നിറവിന്റെ ഉടയവൻ
150 സങ്കീർത്തനങ്ങളിൽ വിശ്വവിഖ്യാതമായത് ഏതെന്ന് ചോദിച്ചാൽ അവതർക്കിതമായ ഉത്തരം സങ്കീർത്തനം 23 തന്നെയായിരിക്കും. സാഹിത്യകാരന്മാർ കവികൾ നാടക കൃത്തുക്കൾ ഒക്കെ ഇതിലെ ബിംബങ്ങളെ അധികരിച്ച് ധാരാളം കലാസൃഷ്ടികൾ നടത്തിയിട്ടുണ്ട് എന്നത് നഗ്നസത്യമാണ്. ഭാവനകളും ചിന്തകളും ഉണർത്തുന്നവയാണ് ഇതിലെ ബിംബങ്ങൾ.
‘ കർത്താവ് എന്റെ ഇടയനാണ് ‘ എന്നാ ഒന്നാം വാക്യം തന്നെയാണ് ഇതിന്റെ കാതൽ. ഇതിന്റെ വിശദീകരണമാണ് തുടർഭാഗം. ഇതിന്റെ ഘടനയായി പറയാവുന്നത് (1) ഇടയൻ (വാ. 1 ). (2) ഇടയ പരിപാലനം (2-6). (3) ഇടയന്റെ ആല. നിറവിന്റെ നിറവു നൽകുന്നവനാണ് ഈ ഇടയൻ. കർത്താവ് ഇസ്രായേലിന്റെ ഇടയനാണ് എന്ന ചിന്ത വിശുദ്ധ ഗ്രന്ഥത്തിൽ സമൃദ്ധമായുണ്ട് ( ഉല്പത്തി 49 :24, സങ്കീർത്തനം 74: 1 ). പക്ഷേ “എന്റെ ഇടയൻ” എന്ന് സംബോധന 23ൽ മാത്രമേ ഉള്ളൂ. സംശുദ്ധമായ വ്യക്തിപരതയാണ് ഈ പ്രയോഗം വ്യക്തമാക്കുന്നത്.
ഇത് ഒരു വ്യക്തിയുടെ കീർത്തനം ആണെങ്കിൽ കർത്താവുമായുള്ള അവന്റെ വ്യക്തിബന്ധം ശ്രേഷ്ഠശ്രേഷ്ഠം തന്നെ. ഇസ്രായേലിനെ മുഴുവൻ പ്രതിനിധീകരിക്കുന്ന സാങ്കല്പിക വ്യക്തിത്വമാണ് ഈ പ്രയോഗം എങ്കിൽ, ഉടമ്പടി ബന്ധം (ദൈവവും മനുഷ്യനുമായുള്ള) നൂതന ഭാഷയിൽ അവതരിപ്പിക്കുന്നതിൽ സങ്കീർത്തകൻ വിജയിച്ചിരിക്കുന്നു .
എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന് കണ്ണടച്ച് പ്രഖ്യാപിക്കുന്ന സങ്കീർത്തകൻ നമ്മെ അത്ഭുതപരതന്ത്രനാക്കുന്നു! എന്തിന്റെ കുറവ് എന്ന ചോദ്യം ഇവിടെ അസ്ഥാനത്താവും. കർത്താവിന്റെ ഭരണത്തിലുള്ള അടിയുറച്ച വിശ്വാസം ആണ് ഇവിടെ നിറഞ്ഞു നിൽക്കുക. ഈ പ്രയോഗത്തിന് ഒരു പുറപ്പാട് സ്പർശം കൂടെയുണ്ട് . നിയ.2:7; നെഹെ.9:2 ഇവിടെയൊക്കെ തദൃശപ്രയോഗങ്ങൾ വിരൽചൂണ്ടുന്നത് പുറപ്പാടു കാലത്ത് ഇസ്രായേൽ മക്കൾക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല എന്ന് തന്നെയാണ് ( ദൈവത്തിന്റെ അനന്ത പരിപാലന!).
