അമൂല്യം നിത്യം

Fr Joseph Vattakalam
2 Min Read

ഉപവാസം പ്രാർത്ഥന, പ്രായശ്ചിത്തം ഇവയിൽ ആണല്ലോ നോമ്പുകാലത്ത് നാം സവിശേഷമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “ഉപവസിക്കുക” എന്ന ക്രിയയുടെ നാമം രൂപമാണ് ഉപവാസം. ഈ ക്രിയയുടെ അർത്ഥം അടുത്തായിരിക്കുക എന്നാണ്. അതായത് ദൈവത്തോട് ചേർന്നിരിക്കുകയാണ്. അശ്ശരീരിയായ ദൈവത്തോട് അടുത്തായിരിക്കാം എന്ന് പറയുമ്പോൾ അവിടുത്തെ സ്വഭാവം സ്വന്തമാക്കുക എന്ന് വേണം മനസ്സിലാക്കാൻ.ദൈവത്തോട് ഒട്ടിച്ചേർന്ന് നിൽക്കുന്നയാൾ, സദാ സ്നേഹത്തിൽ, സത്യത്തിൽ, നീതിയിൽ, ആനന്ദത്തിൽ, വിശുദ്ധിയിൽ, വിവേകത്തിൽ, വിശ്വസ്തതയിൽ, പ്രത്യാശയിൽ, ക്ഷമയിൽ അഹിംസയിൽ , ദയയിൽ, കാരുണ്യത്തിൽ, കരുതലിൽ, സഹിഷ്ണുതയിൽ, സഹവർത്തിത്വത്തിൽ, പ്രാർത്ഥനയിൽ ആയിരിക്കണം

ദൈവത്തിൽ നിന്ന് അകറ്റുന്നവയും, അകറ്റാൻ സാധ്യത ഉള്ളവ പോലും പരിത്യജിക്കണം. ദൈവത്തോട് അടുത്ത് ജീവിക്കുന്നയാൾ പോലും “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത, ( ലൂക്കാ 21 :34) ഇവയിൽ മനസ്സ് ദുർബലമാക്കിയാൽ ആ ദിവസം അന്ത്യവിധിയുടെ ദിവസം ഒരു കെണി പോലെ പെട്ടെന്ന് നിങ്ങളുടെമേൽ വന്നു വീഴുകയും ചെയ്യും “

നാം ഈ ലോകത്തേക്ക് വന്നത് സാത്താന്റെ ദാസ്യത്തിൽ നിന്ന് വിമോചിപ്പിക്കപെടാനാണ്. ദൈവം മനുഷ്യനായി അവതരിച്ചു. ഈശോ തന്റെ സഹന മരണോത്ഥാങ്ങളിലൂടെ നമുക്ക് നേടിത്തന്ന രക്ഷ സ്വന്തമാക്കി സ്വർഗ്ഗത്തിൽ എത്താനാണ്. ഈ സത്യത്തോട് ബന്ധപ്പെടുത്തിയാണ് ഈശോ ചോദിക്കുന്നത്.

“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും”?

മത്തായി 16 : 26

സുവിശേഷത്തിന്റെ ഒരു വഴിത്തിരിവിൽ ഈശോ തന്റെ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ച് ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്ന സന്ദർഭത്തിലാണ് ഈശോ മൗലികമായ ഈ ചോദ്യം ഉന്നയിക്കുന്നത്. മനുഷ്യാത്മാവിന്റെ അമൂല്യതയാണ് ഈശോ കാൽവരിയാഗത്തിൽ വ്യക്തമാക്കുന്നത്. മനുഷ്യാത്മാവിനെക്കാൾ മൂല്യമുള്ളതു മാലാഖമാർക്കും സകലത്തിന്റെയും സൃഷ്ടാവും പരിപാലനുമായ മഹോന്നതനും മാത്രമാണ്.

ശിഷ്യന്മാർക്ക് ഇനിയും ഈ മഹാസത്യം മനസ്സിലായിട്ടില്ലെന്നതാണ് പരമാർത്ഥം. ഏതൊരു മനുഷ്യനും ദൈവവുമായി സഹവസിച്ചു സ്വർഗ്ഗത്തിൽ എത്താൻ പീഡാനുഭവം ഉത്ഥാനവും അത്യന്താപേക്ഷിതമാണ്.. കുരിശിലൂടെ അല്ലാതെ കിരീടമില്ല. അവിടുത്തെ സഹന മരണങ്ങളിൽ പങ്കുചേർന്ന് വേണം അവിടുത്തെ പുനരുത്ഥാ നത്തിൽ പങ്കാളികളാകാൻ. ഇരുളും വെളിച്ചവും അശുദ്ധിയും വിശുദ്ധിയും ഒരുമിച്ചു പോവുകയില്ല.

ഇതേക്കുറിച്ച് പൗലോസ് ശ്ലീഹ പറയുന്ന വാക്കുകൾ ഇവിടെ ഉപസംഹാരമാവട്ടെ.

നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌.

എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്‌മാവിന്‌ എതിരാണ്‌; ആത്‌മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്‌. അവ പരസ്‌പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു.

ആത്‌മാവ്‌ നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല.

ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,

വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,

വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,

സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.

യേശുക്രിസ്‌തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.

നമ്മള്‍ ആത്‌മാവിലാണ്‌ ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്‌മാവില്‍ വ്യാപരിക്കാം.

നാം പരസ്‌പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

ഗലാത്തിയാ 5 : 16-26

Share This Article
error: Content is protected !!