നിഷ്ഠയോടെ നിയമം പാലിക്കുന്ന പ്രപഞ്ചം
നിയമവും (തോറാ) പ്രപഞ്ചവുമാണ് വാക്യം 1 – 9 തന്തു. വാക്യം 7 -10 നിയമ കീർത്തനമാലയാണ്. നിയമവും മനുഷ്യനുമാണ് 11 -14 ചർച്ചാവിഷയം.
ഒന്നാം പാദത്തിൽ( 1- 9 )നിരന്തരം നിയമ പ്രഭാഷണം നടത്തുന്ന അപ്പോസ്തോലനായാണ് പ്രപഞ്ചം ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. വള്ളി പുള്ളി തെറ്റാതെ അത് (പ്രപഞ്ചം ) നിയമം പാലിക്കുന്നു.അത് (ആകാശം) നിരന്തരം ദൈവമഹത്വം പ്രഘോഷിക്കുകയും ചെയ്യുന്നു. വാനവിതാനം അവിടുത്തെ കര വേലയെ വിളംബരം ചെയ്യുന്നു( 1). ലോകാതിർത്തിയോളം അത് കർത്താവിന്റെ പ്രബോധനം എത്തിക്കുന്നു (4). ഈ നിയമത്തിന് നിരന്തരം സ്നേഹ ശുശ്രൂഷ ചെയ്യുകയാണ് പ്രപഞ്ചം.
പ്രപഞ്ചത്തിന്റെ സ്ഥായിത്വവും ക്രമവും നിയമ പാലനത്തിന്റെ പ്രത്യേക തെളിവുകളാണ്. സൂര്യന് സർവ്വശക്തൻ കൽപ്പിച്ചു കൊടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങൾ തികഞ്ഞ വിശ്വസ്തതയോടെ, ഉത്സാഹത്തോടെ അത് നിറവേറ്റുന്നു. അത് വിശ്രമിക്കുന്നത് പോലും ദൈവത്തിന്റെ കല്പനപ്രകാരം ആണ്. അതിന്റെ ദൗത്യം നിർവഹണത്തെ രണ്ടു പ്രതീകങ്ങളിൽ ലൂടെയാണ് സങ്കീർത്തകൻ വ്യക്തമാക്കുക. മണവാളനും മല്ലനും. നിയമ പാലനത്തിൽ സൂര്യൻ പ്രദർശിപ്പിക്കുന്ന വിശ്വസ്തത, ഉത്സാഹം, പ്രസന്നത ഇവ എടുത്തുകാണിക്കുന്നു (വാക്യം 5 ).
” പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു ; രാത്രി രാത്രിക്കു ജ്ഞാനം പകരുന്നു. ഭാഷണം ഇല്ല, വാക്കുകളില്ല,ശബ്ദം പോലും കേൾക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു ; അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തികളോളം എത്തുന്നു. ‘നാടകാന്തം കവിത്വം’ഈ കവിത്വം
ആണ് ഈ വാക്കുകളിൽ വ്യക്തമാകുക. അച്ചടക്ക പൂർണതയോടെ അർപ്പണ മനോഭാവത്തോടെ പഞ്ചപുച്ഛമടക്കി പരാപരനു അക്ഷരശ അനുസരിക്കുകയാണ് പ്രപഞ്ചം. വാക്യം 4-6 ന്റെ ഒരു സാധാരണ വിശദീകരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
സൂര്യന്റെ ചൂടിൽ നിന്ന് ഒളിക്കാൻ ഒന്നിനും കഴിയുകയില്ല (6) എന്ന വാക്യത്തിലെ ‘ഒളിക്കുക’ എന്ന ക്രിയാപദം പന്ത്രണ്ടാം വാക്യത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
” എന്നാൽ, സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ ആർക്ക് കഴിയും? അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!”.
6,12 ചേർത്തുവായിക്കുമ്പോൾ കാവ്യാർത്ഥം കൂടുതൽ വ്യക്തത കൈവരിക്കുന്നു. സർവ്വജ്ഞനായ ദൈവത്തിന്റെ നയനങ്ങൾ എത്താത്ത ഒരിടവും ഇല്ല. എന്റെ ഏറ്റം സ്വകാര്യവും നിഗൂഢമായ കാര്യങ്ങൾ പോലും അവിടുന്ന് അറിയുന്നു.