പച്ചപ്പുൽത്തകടിയിൽ വിശ്രമം നൽകുന്ന ഇടയബിംബം ഗ്രാമീണ ചിത്രത്തിനപ്പുറം, ദൈവാലയത്തിൽ ഭക്തന് കൈവരുന്ന സമാധാനവും സന്തോഷവും ഉൾകൊള്ളുന്നു. പുറപ്പാട് 15 :13ലും ഇതേ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
” അന്നു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു ; അങ്ങയുടെ വിശുദ്ധ വസതിയിലേയ്ക്ക് ശക്തിയാൽ അവിടുന്ന് അവരെ നയിച്ചു “.
ഇസ്രായേൽ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നു മോചിപ്പിച്ചു കാനാൻ ദേശത്തേക്ക് കൊണ്ടുപോകുന്ന കർത്താവിന്റെ സവിശേഷ കരുതലിനെ കുറിച്ചുള്ള ചിന്തയിലേക്കും 23: 2 അനുവാചകനെ നയിക്കുന്നുണ്ട്.
” പ്രശാന്തമായ ജലാശയവും ” പുറപ്പാടുമായി സങ്കീർത്തനത്തെ ബന്ധിപ്പിക്കുന്ന ഒരു പ്രയോഗമാണ്. ഇസ്രായേൽ ജനത്തിന് ഒരു വിശ്രമ സ്ഥലം തേടി വാഗ്ദാനപേടകം (ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്നു) അവർക്കു മുൻപേ പോയിരുന്നുവെന്ന് സംഖ്യ 10: 33 പ്രസ്താവിക്കുന്നു. ” നയിക്കുക” എന്ന പദവും പുറപ്പാടിനോട് ബന്ധപ്പെട്ട് നിൽക്കുന്നു (പുറപ്പാട് 15: 13 ). മൂന്നാം വാക്യത്തിലെ “ഉന്മേഷം നൽകുന്നു” എന്നതിന്റെ ഹിബ്രു മൂലാർത്ഥം ‘ ജീവൻ പുനരുദ്ധരിക്കുന്നു ‘എന്നാണ്. മരണത്തിന്റെ വക്കുവരെ എത്തിയിട്ടു തിരിച്ചെത്തുന്ന അനുഭവമാണത്. വിപ്രവാസ കാലത്തെ ഈ പ്രയോഗം കടുത്ത ഞെരുക്കങ്ങൾ പ്രതിധ്വനിപ്പിക്കുന്നുണ്ട്. ‘ നീതിയുടെ പാത’ അർത്ഥമാക്കുന്നത് സുരക്ഷിത പാത എന്നാണ്.
” വിശ്രമവും പുനരുദ്ധാരണവും ” പുറപ്പാട് വിപ്രവാസനുഭവങ്ങൾ അനുസ്മരിക്കുന്നുണ്ട് .
