പതിനൊന്നാം സങ്കീർത്തനം

Fr Joseph Vattakalam
3 Min Read

കർത്താവിലുള്ള ആശ്രയം കർതൃദർശന സായൂജ്യത്തിലേക്ക്..

 ഒരു അഭയ സങ്കീർത്തനമാണിത്. ഭയപ്പെടുത്തുന്ന ചുറ്റുപാടുകളും ഭീഷണിപ്പെടുത്തുകയും ഭീതിപ്പെടുത്തുന്ന സുഹൃത്തുക്കളും ഉള്ളപ്പോൾ എങ്ങനെയാണ് ഒരുവന് നിർഭയനായിരിക്കാൻ കഴിയുക? എങ്കിലും ദൈവം അഭയമായുള്ളവനു ധൈര്യമായിരിക്കാൻ കഴിയും എന്നാണ് ഈ സങ്കീർത്തനം സ്ഥാപിക്കുക.

” കർത്താവിൽ” എന്ന ആരംഭിച്ച്

” അവിടുത്തെ മുഖം” എന്ന പ്രയോഗത്തിൽ  ഈ ഗീതം അവസാനിക്കുന്നു. ഒന്നാം വാക്യത്തിലെ “അഭയം തേടുക” എന്ന പ്രയോഗവും ഏഴാം വാക്യത്തിലെ ‘ദർശിക്കുക’ എന്ന പ്രയോഗവും, അഭയ ദർശന സയൂജ്യത്തിക്കും എന്നാ ആഴമുള്ള ദൈവശാസ്ത്ര ബോധ്യത്തിന്റെ സുന്ദര ആവിഷ്ക്കാരമാണ്.

1-3 വാക്യങ്ങളിൽ പ്രശ്നം അവതരിപ്പിച്ചിരിക്കുന്നു. ശത്രുക്കളിൽ നിന്ന് ഓടിയൊളിക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചു എന്ന സൂചന ഇവിടെയുണ്ട്. പർവ്വതങ്ങളിലേക്ക് പറന്ന് ശത്രുവിൽ നിന്ന് രക്ഷപ്പെടുന്ന പക്ഷിയുടെ രൂപകമാണ് സങ്കീർത്തകൻ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യാൻ സാധകന് അശേഷം മനസ്സില്ല. അവന്റെ പർവ്വതം കർത്താവാണ്.  ” ഞാൻ കർത്താവിൽ അഭയം തേടുന്നു” എന്ന് തുടക്കത്തിലെ അവൻ പറഞ്ഞു വെച്ചതാണ്.

” കർത്താവിൽ അഭയം തേടുന്ന” എന്നോട്  “പക്ഷിയെപ്പോലെ പർവതങ്ങളിൽ പോയി ഒളിക്കാൻ നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും ” എന്ന് വ്യംഗ്യം.

തന്റെ ദയനീയാവസ്ഥയെക്കുറിച്ച് സങ്കീർത്തകനു ബോധ്യമില്ലാതില്ല. ദുഷ്ടന്മാർ ചതിയുടെ വില്ലു കുലച്ചു തനിക്കെതിരെ ഉന്നംവെച്ച് പതിയിരിക്കുന്നുവെന്ന വാസ്തവം, സത്യത്തിൽ അടിത്തറ തകരുന്ന അവസ്ഥ തന്നെയാണ്. സ്വന്തം പാദത്തിനടിയിലെ മണ്ണുപോലും ഒലിച്ചു പോകുന്ന അവസ്ഥ. ദുഷ്ടരുടെ മാരകമായ ശത്രുതയെ ഒരു രൂപകത്തിന്റെ സഹായത്തോടെ വിവരിക്കുകയാണ് സങ്കീർത്തകൻ .

ഞാൻ കർത്താവിൽ അഭയം തേടുന്നു. പക്ഷിയെപ്പോലെ പർവതങ്ങളിൽ പോയി ഒളിക്കുക എന്ന് നിങ്ങൾക്ക് എന്നോട് എങ്ങനെ പറയാൻ കഴിയും? നിഷ്കളങ്ക ഹൃദയരെ ഇരട്ടെത്തെ യ്യാൻ വേണ്ടി ദുഷ്ടന്മാർ വില്ലു കുലച്ചു അമ്പു തൊടുത്തിരിക്കുന്നു. അടിത്തറ തകർത്താൽ നീതിമാൻ എന്തുചെയ്യും?

