പതിനൊന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു കുട്ടി കാറ്റിക്കിസത്തിനും (cathechism) കുർബാനയ്ക്കും വരാതിരുന്നതിനാൽ, കുട്ടിയുടെ പിതാവിനെ കണ്ടു അച്ചൻ വിവരം തിരക്കി. അപ്പോൾ ആ പിതാവ് പറഞ്ഞു: അച്ചാ, എന്റെ മകൾക്കു ഡോക്ടർ ആകണമെന്നാണ് ജീവിതാഭിലാഷം. കാറ്റിക്കിസം പഠിച്ചാൽ ഡോക്ടറാകുമോ? ഡോക്ടറാകാൻ, അവൾ ഞായറാഴ്ചകളിൽ കോച്ചിങ്ങിനു പോവുകയാണ്. അച്ചൻ പറഞ്ഞു: കാറ്റിക്കിസം പഠിച്ചാൽ ഡോക്ടറാകുമോ എന്നറിയില്ല. എന്നാൽ, കുർബാന ചൊല്ലുകയും കാറ്റിക്കിസം പഠിക്കുകയും ചെയ്താൽ അവൾ നല്ല ഒരു daughter (പുത്രി) ആകും. “അച്ചൻ തമാശ പറയുകയാണോ?” എന്ന് ചോദിച്ചു അയാൾ കടന്നു പോയി . കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അച്ചൻ കുട്ടിയെയും കണ്ടു . പിതാവിനോട് ചോദിച്ചകാര്യങ്ങളെല്ലാം അവളോട് ചോദിച്ചു. അപ്പൻ പറഞ്ഞ കാര്യങ്ങളെല്ലാം അവളും പറഞ്ഞു. അങ്ങനെ കുട്ടി എൻട്രൻസ് (entrance) പഠിച്ചു. പരീക്ഷയെല്ലാം കഴിഞ്ഞു. ഫലം പ്രഖ്യാപിക്കപ്പെട്ടു. കുർബാനയ്ക്കു കൃത്യമായി വന്നു കാറ്റിക്കിസം പഠിച്ചിരുന്ന പല കുട്ടികളും. അച്ചനു ജിലേബിയും മറ്റുമായി വന്നു.‘കഥാപുരഷയെയും‘ അച്ചൻ പ്രതീക്ഷിച്ചുവത്രേ. കണ്ടില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞു ആ കുട്ടിയെ അച്ചൻ വഴി മദ്ധ്യേ കണ്ടു. അദ്ദേഹം ആകാംഷയോടെ ചോദിച്ചു:” നിന്നെ, ജിലേബിയുമായി കണ്ടില്ലല്ലോ. ഏതു മെഡിക്കൽ കോളേജിലാനിനക്ക് പ്രവേശനം? എന്നാണ് ക്ലാസുകൾ ആരംഭിക്കുക?” “എന്താ അച്ചാ, അച്ചൻ എന്നെ കളിയാക്കുന്നത്? എനിക്ക് കിട്ടിയില്ല” , “കിട്ടിയില്ലേ?” അച്ചൻ ചോദിച്ചു. “മോളുടെ റാങ്ക് എത്രയാ?” “48211 “, അവൾ കൃത്യമായി പറഞ്ഞു.