119 ആം സങ്കീർത്തനത്തിന്റെ ഒരു സംരക്ഷിത രൂപമായി സങ്കീർത്തനം 19 :7 -10 മനസ്സിലാക്കാം.
കർത്താവിനെ നിയമം അവികലമാണ്. അത് ആത്മാവിന് പുതുജീവൻ പകരുന്നു. കർത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്. കർത്താവിന്റെ കൽപ്പനകൾ നീതിയുക്തം ആണ്. അത് വിനീതരായി വിജ്ഞാനികൾ ആക്കുന്നു. അവ മാംസള ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. കർത്താവിന്റെ പ്രമാണം വിശുദ്ധമാണ്.അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. ദൈവഭക്തി നിർമ്മലമാണ് . അത് എന്നേക്കും നിലനില്ക്കുന്നു. കർത്താവിന്റെ വിധികൾ സത്യമാണ്. അവ തികച്ചും നീതി പൂർണമാണ്. അവ തേനിനെയും തേൻകട്ടയേക്കാൾ മധുരമാണ്. അവ പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യമാണ്.
നിയമത്തിന്റെ നിർമ്മലത, ഫലദായകത്വം, വിശ്വാസ്യത, പ്രബോധനാത്മകതാ, നീതിയുക്തത, ആനന്ദദായകത്വം, വിശുദ്ധി, പ്രകാശഭാവം, നൈർമല്യം, സത്യത്തോടുള്ള പ്രതിബദ്ധത, അഭികാമ്യത, മാധുര്യം – എല്ലാം ഈ ലിറ്റനിയിൽ ഇടംനേടിയിട്ടുണ്ട്.
വാക്യം 11 -14 കവി തന്നിലേക്ക് തന്നെ തിരിയുന്നു. പ്രാപഞ്ചിക ക്രമവും മനുഷ്യന്റെ ധാർമിക ശ്രേണിയും തമ്മിൽ ഒരു താരതമ്യം ആണ് വാക്യം 12,13. ബോധപൂർവം ചെയ്യുന്ന തെറ്റുകളെ കുറിച്ചും അറിയാതെ സംഭവിക്കുന്ന വീഴ്ചകളെ കുറിച്ചും സാധകൻ ഇവിടെ ഏറ്റുപറയുന്നു. നിർമ്മലമായ ‘നിയമ’ത്താൽ പ്രബോധിപ്പിക്കപ്പെടുന്നവൻ നിർമ്മലനായിരിക്കാൻ കൊതിച്ച് കർത്താവിന്റെ സവിശേഷ സഹായം തേടുന്നു. സ്വന്തം ശക്തി കൊണ്ട് നിയമത്തിന്റെ നൈർമല്യം സ്വന്തമാക്കുക സാധ്യമല്ലെന്ന് സങ്കീർത്തകനു നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് പതിനാലാം വാക്യത്തിലെ പ്രാർത്ഥന.
ദൈവഹിതം പൂർണ്ണതയിൽ പാലിച്ച രാജാധി രാജനാണ് ഈശോ. കഴുത പുറം, ഓശാന വിളികൾ, മുൾക്കിരീടം, ചെമന്ന പട്ട്, കുരിശിലെ ശീർഷകം – ” “യൂദൻമാരുടെ രാജാവായ നസ്രായനായ ഈശോയെ “. ഒക്കെ രാജത്വവും ദൈവഹിത നിർവ്വഹണവും സമനയിക്കപ്പെട്ടതിന്റെ സൂചനകളാണ്. ക്രിസ്തുരാജൻ ഭരിക്കുന്നത് കുരിശിൽ നിന്നാണ്. എന്റെ രാജ്യം ഐഹികമല്ല. എന്റെ ഹിതം പോലെ അല്ല, നിന്റെ ഹിതം പോലെയത്രേ എന്ന് ആത്മാർത്ഥതയോടെ പറയാനാവും ; പറയാനായാൽ മാത്രം ഞാൻ വളർന്നാൽ, എന്നിൽ ക്രിസ്തുവിന്റെ രാജത്വം തികവാർന്നു,മിഴിവാർന്നു.