വഴിപിഴയ്ക്കരുത്
വിശ്വവിഹായസ്സിൽ ഈശ്വരോപാസനയുടെ പച്ചപ്പ് തിളങ്ങി വിളങ്ങി നിൽക്കുന്നതിന് ചൂട്ട് വീശിയ വിഖ്യാത ജനതയാണ് യഹൂദർ. ഈ മേഖലയിൽ ഉണർവിന്റെ തുടി കൊട്ടിയതു സംഗീതമാണ്. ഹൃദയമുള്ളവർക്ക് ഒക്കെ ഹൃദ്യമാണ് കവിതയും സംഗീതവും മൃഗങ്ങളും പക്ഷികളും പോലും ഇവയ്ക്ക് ഭാവാത്മകമായ പ്രതികരണമാണ് നൽകുക. ഇവയ്ക്ക് സൗഖ്യദായക ശക്തിയുണ്ടെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളും ഇല്ലാതില്ല.
യഹൂദരുടെ സങ്കീർത്തന ഗ്രന്ഥം കീർത്തി കേട്ടതാണല്ലോ.’ സെഫെർ തെഹില്ലിം’ എന്നാണ് അവർ ഇതിനെ വിളിച്ചിരുന്നത്.’ സ്തുതിപ്പു കളുടെ പുസ്തകം” എന്നാണ് ഈ പേരിന്റെ അർത്ഥം. വിപ്രവാസനാന്തരം ജെറുസലേം ദേവാലയത്തിൽ ഉപയോഗിച്ചിരുന്ന സ്തുതി പുകളുടെ സമാഹാരമാണ് സങ്കീർത്തന ഗ്രന്ഥമെന്ന് പൊതുവേ കരുതപ്പെടുന്നുണ്ട്. ഈശ്വരോപാസന കൂടിയാകുമ്പോൾ ഇവയുടെ മേളകൊഴുപ്പ് ഏറെ വർധിക്കുന്നു . പുറ.15ലെ ‘ കടലിന്റെ പാട്ട് ‘, ന്യായ.5ലെ ‘ ദേബോറയുടെ കീർത്തനം’, ലൂക്കാ.68:79ലെ ‘ സഖറിയായുടെ പ്രവചന ഗീതം’, 1:46-55ലെ
‘ മറിയത്തിന് സ്തോത്രഗീതം ‘,2:29-35ലെ ശിമയോന്റെ ‘നുങ്ക് ദിമിത്തിസ് ‘ – ഇവയൊക്കെ ദൈവസ്തുതി യുടെ അത്ഭുത മാസ്മരികത വെളിവാക്കുന്ന സംഗീതങ്ങൾ തന്നെ. ഹെബ്രായ സംഗീതവാസന യുടെ സുന്ദര ശ്രേണി സുതരാം ഹൃദ്യമാണ് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
ആഗ്രഹിക്കുന്ന ഏവരുടേയും ആധ്യാത്മികത ആഴപ്പെടുത്താനും വളർത്തിയെടുക്കാനും ഏറ്റവും സഹായകമായ ഒരു പഠനപംക്തിക്കു തുടക്കം കുറിക്കുകയാണ് നമ്മൾ. ഓരോ സങ്കീർത്തനവും സൂക്ഷ്മമായി പഠിപ്പിക്കുക വഴി ദൈവത്തെ കൂടുതൽ ആഴമായ അറിഞ്ഞ് സ്നേഹിച്ച്, അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിച്ച ഈശോ സ്നേഹിച്ചതുപോലെ സഹോദരങ്ങളെ സ്നേഹിച്ചും സ്വർഗ്ഗം സുനിശ്ചിതമാക്കാൻ ഈ തീർത്ഥാടനം എനിക്കും നിങ്ങൾക്കും സഹായകമാകട്ടെ.
ഒരു പ്രബോധന ഗീതമാണ് ഒന്നാം സങ്കീർത്തനം. രണ്ടു വഴികൾ ആണ് സാധകന്റെ മുൻപിൽ ഉള്ളത്. 1. അനുഗ്രഹ ത്തിന്റെ 2. നാശ ത്തിന്റെ. വ്യക്തമായ മൂന്ന് പാദങ്ങൾ ഈ സങ്കീർത്തനത്തിൽ ദൃശ്യമാണ്.
1. നീർച്ചാലിനരികെ നട്ട വൃക്ഷം പോലെയുള്ള നീതിമാൻ (വാ.1-3).
2. കാറ്റു പറത്തുന്ന പതിര് പോലെയുള്ള ദുഷ്ടൻ( വാ.4-5).
3. ദൈവശാസ്ത്രപരമായ വിശദീകരണം(വാ.6).
വാ.1-3: കർത്താവിന്റെ പ്രബോധനം സ്വീകരിച്ച് അനുഗ്രഹീതൻ ആകുന്നവനെ കുറിച്ചാണ് സങ്കീർത്തനത്തിലെ ഈ ആദ്യപാദം. എന്നാൽ അത് തുടങ്ങുന്നത് സദ്പ്രബോധനം നിരാകരിക്കുന്നവരെക്കുറിച്ചുള്ള സൂചനയോടെ ആണ്. ദുഷ്ടരുടെ ഉപദേശം സ്വീകരിച്ച് പാപികളുടെ വഴിയിൽ വ്യാപാരി ക്കാതെ പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെ കർത്താവിന്റെ പ്രബോധനം സ്വീകരിച്ച് അവിടുത്തെ വഴിയെ മാത്രം നടക്കുന്നവനാണ് യഥാർത്ഥ ഭാഗ്യവാൻ. അവിടുത്തെ പ്രബോധനം നിരാകരിക്കുന്നവൻ പരിഹാസകനും.
ഭാഗ്യവാനെ കുറിച്ചുള്ള സങ്കീർത്തകന്റെ വിവരണം തികച്ചും സർഗാത്മകമാണ്. അവൻ കർത്താവിന്റെ പ്രബോധനത്തിൽ അത്യധികം ആനന്ദിക്കുന്നു. രാപകൽ അവൻ മന്ത്രിക്കുന്നത് അവിടുത്തെ പ്രബോധനമാണ്. ‘മന്ത്രിക്കുക’ എന്നർത്ഥമുള്ള ഹീബ്രൂ ക്രിയാ പദത്തിന് ‘ഗർജിക്കുക’ എന്നും അർത്ഥമുണ്ട്. ധ്യാനിക്കുന്നവൻ മുനി (മൗനി) ആണെങ്കിലും ആ മൗനം സിംഹഗർജനത്തിനു തുല്യമാണെന്ന് ഒരു ധ്വനി ഉണ്ടാവുമോ സങ്കീർത്തകന്റെ മനസ്സിൽ?
മൂന്നാം വാക്യം ‘ഭാഗ്യവാന്റെ’ സമൃദ്ധി, സ്ഥിരത, ഇവ വിവരിക്കുന്നു. ‘സഫലമീയാത്ര’ എന്ന് സ്ഥാപിക്കാൻ സങ്കീർത്തകൻ ഉപയോഗിക്കുന്ന രൂപകം നീർച്ചാലിനരികെ നട്ട വൃക്ഷമാണ്, അതിന് ഇല കൊഴിച്ചിൽ ഇല്ല. തക്കസമയത്ത് കൃത്യസമയത്ത് അത് ഫലം നൽകുകയും ചെയ്യും (ജെറെ.17:8).
നീതിമാന്റെ സവിശേഷതകൾ കൂടുതൽ സ്പഷ്ടം ആക്കാം. ” അവൻ(‘നീതിമാൻ) ആറ്റു തീരത്ത് നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അതുപോലെ വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്. വരൾച്ചയുടെ കാലത്തും അതിന് ഉൽക്കണ്ഠ ഇല്ല. അത് ഫലം നൽകി കൊണ്ടേയിരിക്കും “. നീതിമാന് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ അനായാസം പുറപ്പെടുവിക്കാൻ ആവും.
ആദ്യ പാദത്തിലെ വൃക്ഷ രൂപ കത്തിന് ബദലാണ്,രണ്ടാം പാദത്തിലെ പതിര് . അത് അസ്ഥിരതടെയും പതനത്തിന്റെ യും പ്രതീകമാണ്. ന്യായവിധിയിൽ ദുഷ്ടർ ക്ക് നീതിമാന്മാരുടെ ഗണത്തിൽ നിൽക്കാനാവില്ല. ജ്ഞാനം 4: 20 ഇവിടെ ചേർത്തു വായിക്കണം. ” തങ്ങളുടെ പാവങ്ങളുടെ കണക്കെടുക്കുമ്പോൾ അവർ (ദുഷ്ടർ ) ഭയചകിതരായെത്തും; അവരുടെ ദുഷ്കൃത്യങ്ങൾ അവരെ മുഖത്തു നോക്കി കുറ്റപ്പെടുത്തും “. മാലാക്കി വ്യക്തമാക്കുന്നത് :” അപ്പോൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിൽ ഉള്ള വ്യത്യാസം നിങ്ങൾ ഒരിക്കൽ കൂടി തിരിച്ചറിയും “(3:18) എന്നാണ്.
ഒന്നാമത്തെ മാർഗം ദൈവം പൂർണ്ണമായി അറിയുന്നു. അതിന് അവിടുത്തെ പ്രതിഫലവും ഉറപ്പാണ്. എന്നാൽ രണ്ടാമത്തെ മാർഗ്ഗം നാശം തന്നെയാണ്. അത് മിഥ്യയാണ്. ഇവിടെ കവിവാക്യം ഏറെ പ്രസക്തമാകുന്നു.
നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.
വിശാലമായ ആത്മീയമായ അർത്ഥത്തിൽ ദൈവഹിതം നിറവേറ്റുക ഭക്ഷണമാക്കി മിശിഹാ ( യോഹ 4: 34 ) ആണ് യഥാർത്ഥ നീതിമാൻ. അവിടുന്ന് ജീവന്റെ വൃക്ഷവും ആണ്. അവിടുത്തെ സ്വീകരിച്ചു സ്വന്തം ആക്കുന്നവൻ നിത്യജീവനിലേക്കും തിരസ്കരിക്കുന്നവൻ നാശത്തിലേക്കും പ്രവേശിക്കും ( യോഹ 3: 16 ).
ക്രിസ്തു യിലേക്കുള്ള നിലയ്ക്കാത്ത പ്രയാണം ആയിരിക്കണം ക്രൈസ്തവജീവിതം. ” വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു. ആ കല്ലാണ് ക്രിസ്തു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷക്കായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (നട. 4: 11, 12 ).