അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയുംദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്.മത്തായി 5 : 43-48
യേശുവിന്റെ പുതിയ പ്രബോധനത്തിന്റെ പശ്ചാത്തലം ലേവ്യർ 19 :18 ആണ് നിന്റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. എന്നാൽ മത്തായി 5 43 പറയുന്നതുപോലെ ശത്രുവിനെ ദ്വേഷിക്കുക എന്ന ഭാഗം ലേവ്യർ 19: 18 വ്യക്തമായി കാണുന്നില്ല. അയൽക്കാരന് യഹൂദർ നൽകിയിരുന്ന വ്യാഖ്യാനത്തിൽ നിന്നായിരിക്കണം. അയൽക്കാർ അല്ലാത്തവരെല്ലാം ശത്രുക്കളാണ് എന്ന ചിന്ത ഉണ്ടായത്. അതിൽ നിന്നാണ് ശത്രുവിനെ ദ്വേഷിക്കുക എന്ന ചിന്താഗതി രൂപപ്പെടുന്നത്. നിന്റെ ജനത്തോട് പ്രതികാരമോ പകയോ പാടില്ല എന്നതിലെ നിന്റെ ജനം യഹൂദജനം ആണ് എന്നതിന് സംശയമില്ല വി ജാതിയാരെ യഹൂദർ ഒരു ഭീഷണിയായി ട്ടാണ് കരുതിയിരുന്നത്. അതുകൊണ്ട് ശത്രുവിനെ ദ്വേഷിക്കുക എന്നത് പ്രായോഗികമായി യഹൂദരുടെ ഇടയിൽ നിലവിലിരുന്നു എന്നതിനെ അടിസ്ഥാനത്തിലായിരിക്കണം യേശു സംസാരിച്ചത്. സ്നേഹത്തിനെ യഹൂദാ ചിന്താഗതിയിലെ അയൽക്കാരൻ എന്ന അതിർവരമ്പ് അവിടുന്നു നീക്കം ചെയ്തു. അഥവാ അയൽക്കാരന്റെ വ്യാഖ്യാനത്തിന് സാർവത്രിക മാനം യേശുവിൽ കൈവന്നു. കുറച്ചുകൂടി വ്യക്തമായി ശത്രുവിനെ സ്നേഹിക്കുക എന്നത് ഒരു പുതിയ കല്പനയായി തീർന്നു. അത് ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്ന നീതിയാണ്, നിയമത്തിന്റെ പൂർത്തീകരണമാണ്.
യഥാർത്ഥത്തിൽ യേശു പൂർത്തിയാക്കുന്നത് അയൽക്കാരനെ സ്നേഹിക്കുക എന്ന കൽപ്പനയാണ്. എല്ലാവരെയും ഉൾക്കൊള്ളാത്ത അയൽക്കാരോട് ഉള്ള സ്നേഹം സ്നേഹത്തിന്റെ പരിധിയിൽ നിന്നും പലരെയും ഒഴിവാക്കുന്നു. അതാണ് ഈ നിയമത്തിന്റെ അപര്യാപ്തത. അയൽക്കാരനെ സ്നേഹിക്കുന്നതിന്റെ യുക്തി സഹജമായ പരിണിതഫലമാണ് ശത്രുവിനെ വെറുക്കുക എന്നത്. സങ്കുചിതമായ അർത്ഥത്തിൽ അയൽക്കാരനെ മാത്രം സ്നേഹിക്കുന്നവന് മറ്റുള്ളവരെ വെറുക്കാതിരിക്കാനാവില്ല.
മത്തായിയുടെ സുവിശേഷത്തിന്റെ പശ്ചാത്തലത്തിൽ മത പീഡകരെ ആണ് ശത്രു എന്ന് വിശേഷിപ്പിക്കുന്നത്. ശത്രുക്കളെ സ്നേഹിക്കുക എങ്ങനെയെന്ന് യേശു വ്യക്തമാക്കുന്നുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്. അതാണ് അവരോടുള്ള സ്നേഹത്തിന്റെ തെളിവ്. ശത്രുക്കളെ സ്നേഹിക്കുന്നവർക്ക് യേശു നൽകുന്ന വാഗ്ദാനം അവർ ദൈവമക്കളായി തീരുമെന്നാണ്. ദൈവത്തെ അനുകരിച്ചുകൊണ്ട് വേണം അവർ ദൈവമക്കൾ ആയിത്തീരാൻ. അവിടുത്തെ പ്രവർത്തന ശൈലിയാണ് 45-ആം വാക്യത്തിൽ വിവരിക്കുന്നത്. ദുഷ്ടരുടെ യും ശിഷ്ടരുടെ മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ യും നീതി രഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്ന പിതാവിന്റെ പരിപൂർണ്ണത മുമ്പിൽ കണ്ടുകൊണ്ട് വേണം യേശുവിന്റെ ശിഷ്യന്മാർ പ്രവർത്തിക്കാൻ. നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്ന നീതിയെ കുറിച്ചാണ് മലയിലെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചത് (5 :20). അതുപോലെ മത്തായിയുടെ സമൂഹത്തിന് പരിചിതമായ ചുങ്കക്കാരന്റെയും വിജാതിയന്റെയും സ്നേഹവുമായിട്ടാണ് ശിഷ്യന്മാരുടെ നീതിയെ താരതമ്യം ചെയ്യുക. മത്തായി തന്നെ ചുങ്കക്കാരൻ ആയിരുന്നല്ലോ. വിജാതിയർ ദൈവത്തിന്റെ സ്നേഹം അറിയാത്തവരാണ്. ചുങ്കക്കാരുടെയും വിജാതിയരുടെയും സ്നേഹത്തെ അതിശയിക്കുന്ന സ്നേഹമാണ് യേശു ശിഷ്യരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതായത് സ്വാർത്ഥതാല്പര്യങ്ങൾ നിന്ന് പൂർണ്ണമായും വിമുക്തമായുമുള്ള സ്നേഹം അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹം. നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ചുങ്ക കാർക്കും വിജാതിയർക്കു ഇടയിലുള്ള നീതിയിൽ നിന്നു വ്യത്യസ്തമല്ല.