1233 –ൽ സ്ഥാപിതമായ ഒരു സഭയാണ് ‘മേരീദാസന്മാർ‘ എന്ന സഭ. മാർട്ടിൻ പഞ്ചമൻ മാർപ്പാപ്പ അഞ്ചാം യാചക സഭ എന്ന് പേർവിളിച്ചു. ഫ്ലോറൻസിലെ ഏഴു പ്രഭു കുടുബാംഗങ്ങളാണ് ഈ സഭയുടെ സ്ഥാപകർ. ബോൺഫീലിയൂസ്, ബോണയുംക്ത, അമിദേവൂസ്, ഹ്യുഗ്, മാനേത്തൂസ്, സോസ്തേനൂസ്, അലക്സിയൂസ് എന്നിവരാണ് . 1888 –ൽ എല്ലാവരെയും വിശുദ്ധരെന്നു നാമകരണം ചെയ്തു. 1233 –ൽ സ്വർഗ്ഗാരോപണ തിരുനാൾദിവസം മേല്പറഞ്ഞ ഏഴു യുവാക്കൾക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് അവരോടു ലൗകികാർഭാടങ്ങൾ പരിത്യജിച്ച് തൻ്റെ സേവനത്തിനു വരാൻ ആവശ്യപ്പെട്ടു.
ഫ്ലോറെൻസിനടുത്ത് ലക്മാർസിയാ എന്ന പ്രദേശത്താണ്. പ്രഥമാശ്രമം അവർ സ്ഥാപിച്ചത് . മോന്തേസെനാരിയോയിലായിരുന്നു രണ്ടാമത്തെ ആശ്രമം. അവിടെവച്ച് ദൈവമാതാവുതന്നെയത്രേ അവർക്ക് സഭാവസ്ത്രം നൽകിയത്. വി. അഗസ്റ്റിന്റെ നിയമങ്ങൾ അനുസരിക്കാനാണ് ദൈവമാതാവ് നിർദേശിച്ചത് . 1249 –ൽ സഭയ്ക്ക് പ്രാഥമികാംഗീകാരം ലഭിച്ചു . 1272 –ൽ സഭ നിർത്തലാക്കപ്പെട്ടു. 1304 –ൽ സഭയ്ക്ക് സ്ഥിരമായ അംഗീകരണം സിദ്ധിക്കുകയുണ്ടായി. അനിതരസാധാരണമായിരുന്നു ഈ സഭയുടെ വളർച്ച. 1285 –ൽ ഈ സഭയ്ക്ക് പതിനായിരം അംഗങ്ങളുണ്ടായിരുന്നു . ഫ്രാൻസിലും സ്പെയിനിലും ഇറ്റലിയിലും ജർമ്മനിയിലും നൂറ് ആശ്രമങ്ങളുണ്ടായിരുന്നു. 1867 –ൽ ഇഗ്ലണ്ടിലും 1870 –ൽ അമേരിക്കയിലും ആശ്രമങ്ങളാരംഭിച്ചു .
മേരീദാസന്മാർ ആഘോഷാവൃതങ്ങളെടുക്കുന്നു; ദൈവമാതാവിന്റെ ഏഴു വ്യാകുലതകളോടുള്ള ഭക്തി പ്രത്യേക വിധത്തിൽ അഭ്യസിക്കുന്നു.
വിചിന്തനം: മേരീദാസന്മാർക്കു ദൈവം നൽകിയ അനുഗ്രഹം അസാധാരണമാണ്. അങ്ങനെ ചിലർക്ക് അസാധാരണ വരങ്ങൾ ലഭിക്കുമ്പോൾ നാം അസൂയപ്പെടാതെ നമുക്ക് ലഭിക്കുന്ന വരങ്ങൾ ശരിയായി ഉപയോഗിക്കാൻ ശ്രമിക്കാം.