വിശ്വാസം മനുഷ്യനെ ദൈവത്തോളം ഉയർത്തുന്നു. ദൈവത്തോടുകൂടെ നടത്തുന്നു. നിത്യജീവന്റെ മുന്നാസ്വാദനം പകരുന്നു. ലോകത്തെയും മനുഷ്യരേയും വ്യക്തമായി കാണാൻ ഇടയാക്കുന്നു. എന്നാൽ വിശ്വാസം കൂടാതെ ജീവിക്കുക എന്നത് ഈ ലോകത്തിൽ മനുഷ്യനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണ്. കേവലം മറ്റൊരു ജീവിയായി തിന്നും കുടിച്ചും ഇണചേർന്നും ഉറങ്ങിയും കഴിയേണ്ടിവരും. ഒരിക്കൽ മരിച്ചു മണ്ണടിയും.
വിശ്വാസി ആവുകയാണ് പരമപ്രധാനം. ഇന്നലെവരെ കാണപ്പെടുന്ന നശ്വര വസ്തുക്കളിൽ കണ്ണൂർ ഉറപ്പിച്ച് നടന്നിരുന്നവർ ഇന്ന് അനശ്വരമായ കാണപ്പെടാത്തവയിൽ ദൃഷ്ടിയൂന്നി ഉന്നതങ്ങളിൽ വസിക്കും. അവിശ്വാസി പുഴുവിനെ പോലെ മണ്ണിൽ ഇഴഞ്ഞു നടക്കുമ്പോൾ വിശ്വാസ ശലഭത്തെ പോലെ ആകാശത്തിൽ പറന്നു നടക്കും.
ഉയരങ്ങളിൽ നിന്ന് താഴേക്ക് നോക്കിയാൽ താഴെ ഉള്ളതൊക്കെ ചെറുതായിട്ട് ആണ് കാണുക. ഒരു വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുക. അംബരചുംബികളായ കെട്ടിടങ്ങൾ പോലും തീപ്പെട്ടി കൂടുകൾ പോലെ ചെറുതായിട്ട് തോന്നും. വിശ്വാസി ദൈവം വസിക്കുന്ന ഉന്നതങ്ങളിൽ ചേക്കേറുമ്പോൾ ഈ ലോകം തരുന്ന രോഗദുരിതങ്ങൾ ഒക്കെ വളരെ നിസ്സാരമായി മാത്രമേ അവന് അനുഭവപ്പെടുകയുള്ളൂ. അവയൊന്നും തന്നെ സ്പർശിക്കാനാവാത്ത വിധം താൻ ഉന്നതങ്ങളിൽ ആണെന്ന് അവന് മനസ്സിലാകും. അതെ!അവൻ ദൈവത്തിന്റെ കരങ്ങളിൽ ആണ്. സൗഖ്യം ജീവനും എത്ര എളുപ്പമാണ്.
എന്നാൽ അവിശ്വാസി ആകട്ടെ നിസ്സാരമായ ലോക ദുരിതങ്ങൾ പോലും പാർവ്വതി കരിക്കപ്പെട്ട ഭയവിഹ്വലനായി കഴിയും. രോഗ ചിന്തകളും മരണഭയവും അവനെ ഗ്രസിക്കും. ജീവിതം ദുരിതപൂർണ്ണം ആകും.
പുറം കണ്ണുകൾക്ക് മുന്നിൽ കാണുന്നില്ലെങ്കിലും വിശ്വാസത്തിന്റെ ഉൾകണ്ണാലെ കാണുക. ദൈവം കൂടെയുണ്ട്. തിരു സാന്നിധ്യത്തെ അനുഭവിച്ചറിയുക. ഓരോ ദിവസവും അൽഭുതകരമായ അടയാളത്തിലൂടെ നമ്മെ നയിക്കുന്നതും കാണാം. നമ്മോടു കൂടെ വസിക്കാൻ ആണ് അവിടുന്ന് ഇമ്മാനുവേൽ ആയത്.
മനുഷ്യവംശത്തിന്റെ തകർച്ചയിലേക്ക് ആണ് ദൈവപുത്രൻ വിമോചകനായി അവതരിച്ചത്. ഇന്നിതാ നമ്മുടെ തകർച്ചക്കും രോഗങ്ങൾക്കും നടുവിലേക്ക് അവിടുന്ന് വിമോചകനായി താണിറങ്ങിയിരിക്കുന്നു.
അവിടുന്ന് നമ്മെ നോക്കി പറയുന്നു. ” അവിശ്വാസി ആകാതെ വിശ്വാസി ആയിരിക്കുക (യോഹന്നാൻ 20 :27 ).
” വേടന്റെ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും നിന്നെ ഞാൻ രക്ഷിക്കും. ദീർഘായുസ്സ് നൽകി നിന്നെ ഞാൻ അനുഗ്രഹിക്കും “( സങ്കീർത്തനം 91).
വിശ്വസിക്കുക. വിശ്വാസം നാളെ വിടരാൻ കൊതിച്ചു കൂമ്പി നിൽക്കുന്ന ഒരു പൂമൊട്ടുപോലെ നമ്മുടെ ജീവിതം പ്രത്യാശാ ഭരിതമാക്കും. ഇന്നലെവരെ ലോകത്തിന്റെ മായാ മോഹങ്ങളിൽ പെട്ട് ഇഴഞ്ഞു നടന്നിരുന്ന ഒരു പുഴു ആയിരുന്ന സുകൃതത്തിന്റെ മലർവാടികളിൽ പൂന്തേൻ ഉണ്ട് പാറിപ്പറന്നു നടക്കുന്ന ഒരു വർണ്ണ ശലഭം ആക്കും.
അതേ! ജീവന്റെ സുഗന്ധമാണ് വിശ്വാസം. വീണ്ടും വീണ്ടും അവിടുന്ന് നമ്മോട് പറയുന്നു. അവിശ്വാസി ആകാതെ, വിശ്വാസി ആകുക.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം