ഒരു കാലത്ത്, കേരളത്തിൽ നിന്നുള്ള വിനോദയാത്രക്കാരിൽ പലരും കോളേജുവിദ്യാർത്ഥികളും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പോലും, സന്ദർശിച്ചിരുന്ന, പ്രകൃതിരമണീയമായ സ്ഥലമാണ് ഊട്ടി. ഊട്ടിയിലെ നീലമലകൾ (hair pin curves) ഏവരെയും ഹഠാദാകർഷിക്കുന്നു. തത്തുല്യമായ മറ്റൊരു സ്ഥലമാണ് കോട്ടഗിരി. വിനോദസഞ്ചാരത്തിനു മാത്രമല്ല, സുഖവാസത്തിനും ധാരാളം പേർ അവിടെ പോകാറുണ്ട്. ഈ കുന്നു കയറുന്നവർ ഇരുപതിൽത്താഴെ കൊടുംവളവുകൾ (വമശൃ ുശി രൗൃ്ല)െ വിജയകരമായി കയറേണ്ടിയിരുന്നു, മുകളിലെത്താൻ.
കോട്ടഗിരി കുന്നിന്റെ ഉന്നതശ്രേണികളിലെവിടെയോ ഒരു സായിപ്പ് താമസിച്ചിരുന്നു. അദ്ദേഹത്തിനു ധാരാളം കൃഷിഭൂമികളും അവിടെയുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ കാറിൽ തനിയെ മേൽപ്പറഞ്ഞ കൊടുംവളവുകൾ കയറികയറി മുകളിലേക്കു പോകുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ വച്ച് അദ്ദേഹത്തിന്റെ കാർ കൊക്കയിലേക്കു മറിയുന്നു.
മറിഞ്ഞു മറിഞ്ഞു താഴേക്കു പോകും വഴി, കാറിന്റെ ഡോർ തന്നെ തുറന്ന് അദ്ദേഹം തെറിച്ചുപോകുന്നു. അദ്ദേഹം ആഴങ്ങളിലേക്കു മുട്ടിയും തട്ടിയും മുറിവുകളും ചതവുകളും ഒടിവുകളുമേറ്റു വീഴുമ്പോൾ പെട്ടെന്ന് ഒരു മരത്തിന്റെ നല്ല ഉറപ്പുള്ള ഒരു ശാഖയിൽ അദ്ദേഹത്തിനു പിടികിട്ടുന്നു. പക്ഷേ, പിടിവിട്ടാൽ ആയിരമായിരം അടി താഴേയ്ക്കു കുത്തനെ വീഴുകയായിരിക്കും ഫലം. ഇങ്ങനെ എത്രസമയം ത്രിശങ്കുവിൽ കഴിയും.
ആ നിസ്സഹായാവസ്ഥയിൽ, ആ ദയനീയാവസ്ഥയിൽ ആ മകൻ, മനസ്സിൽ ഇങ്ങനെ വിചാരിക്കുന്നു. അതു ദൈവത്തോടുള്ള ഒരു പ്രാർത്ഥനയും ദൈവത്തിനുള്ള ഒരു സമർപ്പണവുമായിരുന്നു. ഇത്ര തീഷ്ണമായ ഒരു പ്രാർത്ഥനയോ, ഇത്ര സർവ്വം സ്പർശിയായ ഒരു സമർപ്പണമോ നടത്താൻ എത്ര വ്യക്തികൾക്കു കഴിഞ്ഞുകാണുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. പക്ഷേ ദൈവത്തിന്റെ അനന്തപരിപാലനയിൽ അദ്ദേഹത്തിന് അത് സാധിച്ചു. അദ്ദേഹത്തിനുള്ള ദൈവപരിപാലന ത്വരിതപ്പെടുത്താനും അതു സഹായിച്ചു. അദ്ദേഹം മനസ്സിൽ പറഞ്ഞത് ഇത്രയുമാണ്. എന്റെ ദൈവമേ, ഈ കൊടും യാതനയിൽ നിന്ന്, ഈ മരണവക്ത്രത്തിൽ നിന്നു ഞാൻ രക്ഷപ്പെടുകയാണെങ്കിൽ എനിക്കു കോട്ടഗിരിയിലുള്ള സകല സ്വത്തും വിറ്റ് സാധുക്കൾക്ക് സമ്മാനിക്കാം.