ഇപ്പോൾ ഒരു ഡിഅഡിക്ഷൻ (deaddiction) സെന്ററിൽ ശുശ്രൂഷ ചെയ്യുന്ന ബ. അച്ചൻ പറഞ്ഞ ഒരനുഭവം. ഐ എ അസിന് കോച്ചിങ് കൊടുക്കുന്ന ഒരു സെന്ററിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയുടെ കഥയാണത്. പ്ലസ് ടു വരെ ഉന്നത വിജയവും റാങ്കും നേടി പഠിച്ചിരുന്ന വിദ്യാർത്ഥിയാണ് അവൻ. ഇപ്പോൾ അവൻ കഞ്ചാവിനു കടുത്ത അടിമയാണ്. അതില്ലാതെ അവനു ജീവിക്കാൻ സാധിക്കുകയില്ല. ദുബായിൽ ജോലിയായിരുന്നു അപ്പൻ. ജോലി രാജിവെച്ചു. മകനെ ചികിത്സിച്ചു നന്നാക്കാൻ വന്നു. ചികിത്സിയ്ക്കു പോകുന്ന കാര്യം വളരെ സ്നേഹത്തോടെ അവനോടു പറഞ്ഞു. അവൻ പറഞ്ഞു: അപ്പാ, ഞാൻ എവിടെ വേണമെങ്കിലും വരാം. പക്ഷെ, എനിക്ക് കഞ്ചാവില്ലാതെ ഒരു നിമിഷം ജീവിക്കാനാവില്ല. അതുകൊണ്ടു കിട്ടുന്നിടത്തു പോയി വാങ്ങിയിട്ട് നമുക്ക് പോകാം” അവൻ പറഞ്ഞു.
ഒരു കുഗ്രാമാണ് അവരുടേത്. കുട്ടിയും അപ്പനും ഡ്രൈവറുമായി കുട്ടി നിർദ്ദേശിച്ച ഒരിടത്തേക്ക് വണ്ടിവിട്ടു. അവിടെ വില്പനക്കാരനുണ്ടായിരുന്നു. പക്ഷെ അപരിചിതരെ (അപ്പനും ഡ്രൈവറും) കണ്ടതുമൂലം അയാൾ പറഞ്ഞു: “ഇവിടെ സാധനമില്ല” ആ കുട്ടി കെഞ്ചിപ്പറഞ്ഞെങ്കിലും അയാൾ കൊടുത്തില്ല. ആ ഗ്രാമത്തിൽ 12 സ്ഥലങ്ങളിൽ കഞ്ചാവ് വില്പനയുണ്ട്. ബാക്കി പതിനൊന്നു സ്ഥലത്തേക്കും (മകന് എല്ലായിടവും അറിയാം) അപ്പൻ മകനെ കൊണ്ടുപോയി. ആരും കഞ്ചാവ് കൊടുത്തില്ല. കാരണം, കുട്ടിയുടെ കൂടെ അപരിചിതർ ഉണ്ടായിരുന്നു എന്നതു തന്നെ. പന്ത്രണ്ടാമത്തെ സ്ഥലത്തെ വിൽപ്പനക്കാരൻ പറഞ്ഞു (കുട്ടിയുടെയും അപ്പന്റെയും നിസ്സഹായാവസ്ഥകണ്ട്!). “രണ്ടോ മൂന്നോ തവണ ഇവിടെവച്ചു വലിക്കാനുള്ളത് തരാം, കയ്യിൽ തന്നു വിടുകയില്ല”. അങ്ങനെ ആവുന്നിടത്തോളംവലിച്ചു “സൗഖ്യം” പ്രാപിച്ചാണ് അവൻ അപ്പനുമായി സെന്ററിൽ എത്തിയത്.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഇവൻ അവിടത്തെ അന്തേവാസികൾക്ക് ചില “സ്റ്റഡി ക്ലാസുകൾ” എടുക്കുന്നു എന്ന വിവരം അച്ചന്റെ ചെവിയിലെത്തി. അച്ചൻ “പ്രതി”യെ വിളിച്ചു സസ്നേഹം വിവരം അന്വേഷിച്ചു. അവൻ പറഞ്ഞു: “അച്ചാ, മദ്യപാനം പാപമാണ്. എന്നാൽ, കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഉൽപ്പത്തി പുസ്തകത്തിൽ ഒന്നാം അധ്യായത്തിൽത്തന്നെ കാണാം അച്ചാ. ദൈവം സകലതും സൃഷ്ടിച്ചു. എല്ലാം നന്നായിരിക്കുന്നുവെന്നു കണ്ടു. കഞ്ചാവ് ഉണ്ടാകുന്നതു ദൈവം സൃഷ്ടിച്ച ഒരു ചെടിയിൽ നിന്നാണച്ചോ. അതുകൊണ്ടു കഞ്ചാവ് നല്ലതാണച്ചാ”. അച്ചൻ ചോദിച്ചു : “ഏതു ബൈബിൾ പണ്ഡിതനാ ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത് !!!?” അവൻ പറഞ്ഞു: “ആദ്യമായി കഞ്ചാവ് വിലയ്ക്ക് തന്ന വ്യക്തിയണച്ചാ ഇതെല്ലാം പറഞ്ഞു തന്നത്!”
ഒരു സംഭവം കൂടെ രേഖപ്പെടുത്തട്ടെ ഒരു പ്ലസ്ടു കോളജിൽ നടന്ന സംഭവമാണ്. ഒരു വെള്ളിയാഴ്ച, ക്ളാസ്സുകൾ കഴിഞ്ഞു, കുട്ടികളെല്ലാം യാത്രയായി. വാച്ചർ എല്ലാ കതകുകളും ജനലുകളും കൃത്യമായി അടച്ചു കെട്ടിടങ്ങൾ പൂട്ടി. അനന്തരം അയാൾ കെട്ടിടങ്ങൾക്കു ചുറ്റും ഒന്ന് നടന്നു നോക്കി. അപ്പോൾ ഒരു കെട്ടിടത്തിലെ മൂന്നാം നിലയിലെ (അത്രയും നിലകളെ ഉണ്ടായിരുന്നുള്ളു) ഒരു ജനലിന്റെ രണ്ടു പാളികളും. തുറന്നു കിടക്കുന്നു. വീണ്ടും ആ കെട്ടിടം തുറന്നു മൂന്നാം നിലയിലെത്തി പരിശോധിച്ചപ്പോൾ ഒരു യുവാവ് അവിടെ പതുങ്ങി നിൽക്കുന്നു. “എന്താണിവിടെ?” അയാൾ ഗൗരവത്തിൽത്തന്നെ ചോദിച്ചു. “ഞാൻ ബാത്റൂമിലായിരുന്നു. ഇറങ്ങി വന്നപ്പോൾ ചേട്ടൻ ജനലും കതകുമെല്ലാം പൂട്ടിയിട്ടു പോയിക്കഴിഞ്ഞിരുന്നു” മറുപടി. അപ്പോൾ മറ്റൊരു ഭാഗത്തു കാൽപെരുമാറ്റവും മൊബൈലിന്റെ (മഹാവില്ലൻ!) സ്വരവും അയാൾകേൾക്കുന്നു. യുവാവിന്റെ കൈ ബലമായി പിടിച്ചു അയാൾ സ്വരം കേട്ട സ്ഥലത്തേയ്ക്ക് ചെന്നു. അവിടെ ഒരു യുവതി (യുവാവും യുവതിയും ആ കോളേജിലെ വിദ്യാർത്ഥികൾ തന്നെ) “എന്താണിവിടെ?” അയാളുടെ സ്വരം കൂടുതൽ ദൃഢതരമായി. മറുപടി യുവാവ് പറഞ്ഞത് തന്നെ! അവളുടെ കൈവശം ഉണ്ടായിരുന്ന ബാഗിന് അസാധാരണത്വം തോന്നിയതുകൊണ്ടു അയാൾ അത് വാങ്ങി തുറന്നു പരിശോധിച്ചു. അതിനകത്തു ഊതി വീർപ്പിക്കാവുന്ന ഒരു കിടക്ക, രണ്ടു തലയണ, മൂന്ന് ദിവസത്തേക്ക് ക്രമീകരിക്കാവുന്ന ചില പ്രത്യേക ഭക്ഷണ സാധങ്ങൾ! പുസ്തകങ്ങൾ നാമമാത്രം!
ഇരുവരെയും അയാൾ മാനേജരച്ചന്റെ അടുത്തെത്തിച്ചു. അച്ചൻ ഞെട്ടിപ്പോയി! ഇരുവരും അച്ചൻ അറിയുന്ന ആഭിജാത്യമുള്ളതെന്നു അച്ചൻ കരുതിയിരുന്ന രണ്ടു പുരാതന കുടുംബങ്ങളിൽപ്പെട്ടവരാണ്. അച്ചൻ പെൺകുട്ടിയോട് ചോദിച്ചു. മോളെ, എന്താണിത്? അവൾ അച്ചന്റെ മുഖത്ത് നോക്കി ചോദിച്ചു : “അച്ചൻ ഒരു ചേച്ചി എഴുതിയ “വേശ്യയുടെ ആത്മകഥ” വായിച്ചിട്ടില്ലേ? അതിൽ ചേച്ചി പറഞ്ഞിരിക്കുന്നത്: കൈകാലുകൾ കൊണ്ട് അധ്വാനിക്കുന്നതുപോലെ ലൈംഗികാവയവങ്ങളും ഉപയോഗിച്ച് പണം സമ്പാദിക്കാം. എനിക്ക് ഇയാളോടൊപ്പം ക്ലാസ്സ്മുറിയിൽ കഴിയുന്നതിനു 30 ,000 രൂപ കിട്ടി. “നിനക്ക് നീ പറഞ്ഞ പുസ്തകം എവിടെനിന്നു കിട്ടി”?. “ഗ്രാമീണ ലൈബ്രറിയിൽ നിന്ന്”, മറുപടി. “നിന്റെ മാതാപിതാക്കൾ”? അച്ചൻ ചോദിച്ചു. “കംബൈൻഡ് സ്റ്റഡി നടത്താൻ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി താമസിക്കാൻ അവർ അനുവദിച്ചിട്ടുണ്ട്. ലൈംഗിക വിശുദ്ധിയെന്നു വെറും മണ്ണാങ്കട്ടയല്ലേ, അച്ചാ. മുപ്പതിനായിരം രൂപ എന്റെ പേരിൽ ഇയാൾ ബാങ്കിലടച്ചു കഴിഞ്ഞെന്നു ഉറപ്പാക്കിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.
എന്തൊരു ലോകം, അല്ലെ? ഇങ്ങനെയൊന്നു നിങ്ങൾ ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ? തുടർന്ന് ഉദ്ധരിച്ചിരിക്കുന്ന വചനഭാഗം കൂടി ശ്രദ്ധിക്കുക ലൂക്കാ. 2 : 41 -52 : “യേശുവിന്റെ മാതാപിതാക്കന്മാർ ആണ്ടുതോറും പെസതിരുന്നാളിന് ജറുസലേമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ചു അവർ തിരുനാളിനു പോയി. തിരുനാൾ കഴിഞ്ഞു അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലേമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാസംഘത്തിന്റെ കൂടെ കാണും എന്ന് വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെ തിരക്കി അവർ ജറുസലേമിലേക്കു തിരിച്ചു പോയി. മൂന്നു ദിവസങ്ങൾക്കു ശേഷം അവർ അവനെ ദൈവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായന്മാരുടെ ഇടയിലിരുന്നു , അവർ പറയുന്നത് കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. കെട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവന്റെ ‘അമ്മ അവനോടു പറഞ്ഞു: മകനെ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത് ? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോട് പറഞ്ഞതെന്തെന്നുഅവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ടു നസ്രത്തിൽ വന്നു താമസിച്ചു, അവർക്കു വിധേയനായി ജീവിച്ചു. അവന്റെ ‘അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു”. മക്കൾക്ക് ദൈവത്തെ കൊടുത്താൽ അവരെ ദൈവാലയത്തിൽ കണ്ടെത്താം… കോച്ചിങ്ങിനു വിട്ടു, കൊടികളും സമ്പാദിച്ചു കൊടുത്തു കയറൂരിവിട്ടാൽ…