്കാൾ ശ്രേഷ്ഠമാണ്. പോരെങ്കിൽ,കർത്താവ് തന്നെയാണ് അവന്റെ വലിയ സമ്പത്ത്. ദുഷ്ടന്റെ പ്രവർത്തികൾ അസ്തമിക്കുന്ന ദിനം ആസനമാണ്. എന്നാൽ കർത്താവ് നീതിമാനെ എന്നും തുണയ്ക്കും.
” ദുഷ്ടന്റെ ഭുജം തകർക്കപ്പെടും; നീതിമാനെ കർത്താവ് താങ്ങും (വാക്യം 17). (വാക്യം 12- 20 ).
നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസം ഇതാണ്. ദുഷ്ടൻ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരിക്കുമ്പോഴും നീതിമാന് ദാനം ചെയ്യാനും പണമുണ്ട്. ദുഷ്ടൻ ശപിക്കപ്പെടുമ്പോൾ നീതിമാൻ ഭൂമി അവകാശമാക്കു ന്നു, നിരവധിയായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നു. നീതിമാന്റെ എല്ലാ പ്രവർത്തനങ്ങളിലും കർത്താവിന്റെ സഹായഹസ്തങ്ങൾ നീട്ടപ്പെടുന്നു. ഒരിക്കലും കർത്താവ് അവനെ കൈവെടിയുകയില്ല( 21- 29 ).
ദൈവത്തിന്റെ ജ്ഞാനവും നീതിയും കൈമുതലായുള്ള നീതിമാൻ തളരാതെ മുന്നേറുന്നു. അവനെ വിധിക്കുന്നതിനു വേണ്ടി ദുഷ്ടന്മാർ പതിയിരിക്കും. എന്നാൽ ദൈവം അത് അനുവദിക്കില്ല. ദുഷ്ടർ തൽക്കാലത്തേക്ക് പ്രബലരായെന്നുവരാം. പക്ഷേ അത് നിലനിൽക്കുകയില്ല. ദുഷ്ടന്റെ അന്ത്യം നാശമാണ്. ദൈവത്തിൽ ആശ്രയിക്കുന്നവർ രക്ഷ,ഐശ്വര്യം സഹായം,അഭയം, അനുഗ്രഹം പ്രാപിക്കും. അന്ത്യമാണ് പ്രധാനപ്പെട്ടത്. എല്ലാ സഹായങ്ങളുടെ ഉറവിടമായ കർത്താവിൽ നിന്നാണ് നീതിമാൻ സഹായം പ്രാപിക്കുന്നത്. ദുഷ്ടരുടെ ഉപദ്രവം നിരന്തരം തുടരുന്നതുപോലെ കർത്താവിന്റെ സഹായവും നിരന്തരം തുടരും.
കർത്താവ് മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുന്നു. ഈ സത്യമാണ് സങ്കീർത്തനം എടുത്തുകാട്ടുന്നത്. ഇതിൽ ധാരാളം വാഗ്ദാനങ്ങളും അനുഭവങ്ങളും ഉപദേശങ്ങളും ഉൾചേർത്തിട്ടുണ്ട്. കൃതജ്ഞതയോടെ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരും അവിടത്തെ പൂർണ്ണതയിൽ പങ്കുചേർന്ന് ജീവിക്കുന്നവരും ഉണ്ട്.
സ്വന്തം ഐശ്വര്യം മാത്രം തേടുന്ന അഹങ്കാരികൾ ലോകത്ത് കുറവൊന്നുമല്ല. ദൈവത്തിൽ പരിപൂർണ്ണമായ ആശ്രയിച്ചു ജീവിക്കുന്ന നീതിമാനെ വകവരുത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരും ഒട്ടും കുറവല്ല . ഈ ദുഷ്ടർക്ക് ദൈവഭയം തെല്ലുമില്ല. സ്നേഹത്തിന്റെ യും കരുണയുടെയും സംസ്കാരമാണ് പുതിയനിയമം അവതരിപ്പിക്കുക. ശത്രു സ്നേഹത്തിലേക്ക് പോലും നീളുന്ന അത്യുദാത്ത സ്നേഹം അഭ്യസിക്കാൻ കടപ്പെട്ടവരാണ് നമ്മൾ.