സത്വരം ആ മകന്റെ കാതിൽ ഇങ്ങനെയൊരു സ്വരം മുഴങ്ങുന്നു. Off your hands ഇരു കൈകളും മരക്കൊമ്പിൽ നിന്നു വിടുക) അദ്ദേഹത്തിന്റെ ആ സമയത്തെ മാനസികാവസ്ഥ ഊഹിച്ചുകൊള്ളുക. ദൈവത്തിന്റെ പ്രത്യേകത ഇടപെടലില്ലെങ്കിൽ തന്റെ തരിപോലും ആരും കാണുകയില്ല എന്ന് അദ്ദേഹത്തിന് ഉറപ്പാണ്. ദൈവത്തിന്റെ സ്വരമായിരിക്കുമോ താൻ കേട്ടത്. അദ്ദേഹം ചിന്തിച്ചു. നിമിഷങ്ങൾക്കകം ഒരു കാര്യം അദ്ദേഹത്തിന് ആഴമായി ബോധ്യപ്പെടുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ഈ സത്യം ആവുന്നത്ര സമ്പൂർണ്ണതയിൽ ഉൾക്കൊണ്ട്, അതിൽ ഉറച്ചു വിശ്വസിച്ച് നമ്മുടെ സൂഹൃത്തു കൈ രണ്ടും മരക്കൊമ്പിൽ നിന്നുവിടുന്നു.
അദ്ദേഹം, കഴിക്കാംതൂക്കായി കുത്തനെ താഴോട്ടു വീഴുകയാണ്. ദൈവപരിപാലനയുടെ അത്ഭുത പ്രതിഭാസം കേൾക്കുക. ആ മകൻ ചെന്നുവീണത് ദൈവനിർമിതമായ ഒരു കുട്ടയിലാണ്. ആ കുട്ട ഉണ്ടാക്കിയിരിക്കുന്ന േൌളള എന്താണെന്നു നാം മനസ്സിലാക്കണം. ചില ചെടികളുടെ നേർത്ത വള്ളകിളും മരങ്ങളുടെ പറ്റുവേരുകളും! ധാരാളം പരിക്കുകളും മുറിവുകളും ഒടിവുകളും ഉണ്ടായിരുന്നെങ്കിലും അപകടം മരണകരമായില്ല.
പക്ഷേ, അവിടെനിന്നു തനിയേ എഴുന്നേറ്റു മലകയറാവുന്ന അവസ്ഥ ആയിരുന്നില്ല. അദ്ദേഹം പ്രത്യാശ കൈവെടിയാതെ നിരന്തരം പ്രാർത്ഥിച്ചുകൊണ്ട്, അദ്ദേഹം ദൈവം സമ്മാനിച്ച കുട്ടയിൽ കിടക്കുകയാണ്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കാട്ടിൽ പണിചെയ്തിരുന്ന കുറെ കങ്കാണികൾ അതിലെ വരുകയും ആ മകനെ കാണുകയും ചെയ്യുന്നു. മനുഷ്യത്വം തുളുമ്പിനിന്നിരുന്ന ആ പാവപ്പെട്ട മക്കൾ അറിയാമായിരുന്ന പ്രഥമശുശ്രൂഷകൾ ചെയ്തതിനുശേഷം അദ്ദേഹത്തെ താങ്ങിയെടുത്ത്, ഗിരിമുകളിൽ ഉള്ള ആശുപത്രിയിലെത്തിക്കുന്നു. ഈ അത്ഭുത രക്ഷപ്പെടലിന്റെ വിവരം നാട്ടുകാരും വീട്ടുകാരുമെല്ലാം വേഗമറിയുന്നു.
അന്നു ലഭിക്കാമായിരുന്ന എല്ലാ വിദഗ്ദ്ധ ചികിത്സകളും ശുശ്രൂഷകളും അദ്ദേഹത്തിനു ലഭിക്കുന്നു. മാസങ്ങൾ നീണ്ടുനിന്ന ചികിത്സയ്ക്കുശേഷം, അദ്ദേഹം ഒട്ടൊക്കെ സുഖംപ്രാപിക്കുന്നു. നല്ല ദൈവത്തോടു താൻചെയ്ത വാഗ്ദാനം അദ്ദേഹം അക്ഷരാർത്ഥത്തിൽ നിറവേറ്റുന്നു. കോട്ടഗിരിയിലുണ്ടായിരുന്ന തന്റെ വസ്തുവകകൾ വിറ്റുകിട്ടയ പണമത്രയും പാവങ്ങൾക്ക്, വിശിഷ്യാ തന്നെ രക്ഷിക്കാൻ സർവ്വശക്തൻ അയച്ച കാവൽമാലാഖാമാർക്ക് അദ്ദേഹം വീതിച്ചുകൊടുക്കുന്നു. സ്വദേശത്തേയ്ക്കു പോകുന്നതിനുമുമ്പ്, കോട്ടഗിരിയിലുള്ള കപ്പൂച്ചിൻ സെമിനാരിയിൽചെന്ന്, അന്ന് അവിടെയുണ്ടായിരുന്ന വൈദികരോടും വൈദികവിദ്യാർത്ഥികളോടും അദ്ദേഹം നേരിൽ സാക്ഷ്യപ്പെടുത്തിയതാണ് ഈ അത്യപൂർവ്വ ദൈവാനുഭവം. ജോസ് വെട്ടികാട്ട് അച്ചനിൽ (കപ്പൂച്ചിൻ) നിന്നാണ് ലേഖകൻ ഈ സാക്ഷ്യം കേട്ടത്.