‘ മരണത്തിന്റെ നിഴൽ വീണ താഴ്വര ‘(വാ.4) വളരെയേറെ ചിന്തോദ്ദീപകം ആണ്. ശാന്തതയുടെയും പ്രശ്ന രാഹിത്യത്തിന്റെയും അവസ്ഥയെ സൂചിപ്പിക്കുന്നതാണ് നാലാം വാക്യം എന്ന് കരുതുന്നവരുണ്ട്. എന്നാൽ വിചാരിക്കുന്നത്ര ലഘു അല്ല സാധകന്റെ സാഹചര്യം എന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത് എന്ന് കരുതുന്നവരും ഇല്ലാതില്ല. കഴുകനെപ്പോലെ മരണം അവനു മുകളിൽ ചിറകുവിരിച്ച് നിൽക്കുകയാണെന്ന് ധ്വനി ഇതിനുണ്ടത്രേ. ജെറെ.2:6ൽ
” മരണത്തിന്റെ നിഴൽ” എന്ന പ്രയോഗം ഉണ്ട്. മറ്റു പ്രദേശങ്ങളും ഗർത്തങ്ങളും നിറഞ്ഞ… മരണത്തിന്റെ നിഴൽ വീണ നാട്ടിലൂടെ ഞങ്ങളെ നയിച്ച കർത്താവ് എവിടെ എന്ന് അവർ ചോദിച്ചില്ല. സങ്കീർത്തകന്റെയും പ്രവാചകന്റെയും ഭാഷ ഏതാണ്ട് ഒരുപോലെയാണ്, മരണത്തിന്റെ നിഴൽ വീണ ഇടങ്ങൾ. ജെറെ 2:6; മരണത്തിന്റെ നിഴൽ വീണ താഴ്വര (സങ്കീ. 23:4). സങ്കീർത്തകൻ ഭയപ്പെടുന്നില്ല; കാരണം, ” അങ്ങ് കൂടെയുണ്ട് “. ദൈവത്തിന്റെ സാന്നിധ്യത്തെ കുറിച്ചു ബോധ്യമുള്ളവർക്ക് ആരെയും ഒന്നിനെയും ഭയമില്ല. ദൺടും ഊന്നുവടിയും സദാ ഇടയന്റെ പക്കലുണ്ട്. ദണ്ഡ് വന്യമൃഗങ്ങൾക്കെതിരെ ഉപയോഗിക്കുമ്പോൾ ഊന്നുവടി ആടുകളെ നിയന്ത്രിക്കാൻ ഉള്ളതുമാണ്. ഇവ സാധകനെ ആശ്വസിപ്പിക്കുന്നതാണ് .
” ആശ്വസിപ്പിക്കുക” എന്ന ഹീബ്രു പദം (‘നഹം’). ഏശയ്യ 40 ആരംഭിക്കുന്നതുതന്നെ ‘ആശ്വസിപ്പിക്കുവിൻ; എന്റെ ജനത്തെ സമാശ്വസിപ്പിക്കുക’ എന്ന വാക്യത്തോടെയാണ്.
വാക്യം 5 ആതിഥ്യത്തെയാണ് സൂചിപ്പിക്കുക. മേശ ഒരുക്കുന്ന കർത്താവിന്റെ ചിത്രം ഇടയബിംബത്തിൽ നിന്ന് മാറി പോകുന്നുണ്ട്. എങ്കിലും ഈ പ്രയോഗം പുറപ്പാട് സംഭവവുമായി ബന്ധമുള്ളതാണ്. സങ്കീർത്തനം 78: 19 ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
” അവർ ദൈവത്തിനെതിരായി സംസാരിച്ചു. മരുഭൂമിയിൽ മേശ ഒരുക്കാൻ ദൈവത്തിനു കഴിയുമോ? ശത്രുക്കൾക്കു മുൻപിൽ വെച്ച് ബഹുമാനിതനാവുക എന്നതിലൂടെ സർവ്വശക്തൻ സങ്കീർത്തകനു ചെയ്യുന്ന വൻകാര്യങ്ങൾ കണ്ട് ശത്രുക്കൾ ലജ്ജിക്കുന്നു എന്ന സൂചന ഇവിടെയുണ്ട്. പുല്ലു മേയുന്നതിനിടെ മുള്ളുകൾ ശിരസ്സിൽ കൊണ്ടു മുറിവേൽക്കുന്ന ആടുകളുടെ ശിരസ്സിൽ ഇടയൻ എണ്ണയൊഴിക്കുന്നത് സുഖപ്പെടുത്താൻ ആണ്. അപ്പോൾ ഈ വാക്കുകളിൽ നിഴലിക്കുന്നത് പീഡനങ്ങളിൽ നിന്ന് കടന്നു വരുന്നവർക്ക് ശാന്തിയും സൗഖ്യം പകർന്നു നൽകുന്ന കർത്താവിനെ ആണ്.