ദൈവപരിപാലനയ്ക്ക് നിഗൂഢതയുടെ ഒരു മാനമുണ്ട്. നീതിമാന് അനർത്ഥങ്ങളും കഷ്ടപ്പാടുകളും ദുഷ്ടനു സുഖവും ഐശ്വര്യവും ഉണ്ടായെന്നുവരാം. നന്മയെ മുറുകെ പിടിച്ച് മഹോന്നതന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുക. ” അസ്വസ്ഥരാകേണ്ട നിങ്ങൾ വിശ്വാസ ദീപം തെളിക്കൂ ( യോഹന്നാൻ 14 :1 ). കോപവും ദ്വേഷവും അസൂയയും ആരെയും എങ്ങുമെത്തിക്കുകയില്ല. മനുഷ്യൻ ഈ ലോകത്തിലേക്ക് വെറുംകൈയോടെ വന്നു. വെറുംകൈയോടെ ഇവിടെനിന്ന് പോവുകയും ചെയ്യും. ഈ പ്രകൃതി നിയമത്തിന് ഒരുവനും അപവാദമില്ല . എവിടെനിന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് അറിയുന്നവൻ ഭാഗ്യവാൻ. മനുഷ്യന് അവശ്യം ആവശ്യമായത് ബോധപൂർവം നന്മ ചെയ്ത് ജീവിക്കുക എന്നതാണ്. ഒരു വല്യച്ചൻ(an old Catholic priest) എന്ന് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു ;” എന്റെ ദൈവമേ, ആരെയും വേദനിപ്പിക്കാതെ, സാധിക്കുന്ന നൻമ ഏവർക്കും ചെയ്തു, വിനയപൂർവ്വം ജീവിച്ചു മരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ! എത്ര അനുഗ്രഹീതം! എത്ര അനുകരണീയം!
ദൈവത്തിന്റെ തിരുവിഷ്ടം നിറവേറട്ടെ എന്ന് ശ്ലാഘനീയമായ മനോഭാവത്തോടെ പ്രാർത്ഥിക്കുന്നവർക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അഖിലേശൻ നൽകും; തീർച്ച. ഇതാണ് മുപ്പത്തിയേഴാം സങ്കീർത്തനത്തിലൂടെ സങ്കീർത്തകൻ ലോകത്തോട് വിളിച്ചു പറയുക. ദുഷ്ടന്റെ നേട്ടങ്ങൾ തകർന്നടിയുമ്പോഴും നീതിമാൻ നിത്യം, നിരന്തരം, നിഖിലേശസുതർക്കു അവകാശമായ അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കും.
നീതിമാനോട് യുദ്ധം ചെയ്യുന്നവൻ പരമ പരാജയത്തിന്റെ കൈപ്പ് അനുഭവിക്കും. എല്ലാം കാണുന്ന, എല്ലാം അറിയുന്ന,തമ്പുരാൻ തന്റെ സൃഷ്ടിയായ മനുഷ്യന്റെ അല്പത്തം, ഭോഷത്തം കണ്ടു ഊറിച്ചിരിക്കും, ഉറപ്പ്. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ! മാളിക മുകളിലിരിക്കുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ!.
“കെണി വയ്ക്കുന്നവൻ കെണിയിൽ വീഴും”. “താൻ കുഴിയിൽ താൻ താൻ തന്നെ
ചാടും “. ” വാളെടുക്കുന്നവൻ വാളാലെ മരിക്കും “. അനീതിയുടെ മേൽ അടയിരുന്ന സമൃദ്ധി നേടുന്നതിനേക്കാൾ എത്രയോ മഹത്വമമാണ് തഴമ്പു പിടിച്ച കൈ കൊണ്ട് ഉണ്ടാക്കിയ അല്പം!.
ദൈവത്തിന്റെ അനന്ത നന്മയും പരിപാലനയും മനുഷ്യ ജീവിതത്തിന്റെ സകല തലങ്ങളെയും സ്പർശിക്കുന്നു. സമ്മതിച്ചാലും ഇല്ലെങ്കിലും ഇത് കറതീർന്ന സത്യമാണ്. ദൈവസ്നേഹവും ആശ്രയവും സഹോദരസ്നേഹവും കരുണയും കരുതലും വരുംതലമുറയ്ക്കെങ്കിലും അവകാശമായി കൊടുക്കേണ്ടവർ ആണ് നമ്മൾ. ഉണ്ടെങ്കിലേ കൊടുക്കാനാവൂ. Nemo dat quod non habet.