കർത്താവിലെന്നും എന്റെ ആശ്രയം
യുദ്ധത്തിന് പുറപ്പെടുന്ന രാജാവിനുവേണ്ടി, ജനം, ദൈവാലയത്തിൽ നടത്തിയിരുന്ന പ്രാർത്ഥനയാണീ സങ്കീർത്തനം എന്ന് മിക്ക പണ്ഡിതരും കരുതുന്നു. സഹായിക്കുക, വിജയം, ഉത്തരമരുളുക എന്നീ പദങ്ങളുടെ ആവർത്തനം മേൽപ്പറഞ്ഞ വസ്തുതയ്ക്ക് ആക്കം കൂട്ടുന്നുണ്ട് . വിശുദ്ധമന്ദിരം, സീയോൻ (2), ബലികൾ (3), ഇവ മാറിമാറി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവിടെ രാജാവ് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യാവശ്യകതയും വ്യക്തമാക്കപ്പെടുന്നു(വാ.1,4,5).
ഇതിന്റെ ഘടന പരിശോധിച്ചാൽ,1-5 രാജാവിന് നേരുന്ന ആശംസ ആണ്. 6-8 ദൈവസഹായത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നു. രാജാവിനും ജനങ്ങൾക്കും ആയി സങ്കീർത്തകൻ സർവ്വശക്തനായ ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണ് വാക്യം 9.
രാജാവിനുള്ള ആശംസകൾ
നിറഞ്ഞുനിൽക്കുന്ന ആദ്യപാദത്തി (1-5) ലുള്ള ക്രിയകളുടെ കൂടെയെല്ലാം കർത്താവ് ദൈവം തന്നെയാണ്. അനുവാചകൻ ഈ വസ്തുത പ്രത്യേകം ശ്രദ്ധിക്കണം. ദൈവത്തിന്റെ ശക്തിയും ഈ സങ്കീർത്തനം ഉയർത്തിക്കാണിക്കുന്നു. ” യാക്കോബിന്റെ ദൈവത്തിന്റെ നാമം (ദൈവം) നിന്നെ സംരക്ഷിക്കട്ടെ “(1) എന്ന ആശംസ യോടൊപ്പം ഈ പാദത്തിന്റെ അവസാനഭാഗത്ത് ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയ പതാക പാറിക്കും (5) എന്ന ആത്മവിശ്വാസം മുറ്റിനിൽക്കുന്ന പ്രസ്താവനയും സാധകൻ നടത്തുന്നുണ്ട്.
കർത്താവിന്റെ നാമത്തിൽ (കർത്താവിൽ)ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്നു എന്ന് സാധകൻ സാഭിമാനം പ്രസ്താവിക്കുന്നു. ദൈവനാമത്തിൽ ഈ സങ്കീർത്തനം നൽകുന്ന പ്രാധാന്യമത്രയും ഇതിൽ പ്രസ്ഫു രിക്കുന്ന പ്രാർത്ഥനാ ചൈതന്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുക. ദൈവനാമം വിളിച്ചു കേഴുന്നതാണ് പ്രാർത്ഥന. പ്രാർത്ഥനയും സംരക്ഷണവും തമ്മിലുള്ള ബന്ധം 91ആം സങ്കീർത്തനത്തിൽ പ്രകടമാണ്.
” എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും. അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ അവന് ഉത്തരമരുളും” (19:14,15) എന്ന പ്രസ്താവന ദൈവനാമവും പ്രാർത്ഥനയും ദൈവീക സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം വായനക്കാരൻ തിരിച്ചറിയണം.
അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നിനക്ക് സഹായമയയ്ക്കട്ടെ (20:2). ‘രാജാവിന്റെ അപേക്ഷകൾ കർത്താവ് കൈകൊള്ളട്ടെ “
(1രാജാ.3:5-14) തുടങ്ങിയ ആശംസകളും പ്രാർത്ഥനയും ദൈവത്തിന്റെ സംരക്ഷണവും തമ്മിലുള്ള അഭേദ്യമായ ബന്ധം അരക്കിട്ടുറപ്പിക്കുന്നുണ്ട്. പുറപ്പെടാൻ ഒരുങ്ങുന്ന രാജാവിനുവേണ്ടി ദൈവത്തിൽ ബലികളും കാഴ്ചകളും സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ജനത്തിന്റെ പ്രാർത്ഥനാശംസകൾ കൊണ്ട് നിബിഡമാണ് ഈ പാദം (1-5).
അഭിഷിക്തനു ( രാജാവിനു ) ദൈവത്തിന്റെ പ്രത്യേക സഹായം ലഭിക്കും എന്ന് സങ്കീർത്തകന്റെ ഉറച്ച ബോധ്യമാണ് 20 :6 ഊന്നി പറയുക.
