ആജീവനാന്തം കർത്താവിന്റെ ഭവനത്തിൽ
ജെറുസലേം ദൈവാലയ ത്തോടുള്ള സങ്കീർത്തകന്റെ വാത്സല്യം കവിഞ്ഞൊഴുകുന്ന ഓർമ്മകൾ പ്രഖ്യാപിക്കുന്നതാണ് ഈ സങ്കീർത്തനം. ദൈവത്തിലുള്ള അചഞ്ചല പ്രത്യാശയും വ്യക്തം.7-13 സഹായത്തിനുള്ള നിലവിളിയാണ്. തിരുസന്നിധിയിൽ കിട്ടുന്ന സമാശ്വാസവും സൂചിപ്പിക്കപ്പെടുന്നു. വാക്യം 14 ദൈവത്തിന്റെ അരുളപ്പാടാണ്.
സങ്കീർത്തനം17 :1 കർത്താവിലുള്ള വലിയ പ്രത്യാശയുടെ പ്രഖ്യാപനമാണ്. ” കർത്താവ് എന്റെ പ്രകാശവും രക്ഷയും ആണ് ;ഞാൻ ആരെ ഭയപ്പെടണം. വെളിച്ചത്തിന് പര്യായമായാണ് രക്ഷ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് . ഇസ്രായേലിന്റെ പ്രകാശം ആയാണ് ജെറുസലേം പ്രഘോഷിക്കപ്പെടുക( സങ്കീർത്തനം 23: 1 ) വെളിച്ചം രക്ഷയുടെ ദൈവത്തെ സൂചിപ്പിക്കുന്നു (ആമോസ് 5: 18- 20 ), ഇതിന് പുറമേ വെളിച്ചം ആനന്ദത്തിനന്റെ പൂർണതയെയും സൂചിപ്പിക്കുന്നു. ഇവയെല്ലാം ആയ ദൈവം കൂടെയുള്ളപ്പോൾ സാധകൻ ആരെയും ഭയപ്പെടേണ്ടതില്ലല്ലോ. കൂടാതെ കർത്താവ് അവന്റെ കോട്ടയുമാണ്.
ചുരുക്കത്തിൽ കർത്താവിന്റെ ശക്തിയുടേയും രക്ഷയുടെയും സംരക്ഷണത്തിലാണ് അവൻ. വാക്യം 2,3 എതിരാളികളും ശത്രുക്കളും ആയ ദുർവൃത്തർ ദുരാരോപണങ്ങളുമായി “അവനെ ആക്രമിക്കുമ്പോഴും അവർ തന്നെ ഇടറി വീഴും” പരാജയപ്പെടും എന്ന് സാധകന് തികഞ്ഞ ഉറപ്പാണ്. (വാക്യം 3 ).
” ഓരോ സൈന്യം തന്നെ എനിക്കെതിരെ പാളയം അടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല ; എനിക്കെതിരെ യുദ്ധം ഉണ്ടായാലും ഞാൻ ധൈര്യം വിടുകയില്ല “. ആത്മധൈര്യം ജ്വലിച്ചു നിൽക്കുന്ന താൻ വിജയിക്കുമെന്ന് (ഏറെ കവിതാത്മകമായി) പ്രഖ്യാപിക്കുന്ന പ്രഗത്ഭനായ ധീരയോദ്ധാവിനെയാണ് അനുവാചകൻ ഈ വാക്കുകളിൽ ദർശിക്കുക.
സങ്കീർത്തകൻ എല്ലാ ഹൃദയ വികാരങ്ങൾക്കും ഉപരിയായി അത്യുദാത്ത ചിന്തയും ഹൃദയാഭിലാഷവും വ്യക്തമാക്കുന്നതാണ് നാലാം വാക്യം.
ഒരുകാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു ; ഒരു കാര്യം മാത്രം ഞാൻ തേടുന്നു. കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടുത്തെ ഹിതം തേടാനുംവേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ വസിക്കാൻ തന്നെ.
പ്രത്യാശയുടെ നിറകുടമായ ആണ് ഇവിടെ നിൽക്കുക. ശത്രുക്കളുടെ ഏത് കടന്നാക്രമണങ്ങളെ യും പരാജയപ്പെടുത്താൻ കഴിയുമെന്ന് അവൻ ഉറപ്പുണ്ട്.
