ദൈവം നന്മയാണ്. നന്മയെല്ലാം ദൈവത്തിൽ നിന്ന് വരുന്നു. നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതും ദൈവം തന്നെ. നന്മയിൽ നിലനിൽക്കാനുള്ള എല്ലാ സിദ്ധികളും അവിടുന്ന് സമ്മാനിക്കുന്നുണ്ട്. ദൈവത്തെ മാത്രമേ വിശേഷണങ്ങൾ ഒന്നും കൂടാതെ നന്മ എന്ന് വിശേഷിപ്പിക്കാനാവൂ.
സാത്താൻ തിന്മയാണ്. വിശേഷം ഒന്നും കൂടാതെ അവനെയും തിന്മ എന്ന് വിശേഷിപ്പിക്കാം. കാരണം അവനിൽ തിന്മ അല്ലാതെ ഒന്നും ഇല്ല. എല്ലാ തിന്മയുടെ ഉറവിടം അവനാണ്. പറയുകയോ പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിന്റെ പിന്നിൽ അവന്റെ പ്രേരണയും പ്രോത്സാഹനവും ഉണ്ട്.
ഒരു ദൈവമേ ഉള്ളൂ. ദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട്. പിതാവ്, പുത്രൻ,പരിശുദ്ധാത്മാവ്. ഈശോ ആണ് ഈ മഹാരഹസ്യം ലോകത്തിന് വെളിപ്പെടുത്തിയത്. അവിടുന്ന് മാത്രമേ ദൈവത്തെ നേരായ വിധത്തിൽ കണ്ടിട്ടുള്ളൂ. സത്യ ദൈവം സ്നേഹമാണ്. അതുകൊണ്ടുതന്നെയാണ് അവിടുന്ന് ഏകവും ത്രിത്വവും ആയിരിക്കുന്നത്. യഥാർത്ഥമായ സ്നേഹം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വയം ദാനമാണ്. പിതാവിന്റെ സ്വയം ദാനമാണ് പുത്രൻ. ആ സ്നേഹത്തിൽ നിന്ന് പുത്രൻ ജനിക്കുന്നു ( ഏകജാതൻ ). അതുകൊണ്ടു തന്നെയാണ് അവർ പിതാവും പുത്രനും ആയിരിക്കുന്നത്.
പിതാവ് സ്നേഹം ആയതുകൊണ്ട് പുത്രനും സ്നേഹമാണ്. പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിന്റെ സമാഹരണം ആണ് പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിൽ നിന്ന് പരിശുദ്ധാത്മാവ് പുറപ്പെടുകയാണ്. മൂവരും ഒരു പോലെ സ്നേഹമാണ്. ഇതര സവിശേഷതകളെക്കുറിച്ച് എല്ലാം ഇതും സത്യമാണ്. ഈശോ വെളിപ്പെടുത്തിയതുകൊണ്ടാണ് ഇപ്രകാരം എങ്കിലും ഒന്നു പറയാൻ നമുക്ക് കഴിയുക. അതെ, സത്ത യിൽ സമൻമാരായ 3 ആളുകൾ ദൈവത്തിൽ ഉണ്ട്. പക്ഷേ, അവർ മൂവരും ചേർന്ന് ഒരു ദൈവം ആകുന്നു. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും ആയ മഹാരഹസ്യം ആണിത്. ഈശോ ഈ സത്യം ലോകത്തിന് വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ, ഇന്നും ലോകം അന്ധകാരത്തിൽ ആണ്ടു കിടക്കുമായിരുന്നു. ഈശോയെ, നന്ദി!
സാത്താനോ ഒന്നല്ല, മൂന്നല്ല, പലരാണ്, പലതാണ്. മർക്കോസ് 5:9ൽ അവൻ തന്നെ ഇതു പറഞ്ഞിരിക്കുന്നു. സാത്താനോട് ഈശോ നിന്റെ പേര് എന്ത് എന്ന് ചോദിച്ചപ്പോൾ, സങ്കോചലേശമന്യേ അവൻ പറയുന്നു:” എന്റെ പേര് ലെഗിയോൻ. ഞങ്ങൾ അനേകം പേരുണ്ട് “എന്ന്. ദൈവം സത്യം സത്യമായും സ്നേഹമാണ്. സാത്താനോ വെറുപ്പ്, വിദ്വേഷം വൈരാഗ്യം, പ്രതികാരം,അഹങ്കാരം, വിഭാഗീയ ചിന്ത, ദ്രവ്യാഗ്രഹം, (മാമോൻ ) ധിക്കാരം, നിഷേധം, ദൈവനിഷേധം,ഉൾപ്പെടെ ) ആസക്തി, അവസരവാദം, സങ്കുചിതത്വം, പിശുക്ക്, കാലുവാരൽ,പാരവെപ്പ്,അധികാര നിഷേധം ( ഇതും ദൈവനിഷേധം തന്നെ. കാരണം അധികാരം ദൈവത്തിൽ നിന്ന് വരുന്നതാണ് ) ഇവയെല്ലാം സാത്താനാണ്.