പ്രബോധനപരമായ ഒരു വിലാപഗാനം ആണ് സങ്കീർത്തനം 36. വാക്യം 1- 4 ദൈവഭയം ഇല്ലാത്തവരുടെ ജീവിതം വരച്ചുകാട്ടുന്നു ; 5 – 11 ദൈവ ഭക്തരുടെ സംതൃപ്തമായ ജീവിതവും. ദൈവത്തോട് മറുതലിക്കുന്നത് പാപമാണ്. പാപം ഭരണം നടത്തുന്നിടത്ത് ദൈവഭയം ഉണ്ടായിരിക്കുകയില്ല . അവിടെ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയപ്പെടുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രതിസന്ധികളെ തരണം ചെയ്യാൻ ബദ്ധപ്പെടുന്നു. ഫലമോ, പാപം പെരുകുന്നു. വിദ്വേഷം വർദ്ധിക്കുന്നു. വഞ്ചനയും നുണയും സീമാതീതമാകുന്നു.. തിന്മയുടെ വഴിയിലൂടെ മാത്രമായിരിക്കും അവരുടെ സഞ്ചാരം. വീണ്ടുവിചാരം അണുപോലും അവരിൽ കാണുകയില്ല. വിവേകവും നന്മയും അവന്റെ സ്വാർത്ഥതയുടെ ലോകത്ത് വാഴുകയില്ല. അത്തരക്കാരുടെ ചെയ്തികൾ സങ്കീർത്തകന് ഭീഷണിയാകുന്നു.
” കിടക്കയിൽ അവർ (അവൻ) ദ്രോഹാലോചന നടത്തുന്നു. നന്മയ്ക്ക് പകരം തിന്മയാണ് അവന്റെ ആത്മമിത്രം .
പക്ഷേ, വിശ്വം മുഴുവൻ വെളിപ്പെടുന്നത് നന്മയാണ്, വിശ്വസ്തതയാണ്. ദൈവത്തിന്റെ നന്മ,അവിടുത്തെ വിശ്വസ്തത.
” അവിടുത്തെ കാരുണ്യം ആകാശത്തോളം എത്തുന്നു (അനന്തമാണ്). അവിടുത്തെ വിശ്വസ്തത മേഘങ്ങൾ വരെ (നിത്യം നിലനിൽക്കുന്നത് ).
” അവിടുത്തെ വിധികൾ അത്യഗാ ധങ്ങൾ പോലെയുമാണ് “( വാക്യം 6 ). വിസ്മയാവഹമാണ് അവിടുത്തെ നന്മ. പീഡിതർ അവിടുത്തെ ദൈവാലയത്തിൽ (ഭവനം, വാക്യം.
അഭയം തേടുന്നു. അവർ അവിടുത്തെ അനുഗ്രഹത്തിന്റെ നീർച്ചാലിൽ നിന്ന് (ആനന്ദധാര, വാ.8,9) ആവോളം കുടിക്കുന്നു. ദൈവഭക്തരെല്ലാവരും അങ്ങയുടെ ചിറകുകളുടെ തണലിൽ (പരിപാലന)ആശ്രയം കണ്ടെത്തുന്നു (വാക്യം 7 ). ജീവന്റെ ഉറവ കർത്താവിലാണ്,
” അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം “(വാ.9). ദൈവത്തിന്റെ പ്രകാശം അവിടുത്തെ സാന്നിധ്യം തന്നെയാണ്. ദൈവത്തിൽ നിന്നാണ്,അവിടുത്തെ സാന്നിധ്യത്തിൽ നിന്നാണ് നമുക്ക് ജീവന്റെ പ്രകാശം ലഭിക്കുക (വാ.5-9).
വാക്യം 10 -12 വിവിധ അനുഗ്രഹങ്ങൾക്കായുള്ള സാധകന്റെ ആത്മാർത്ഥമായ പ്രാർത്ഥനയാണ്. അവൻ സവിശേഷമായി ആവശ്യപ്പെടുന്നതു അഖിലേശന്റെ കരുണയും (“അങ്ങയെ അറിയുന്നവർക്ക് – സങ്കീർത്തകൻ ഉറപ്പായും അവിടുത്തെ അറിയുന്നവനാണ് – അങ്ങയുടെ കാരുണ്യവും നിഷ്കളങ്ക ഹൃദയർക്ക് അങ്ങയുടെ രക്ഷയും തുടർന്ന് നൽകേണമേ എന്നതാണ് ഭക്തന്റെ തീഷ്ണമായ പ്രാർത്ഥന (വാക്യം 10).
അഹങ്കാരിയായ ശത്രു സാധകന് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. അവൻ തന്നെ തോൽപ്പിക്കരുതേ എന്നും അപേക്ഷിക്കുന്നു. ദുഷ്ടർ തന്നെ ദൈവത്തിന്റെ ആലയത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ആട്ടിയോടിക്കാൻ ഇടയാകരുതേ എന്നും പ്രാർത്ഥനയോടെ കാറോസൂസ ( പ്രാർത്ഥന) അവസാനിക്കുന്നു (വാ.11).
സങ്കീർത്തകന്റെ പ്രാർത്ഥന ദൈവം കേട്ടു. എഴുന്നേൽക്കാനാവാത്തവിധം ശത്രുക്കൾ “വീഴ്ത്തപെട്ടിരിക്കുന്നു!”.
പാപത്തിന്റെ വളർച്ച ഭീതിജനകമാണ്. പാപിയുടെ മനസ്സാക്ഷിയും ശാന്തിയും പ്രത്യാശയും സ്വഭാവവും ആരോഗ്യം പോലും നശിച്ചുപോകും. നല്ല മനുഷ്യരോ ദൈവത്തെ ഭയപ്പെട്ടു ‘പൊടിയിലും ചാരത്തിലും’ അനുതപിക്കുന്നു. സ്നേഹത്തിലും കരുണയിലും പ്രത്യാശയിലും വളരുന്നു. എപ്പോഴും അവർ സത്യംമാത്രം സംസാരിക്കുന്നു; വിജ്ഞാനം അന്വേഷിക്കുന്നു. ത്യാഗം സഹിച്ചും സാധിക്കുന്ന നന്മകൾ ഒക്കെ ചെയ്യുന്നു. നന്മയെ മുറുകെപ്പിടിക്കുന്നു തിന്മയെ വെറുക്കുന്നു.
കർത്താവിന്റെ കരുതലും കാരുണ്യവും സ്നേഹവും മുൻനിർത്തി ആയിരിക്കണം നമ്മുടെ വാക്കുകളും പ്രവർത്തികളുമെല്ലാം. അവിടുത്തെ വിശ്വസ്തത എന്നും നിലനിൽക്കുന്നു. പ്രപഞ്ചത്തെ നീതിയോടെ അവിടുന്ന് ഭരിക്കുന്നു. കർത്താവിന്റെ പ്രവർത്തികൾ എത്ര അതുല്യം എന്ന് ഉദ്ഘോഷിച്ചു വേണം അനുനിമിഷവും നാം മുന്നേറാൻ. ജീവന്റെ ഉറവയായ ഉടയവനോട് സ്നേഹത്തിൽ ഒട്ടി നിന്നു ( സങ്കീ.91 ) സധൈര്യം (പരിശുദ്ധാത്മാവ് നൽകുന്ന ആത്മധൈര്യം) നമുക്ക് മുന്നേറാം. ” ദൈവം നമ്മോടുക്കൂടെയെങ്കിൽ ( ഇമ്മാനുവേൽ ) ആർക്ക് നമുക്ക് എതിര് നിൽക്കാനാവും?.