 പ്രശ്ന പരിഹാരത്തിനുവേണ്ടി (സങ്കീർത്ത 11 :1 -3 )കന്റെ കർത്താവിലുള്ള വിശ്വാസം സഹായത്തിനെത്തുന്നു. അവന്റെ പ്രശ്നത്തിന് പരിഹാരം യുദായ മലമുകളിലെ ഒളിസങ്കേതങ്ങളിൽ അല്ല. ജെറുസലേം ദൈവാലയത്തിലെ ദൈവിക സാന്നിധ്യ ബോധത്തിലാണ്. കർത്താവ് തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട് എന്ന വാക്യം (11:4). അടിത്തറ തകർന്നാൽ നീതിമാൻ എന്തുചെയ്യും? എന്നാ ചോദ്യത്തിന് തൊട്ടുപിന്നാലെ വരുന്നത് ഏറെ അർത്ഥഗർഭം ആണ്. സങ്കീർത്തകന്റെ യഥാർത്ഥ അടിത്തറ വിശുദ്ധമന്ദിരത്തിലെ കർതൃ സാന്നിധ്യമാണ്. ഏതു താങ്ങു നഷ്ടപ്പെട്ടാലും ദൈവമാകുന്ന അടിത്തറ  സങ്കീർത്തകനെ താങ്ങും എന്ന് സൂചന. നാലാം വാക്യത്തിലൂടെ തെളിഞ്ഞുവരുന്ന ദൈവത്തിന്റെ ചിത്രം അവിടുത്തെ ഔന്നത്യവും മഹത്വവും വ്യക്തമാക്കുന്നതാണ്. ദൈവാലയത്തിലെ കർതൃ സാന്നിധ്യം സൂചിപ്പിക്കുമ്പോൾ തന്നെ സാധകൻ കൂട്ടിച്ചേർക്കുന്നു. ” അവിടുത്തെ സിംഹാസനം സ്വർഗ്ഗത്തിലാണ് “. മാത്രമല്ല, അവിടുത്തെ കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു. അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

 സ്വർഗ്ഗം ദൈവത്തിന്റെ സിംഹാസനവും ഭൂമി അവിടുത്തെ പാദപീഠം ആണെന്ന ധ്വനിയും ഇവിടെയുണ്ട്. ഇവ ദൈവത്തിന്റെ സർവ്വാതിശായിത്വവും  ഒപ്പം സഹവാസവും  (transeendance and  immanence ) സൂചിപ്പിക്കുന്നു.

 നീതിമാനെയും ദുഷ്ടനെയും ദൈവം പരിശോധിക്കുന്നു ; അക്രമാസക്തനെ വെറുക്കുന്നു. ദുഷ്ടരുടെ മേൽ അവിടുന്ന് തീക്കനലും ഗന്ധകവും വർഷിക്കും. അവരുടെ പാനപാത്രം മുഴുവൻ ഉഷ്ണക്കാറ്റ് ആയിരിക്കും.

 മുകളിലിരിക്കുന്നവൻ സകലതും കാണുന്നു. സകല മനുഷ്യരും അവിടത്തെ കണ്ണുകളിൽ ഒതുങ്ങുന്നു. ഹൃദയങ്ങൾ പരിശോധിച്ചറിയുന്നവനാണ് അവിടുന്ന്. ഉഷ്ണക്കാറ്റ് അവിടുത്തെ ന്യായവിധിയുടെ ഉപകരണമാണ്.11:4-6 വാക്യങ്ങളിലെ കർത്തൃ നടപടിക്കുള്ള കാരണം  ഏഴാം വാക്യം വ്യക്തമാക്കുന്നു. കർത്താവു നീതിമാനാണ്. നീതിയുടെ പ്രവർത്തികൾ അവിടുന്ന് ഇഷ്ടപ്പെടുന്നു. പരമാർത്ഥ ഹൃദയർ ദൈവത്തിന്റെ മുഖം കാണും. ആ മുഖം തേടാനുള്ള ഇടമാണ് ദൈവാലയം.

വലിയ പ്രതിസന്ധികളിൽ ഭയപ്പെടേണ്ട എന്ന് അരുൾ ചെയ്യുന്ന യഥാർത്ഥ ദൈവസാന്നിധ്യം ആണ്  ഈശോമിശിഹാ. അവിടുന്ന് വ്യക്തമായി പറയുന്നു : ” നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ; ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ “( യോഹന്നാൻ 14 :1 ). വീണ്ടും,

” അധ്വാനിക്കുന്നവരും ഭാരം വായിക്കുന്നവരും ആയ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” ( മത്തായി 11: 28- 29). പ്രപഞ്ചത്തിന്റെ (കോസ്മോസ് ) അടിത്തറയും ആശ്വാസവും അവിടുന്നാണ്.

 പാറ (ക്രിസ്തു )യിൽ അടിത്തറയിട്ട് ഭവനം പണിയുന്ന വിവേകി യോ ഞാൻ?, എന്ന് സ്വയം ചോദിക്കാൻ പതിനൊന്നാം സങ്കീർത്തനം എന്നെയും നിങ്ങളെ പ്രചോദിപ്പിക്കട്ടെ. സങ്കീർത്തകനെ പോലെ ദൈവാലയത്തിൽ ( ഈശോയിൽ) അഭയം കണ്ടെത്തുന്ന ” കുഞ്ഞാറ്റക്കിളി” ആവുക എത്ര ഹൃദ്യമായ അനുഭവം ആയിരിക്കും.

Share This Article
error: Content is protected !!