ഈ ക്രിസ്മസ് മനോഹരമാക്കാൻ
നമ്മുടെ കർത്താവിന്റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് മനോഹരമാക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കായി മലർക്കെ തുറക്കാം (വെളി. 3:20) ‘കർത്താവെ അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ യോഗ്യനല്ല’ എന്ന് പറഞ്ഞ ശതാധിപന്റെ മനോഭാവം നാം സ്വന്തമാക്കി ഹൃദയം വിശുദ്ധീകരിക്കണം. മൂന്നു കാര്യങ്ങളാണ് ഇവിടെ അത്യാവശ്യം (1) എല്ലാ ദിവസവും ദൈവസന്നിധിയിൽ നമ്മുടെ മനസാക്ഷിയെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുക. ഇങ്ങനെ ചെയ്താൽ ആത്മാവ് സദാ ഉണർവോടെ ഇരിക്കും. കുറവുകളെ ഓർത്തു പശ്ചാത്തപിച്ചു ദൈവകൃപ സ്വീകരിച്ചു വിശുദ്ധിക്കായി നിരന്തരം പരിശ്രമിക്കുക.
(2) ഏവരുമായി രമ്യപ്പെടുക. സഹോദരനുമായി രമ്യപ്പെടാതെ ദൈവവുമായി രേമ്യപ്പെടുക അസാധ്യം (1 യോഹ. 4:20). ക്രിസ്മസിന്റെ ആനന്ദത്തിന്റെ പൂർണത അനുഭവിക്കാൻ, വേദനിപ്പിച്ചവരോട്, തള്ളിപ്പറഞ്ഞവരോട് വ്യവസ്ഥയില്ലാതെ ക്ഷമിച്ചു അനുഗ്രഹിച്ചു അവരെ സ്നേഹിക്കുക; ഈശോയുടെ തിരുനാമത്തിൽ ക്ഷമിക്കണം. മുറിഞ്ഞ ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കുന്നതു വലിയ സാക്ഷ്യവും അനുഗ്രഹവുമായിരിക്കും. ഈ പ്രാവശ്യം കേക്കുമായി പോകുന്നത് വര്ഷങ്ങളായി നീരസത്തിൽ അകന്നു കഴിയുന്നവരുടെ ഭാവനങ്ങളിലായിരിക്കട്ടെ.
(3) സ്വയം വിശുദ്ധീകരണത്തിന്റെ ഏറ്റം പ്രധാനപ്പെട്ട പടിയാണ് യഥാർത്ഥമായ അനുതാപത്തോടെയുള്ള കുമ്പസാരം. പുണ്യശ്ലോകനായ ഞങ്ങളുടെ ഗുരുനാഥൻ ജോർജ് തൈക്കുടനച്ചൻ കുമ്പസാരത്തെ നിർവചിച്ചതു, അര നൂറ്റാണ്ടു മുന്പാണെങ്കിലും ഇപ്പോഴും ഓർമയിൽ പച്ചയായി നിലനിൽക്കുന്നു. Confession is a bath in the blood of our Lord. ഈശോയുടെ തിരുരക്തത്തിനു മാത്രമേ മാനവരാശിയുടെ പാപം മോചിക്കൻ കഴിയു. മറ്റാരും മനുജകുലത്തിന്റെ പാപപരിഹാരാര്ഥം രക്തം ചീന്തിയിട്ടില്ല. ദൈവമായ അവിടുന്ന് മനുഷ്യനായി അവതരിച്ചത് പാപപരിഹാരാര്ഥം മരിക്കാൻ വേണ്ടിയാണു. മരിക്കാൻ വേണ്ടി ജനിച്ച മറ്റൊരു വ്യക്തിയില്ല. തന്റെ ജനനമരണോത്ഥാനങ്ങളിലൂടെ പിശാചിന്റെ തല (അധികാരം) തകർത്തു അവിടുന്ന് ലോകരക്ഷകനും ഏക രക്ഷകനുമായി. ‘മറ്റാരാലും രക്ഷയില്ല. ആകാശത്തിനു കീഴെ ഭൂമിക്കു മുകളിൽ നമ്മുടെ രക്ഷയ്ക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അ. പ്ര. 4:12). നമ്മുടെ ഹൃദയം മഞ്ഞുപോലെ വെണ്മയുള്ളതാക്കി കമ്പിളിപോലെ വെളുപ്പിച്ചു (ഏശയ്യാ 1:18) ഈശോയുടെ സ്വന്തമാക്കുക എന്നതാണ് വി. കുമ്പസാരത്തിന്റെ ഉദാത്ത ദൗത്യം.