‘ പിന്തുടരുക’ എന്ന ക്രിയാപദം ബൈബിളിൽ പൊതുവേ ശത്രുക്കൾക്ക് വേണ്ടിയുള്ള അന്വേഷണമാണ് സൂചിപ്പിക്കുക ( സങ്കീർത്തനം 7 :5 ). ഇവിടെയോ സാധകനെ പിന്തുടരുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യവും നന്മയും. കാരുണ്യം ആണല്ലോ ഉടമ്പടി ദൈവത്തിന്റെ സവിശേഷ വിശേഷത ( പുറപ്പാട് 34: 6 ). എന്നേക്കും, ജീവിതകാലം മുഴുവൻ, നിലനിൽക്കുന്ന കാരുണ്യമാണത് ( സങ്കീർത്തനം 136).
ദിവ്യനാഥന്റെ അസന്നിഗ്ധമായ പ്രഖ്യാപനങ്ങളിൽ അതുല്യ സ്ഥാനം വഹിക്കുന്ന ഒന്നാണ് ” ഞാൻ നല്ല ഇടയനാകുന്നു ” എന്നത്( യോഹന്നാൻ 10: 11 ). ഇതിലൂടെ ഈശോ ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ പരാമർശിക്കുന്ന നല്ല ഇടയനുമായി തദാത്മ്യപ്പെടുന്നു. അവിടെനിന്ന് ഇമ്മാനുവലാണ് – യുഗാന്തം വരെ നമ്മുടെ കൂടെ ഉള്ളവൻ. ” യുഗാന്തം വരെ എന്നും ( എപ്പോഴും) ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ” ( മത്തായി 28 :20 ). അവിടുന്ന് തന്നെത്തന്നെ നമുക്ക് ഭക്ഷണപാനീയങ്ങൾ ആയിരുന്നു. ആടുകൾക്ക് വേണ്ടി ഇപ്രകാരം അപ്പ(കുഞ്ഞാട് )മായി മാറിയതുകൊണ്ടല്ലേ അവിടുന്ന് നല്ല ഇടയൻ ആയത്?. ” നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവനർപ്പിക്കുന്നു “( യോഹന്നാൻ 10 :11 ). വെളിപാട് ഗ്രന്ഥം വെളിപ്പെടുത്തുന്നത് പോലെ,
” നഗരത്തിൽ ഞാൻ ദൈവാലയം കണ്ടില്ല. കാരണം സർവ്വശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടുമാണ് അതിലെ ദൈവാലയം”( വെളിപാട് 21: 22 ).
ഇവിടെ നഗരം ദൈവത്തിന്റെ നഗരമാണ് – The city of God. ഇടയൻ ദൈവലയമായി മാറുന്ന അപൂർവ്വ ദൃശ്യം!.
ആഴമേറിയ ആധ്യാത്മികത യിലേക്കാണ് ഇരുപത്തിമൂന്നാം സങ്കീർത്തനം നമ്മെ ക്ഷണിക്കുക. ഓരോരുത്തരും സ്വയം ചോദിക്കണം,
യഥാർത്ഥത്തിൽ കർത്താവ് “എന്റെ ഇടയൻ ആണോ”? എപ്പോഴും എന്റെ കൂടെ ഉള്ളവനും എന്നെക്കുറിച്ച് വലിയ കരുതൽ ഉള്ളവനും സുഖപ്പെടുത്തുന്നവനും കഷ്ടതകളെ മഹത്വപ്പെടുത്തുന്നവനുമാണ് എന്നും മറ്റുള്ള അഭയ ബോധ്യങ്ങൾ എന്നിലുണ്ടോ?
നല്ല ഇടയന്റെ ആലയമാണ് സഭ. അവിടെ എന്നും വസിക്കുന്നതിന് ഒരു “എന്റെ ഇടയൻ” ആധ്യാത്മികത എനിക്ക് അത്യന്താപേക്ഷിതമാണ്. ദൈവാലയത്തിൽ വസിക്കുമ്പോൾ ആണ് ഈ സങ്കീർത്തനം പകർന്നുനൽകുന്ന ആദ്ധ്യാത്മികത എന്നിൽ സമ്പൂർണം ആകുന്നത്.