കർത്താവ് തന്റെ അഭിഷിക്തനെ സഹായിക്കും എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അവിടുന്ന് തന്റെ വിശുദ്ധ സ്വർഗത്തിൽ നിന്ന് അവനു ഉത്തരമരുളും. വലതുകൈകൊണ്ട് മഹത്തായ വിജയം നൽകും. ഈ ഉറപ്പ് രാജകീയ സങ്കീർത്തനങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് (2: 2,18: 50 ; 28: 8 ; 38 – 51; 132: 10,17).
കരുത്തിന്റെയും ശക്തിയുടേയും വിജയത്തിന്റെയും പ്രതീകമാണ് ‘ദൈവത്തിന്റെ വലതുകൈ’.
രഥങ്ങളിലും കുതിരകളിലും ആശ്രയം വയ്ക്കുന്ന വിജാതിയരിയിൽ നിന്ന് വ്യത്യസ്തരാണ് ഇസ്രായേൽക്കാർ. കർത്താവിന്റെ നാമത്തിൽ ആണ്,കർത്താവിൽ മാത്രമാണ് അവരുടെ ആശ്രയം. ഇസ്രായേൽ പ്രാർത്ഥനയിൽ (ബലികളിലും കാഴ്ചകളിലും ) വിജയം കണ്ടെത്തുന്നു. അവരുടെ വിജയങ്ങൾ ദൈവ മഹത്വത്തിന് കാരണമാകുന്നു. ദൈവം മാത്രമേ സ്ഥായിയായി ഉള്ളൂ. ദൈവത്തെ കൂടാതെയുള്ള അഭയം ഒന്നും ശാശ്വതമല്ല. ‘ രക്ഷ കർത്താവിൽ ആണ് ‘ എന്ന പ്രഖ്യാപനം സങ്കീർത്തനങ്ങളുടെ പൊതു സന്ദേശമാണ് (വാക്യം 7, 8 ).
രാജാവിനും ജനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയോടെ ഇരുപതാം സങ്കീർത്തനം അവസാനിക്കുന്നു (വാക്യം 9 ). ഇതിന്റെ പ്രധാന പ്രമേയം പ്രാർത്ഥന തന്നെയാണ്. ദൈവത്തിൽ ആശ്രയിക്കുന്നവനെ ദൈവം കാത്തുക്കൊള്ളും. ദൈവം തന്നെയാണ് ഈ സങ്കീർത്തനത്തിലെ മുഖ്യ കഥാപാത്രവും.
കർത്താവ് തന്റെ അഭിഷിക്തനെ സഹായിക്കുമെന്നതിന് ഏറ്റവും വലിയ തെളിവാണ് മരുഭൂമിയിലെ പരീക്ഷയിൽ “ദൈവദൂതന്മാർ ഈശോയെ ശുശ്രൂഷിച്ചു “(മർക്കോ 1:13)എന്നത്. ഗത്സമനിയിൽ “അവിടുത്തെ ശക്തിപ്പെടുത്താൻ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു” (ലൂക്കോസ് 22 :43 ). “കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന് (ഈശോയുടെ അടച്ചിരുന്ന) കല്ലറയുടെ കല്ലുരുട്ടി മാറ്റി അതിന്മേൽ ഇരുന്നു ” ( മത്തായി 28: 2 ). ഈ സംഭവങ്ങളെല്ലാം ഇരുപതാം സങ്കീർത്തനത്തിന്റെ ആഴമേറിയ അർഥതലങ്ങൾ നമുക്ക് വെളിപ്പെടുത്തി തരുന്നു.
മസിൽ ബലത്തിൽ ആശ്രയിക്കാതെ ദൈവ നാമം ഉരുവിട്ടു ജീവിതം ദൈവത്തിന് പ്രീതികരമാക്കാൻ ഈ സങ്കീർത്തനം എന്നെയും നിങ്ങളെയും ക്ഷണിക്കുന്നു.
ഭരണാധിപന്മാർക്കു ദൈവസഹായം ഉണ്ടെങ്കിലേ സദ്ഭരണം കാഴ്ചവയ്ക്കാൻ അവർക്കാകൂ. പക്ഷേ നമ്മുടെ ആശ്രയം ഒരിക്കലും അവരിൽ ആവരുത്, മറിച്ച് മഹോന്നതനിൽ മാത്രമായിരിക്കണം. നമുക്ക് ഓർക്കാം : “പ്രാർത്ഥനാ ശക്തിയാണ്” ; ദൈവാശ്രയമാണ് നമ്മുടെ ശക്തി ; അവിടുന്ന് മാത്രം സർവ്വശക്തൻ.