ഈശോയുടെ സ്വന്തമായ വ്യക്തി ഏതാനും ചില ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം 1 . പൊതുപ്രാര്ഥനകൾക്കു പുറമെ വ്യക്തിപരമായ പ്രാർത്ഥന. ഇത് ഈശോയോടു ഒട്ടി നിന്നുകൊണ്ടുള്ള വൈയക്തികമായ സ്നേഹസംഭാഷണമാണ്. ദിവസത്തിന്റെ ഏറ്റം ഉണർവുള്ള സമയം ഈ സമുന്നത ദൗത്യത്തിന് വേണ്ടി മാറ്റിവയ്ക്കാം. 2 . ദൈവവചനം: വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചതിന്റെ (യോഹ. 1:14) ഓര്മയാചരണമാണല്ലോ ക്രിസ്മസ്. വചനം കൂടുതലായി വായിക്കുക, ധ്യാനിക്കുക, ഉരുവിടുക ഒക്കെയല്ലേ വചനമായ ഈശോയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഉത്തമമാര്ഗം! ദൈവവചനം ചങ്കോട് ചേർത്ത് വായിക്കുന്നവരുടെ ഈ 25 ദിവസങ്ങൾ. സർവോപരി വചനം ജീവിക്കാനുള്ള അവസരമാകട്ടെ ഈ പിറവിക്കാലം.
ഈശോയോടുള്ള സ്നേഹത്തെപ്രതി ഈ 25 ദിവസം എനിക്ക് എന്തൊക്കെ വേണ്ടെന്നു വയ്ക്കാം സാധിക്കും? എന്റെ കണ്ണുകൾക്ക് കൗതുകമാകുന്നവ, കാതുകൾക്ക് ഇമ്പമേകുന്നവ, നാവിനു രുചി പകരുന്നവ… അനുവദനീയമായ സന്തോഷങ്ങൾ പോലും ഈശോയോടുള്ള സ്നേഹത്തെപ്രതി വേണ്ടെന്നുവെച്ചാൽ, അത് ഈശോയ്ക്കു ഏറെ ആനന്ദകരമായിരിക്കും. കരുണയുടെ പ്രവർത്തികളാണ് അവിടുത്തേക്ക് ഏറ്റം ഇഷ്ട്ടം. അതുകൊണ്ടു ആവുന്നിടത്തോളം കരുണയുടെ പ്രവർത്തികൾ ചെയുക.
നാം ആയിരിക്കുന്നിടത്തു ഈശോയെ പങ്കുവയ്ക്കാൻ, അവിടുന്ന് നൽകുന്ന സ്നേഹം, സമാധാനം, സന്തോഷം, സൗഖ്യം എല്ലാം മറ്റുള്ളവരോട് പറയാൻ നമക്ക് കഴിയട്ടെ. നമക്ക് ജീവിക്കുക ക്രിസ്തുവാകട്ടെ!
നോമ്പും ഉപവാസവും ആവുന്നത്ര പൂർണതയിൽ അഭ്യസിക്കാൻ ഏവർക്കും ആവട്ടെ. ഇന്ന് ജീവിക്കുന്ന മലയാളികളിൽ ഏറ്റം ഉന്നതനെന്നു കരുതപ്പെടുന്ന ഒരു ക്രൈസ്തവൻ മത്സ്യം,മാംസം, മുട്ട, പാൽ,കാപ്പി, ചായ ഇവ വർജ്ജിച്ചു തന്റെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി കാഴ്ചവയ്ക്കുന്ന ആളാണ്.
പൊതുവായിത്തന്നെ മാധ്യമങ്ങളുടെ ഉപയോഗം മിനിമം ആക്കുക. നല്ല ഗ്രന്ഥങ്ങൾ വായിക്കുക, പ്രഭാഷണങ്ങൾ കേൾക്കുക, ദിവ്യസനിധിയിലായിരിക്കുക.
ക്രിസ്മസ് നമുക്ക് ആഘോഷമാവുന്നതിനേക്കാൾ ആത്മീയാനുഭവം, വിശുദ്ധിയിൽ, നന്മയിൽ വളർത്തുന്ന അനുഭവമായിരിക്കട്ടെ.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.