ജീവിതകാലം മുഴുവൻ ഞാൻ കർത്താവിന്റെ ഭവനത്തിൽ വസിക്കും (27:6) എന്നാണ് സാധകന്റെ സുചിന്തിത മനോഭാവം, ആഗ്രഹം, പ്രാർത്ഥന എല്ലാം. കർത്താവിന്റെ സൗഹൃദം മനസ്സിലാക്കുക,അവിടുത്തെ നിരന്തര സ്തുതിക്കുക, അവിടുത്തെ പ്രവർത്തിയും മഹത്വം നേരിൽ ദർശിക്കുക, സ്വന്തം പ്രവർത്തികളെ സുസ്ഥിരവും ഫലദായകവുമാക്കുക. ( സങ്കീർത്തനം 90 :26 ) അവിടുത്തെ ആലയം വീക്ഷിച്ച് അതിന്റെ രൂപഭംഗിയിൽ ആനന്ദിക്കുക, രക്ഷയുടെ അരുളപ്പാടുകൾ ശ്രവിക്കുക തുടങ്ങിയവയാണ് ദൈവാലയ വാസം കൊണ്ട് ഭക്തൻ ലക്ഷ്യമിടുക.
കർത്താവ് തനിക്കുവേണ്ടി കൂടാരത്തിൽ വസിക്കുന്നു. അകമഴിഞ്ഞ് ചെയ്യുന്ന കാര്യങ്ങൾ 4, 5ൽ കവി അക്കമിട്ട് ലളിതസുന്ദരമായ ഭാഷയിൽ പറയുന്നത് ശ്രദ്ധിക്കൂ.
ക്ലേശ കാലത്ത് അവിടുന്നു തന്റെ ആലയത്തിൽ എനിക്ക് അഭയം നൽകും ; തന്റെ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും ; എന്നെ വലയം ചെയ്യുന്ന ശത്രുക്കളുടെ മുകളിൽ എന്റെ ശിരസ് ഉയർന്നു നിൽക്കും. ആഹ്ലാദരവത്തോടെ അവിടുത്തെ കൂടാരത്തിൽ ഞാൻ ബലികൾ അർപ്പിക്കും. ഞാൻ വാദ്യഘോഷത്തോടെ കർത്താവിനെ സ്തുതിക്കും.
ക്രമക്കേടിന്റെ എല്ലാ ഓളങ്ങളും( വാക്യം 6) ഈ പാറ (കർത്താവ്,ദൈവാലയം ) തട്ടി തകരും( സങ്കീർത്തനം 28: 1). പീഡിതനു രക്ഷയും ശത്രുക്കളുടെ മേൽ വിജയവും നൽകും ( സാധകൻ തന്നെയാണ് പീഡിതൻ ).
‘ ശിരസ്സുയർത്തുക’ വിജയത്തിന്റെ പ്രതീകമാണ്.
സങ്കീർത്തകൻ സർവ്വേശ സന്നിധിയിൽ സ്വരത്തിൽ വിളിച്ച് അപേക്ഷിക്കുന്നത് കേൾക്കപ്പെടുന്നതിനും ദൈവ കാരുണ്യത്തിന് അർഹനാവുന്നതിനും വേണ്ടിയാണ്.(വാ. 7, 8 ). ‘ ‘പ്രാർത്ഥിക്കുക’ എന്നത് ദൈവ കല്പന തന്നെയാണല്ലോ ( സങ്കീർത്തനം 24: 6 ).
‘ മുഖം മറച്ചു വയ്ക്കുക ‘- കൈവെടിയൽ, തിരസ്കരണം, കോപം, ഇവയുടെ സൂചനയാണ്. സങ്കീർത്തകന് അവകാശങ്ങൾ ഒന്നും ഇല്ല. അതുകൊണ്ട് രക്ഷകനും വിധിയാളനുമായ വല്ലഭനോട് അവൻ യാചിക്കുകയാണ്, പ്രാർത്ഥിക്കുകയാണ് (ഏശയ്യ 19 :21 ). സ്വയം ദാസനായി വിശേഷിപ്പിക്കുന്നത് ശുശ്രുഷയ്ക്കുള്ള സങ്കീർത്തകന്റെ സന്നദ്ധതയെ സൂചിപ്പിക്കുന്നു (സങ്കീർത്തനം 19: 11 ). ആരെല്ലാം ഉപേക്ഷിച്ചാലും (സ്വന്തപ്പെട്ടവർ, അപ്പനും അമ്മയും പോലും ) ദൈവം ഉപേക്ഷിക്കുകയില്ല എന്ന ഉൾബോധ്യം ഭക്തനുണ്ട് (വാക്യം 9,10). “അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ് എന്നെ കൈക്കൊള്ളും”(27:10).
11:13 : കർത്താവിന്റെ വഴി പഠിപ്പിക്കാനുള്ള പ്രാർത്ഥനയാണ് പ്രഥമത. നീതി, സത്യം,ജീവൻ, ഇവിയുടെയെല്ലാം നേരായ (തിരിച്ചുള്ള) പാതയാണ് അത് (സങ്കീർത്തനം 5 :8 ). ശത്രുക്കളുടെ അത്യാഗ്രഹം ആരാധകനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്
( സങ്കീർത്തനം 17: 9 ). കള്ളസാക്ഷ്യ ത്തിന്റെയും കടുത്ത അനീതിയുടെയും വഴിയാണിത് (സങ്കീർത്തനം 5 :9). ദൈവത്തിന്റെ പക്കൽ മാത്രമേ ഉള്ളൂ സത്യത്തിലും നീതിയിലുമുള്ള വിധി. വിധി പ്രത്യാശ നൽകുന്നതാണ് (സങ്കീർത്തനം 118: 17).
ദൈവത്തിന്റെ നന്മയും സ്നേഹവും വാത്സല്യവും ഈ വിധിക്ക് ഉപോദ്ബലകമായി മനസ്സിലാക്കാം. പുനരുദ്ധാന ത്തിലൂടെ ജീവനും പ്രത്യാശയും നൽകിക്കൊണ്ടുള്ള അത്ഭുതപ്രവൃത്തിയിലൂടെയാണ് അഖിലേശൻ ഇത് യാഥാർഥ്യമാക്കുന്നത്.
” കർത്താവിൽ പ്രത്യാശ അർപ്പിക്കുവിൻ ; ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ ; കർത്താവിനു വേണ്ടി കാത്തിരിക്കുവിൻ (വാക്യം 14 ).
പ്രതിസന്ധികളിൽ പതറാതെ പരാപരനിൽ പൂർണമായി ശരണ പ്പെടാനുള്ള രക്ഷയുടെ അരുളപാടായി വേണം ഈ ആഹ്വാനത്തെ മനസ്സിലാക്കാൻ.
ഒരു ശക്തിക്കും തന്നെ തമ്പുരാനിൽനിന്ന് അകറ്റാൻ കഴിയില്ല. ദൈവം അവന് രക്ഷയുടെ വഴി കാണിച്ചു കൊടുക്കുന്നു ( വാക്യം 11, 13, 14). ഈ രക്ഷ എന്തിനും ഏതിനും ഉപരിയാണ് ( റോമർ 8: 37- 39 ).
സർവ്വശക്തനും സർവ്വ നന്മയും സർവ്വാ തീശനുമായ അവിടുന്ന് വിശുദ്ധരുടെ ഓഹരിയും പ്രകാശവും സന്തോഷവും സുരക്ഷിതത്വവും ശക്തിയും മോചനവും അഭയവും ഒറ്റവാക്കിൽ അവരുടെ സർവ്വസ്വവും ആണ്. ആധ്യാത്മികതയുടെ വിശിഷ്യ ക്രൈസ്തവ ആധ്യാത്മികതയുടെ പരമതന്തുക്കളും മേൽപ്പറഞ്ഞ കാര്യങ്ങൾ ഏതൊരു സത്യാന്വേഷിക്കുമുള്ള ധൈര്യത്തിന്റെ സുകൃത്ജപമാണ്. ‘കർത്താവ് എന്റെ പ്രകാശവും രക്ഷയും ജീവന്റെ ശക്തിയുമാണ് ‘