അധ്യായം നാല്
സഹോദരർക്കു ദൈവത്തിന്റെ സ്നേഹലാളനം ബോധ്യമാക്കിയതിനു ശേഷം ജോസഫ് അവരോടു പറയുന്നതും ഏറെ ശ്രദ്ധേയമാണ്. ”നിങ്ങൾ തിടുക്കത്തിൽ നമ്മുടെ പിതാവിന്റെയടുത്തു ചെന്ന് പറയുക; ദൈവം എന്നെ ഈജിപ്തിനു മുഴുവൻ നാഥനാക്കിയിരിക്കുന്നു. അപ്പൻ എന്റെ അടുത്തുവരണം. ഒട്ടും വൈകരുത് എന്ന് അങ്ങയുടെ മകൻ ജോസഫ് പറയുന്നു.” (45:9) അഭ്യർത്ഥനയ്ക്കുശേഷം അപ്പനുള്ള പ്രത്യേക സന്ദേശം ഉണ്ട്. ‘അങ്ങേയ്ക്കു ഗോഷെനിൽ താമസിക്കാം. അങ്ങ് എന്റെ അടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും; അവിടെ അങ്ങയെ ഞാൻ പോറ്റിക്കൊള്ളാം.’ (45:10-11) തുടർന്നു അവൻ സഹോദരങ്ങളെ നിർബന്ധിക്കുകയായി, ‘വേഗം ചെന്ന് അവനെ (പിതാവിനെ) കൂട്ടികൊണ്ടു വരിക’ (45:13), യാക്കോബിനോടും സന്തതികളോടും അവരിലൂടെ ലോകത്തിനു മുഴുവനോടുമുള്ള ദൈവത്തിന്റെ സ്നേഹവും അവർക്കുള്ള പ്രത്യേക പരിപാലനയുമാണ് ജോസഫിന്റെ ചുരുങ്ങിയ വാക്കുകളിൽ മുറ്റിനിൽക്കുന്നത്.
ഫറവോയ്ക്കു സംതൃപ്തി
ജോസഫിന്റെ സഹോദരന്മാരെ സംബന്ധിച്ചുള്ള സദ്വാർത്ത ഫറവോയുടെ സവിധേ എത്തുന്നു. അയാൾക്കും ദാസന്മാർക്കും അത്യധികം ആനന്ദമാകുന്നു. അയാൾ ജോസഫിനോടു നിർദ്ദേശിക്കുന്നു, ‘നിന്റെ സഹോദരന്മാരോട് ഇപ്രകാരം ചെയ്യാൻ പറയുക. കാനാൻദേശത്തു ചെന്നു (നിങ്ങളുടെ) പിതാവിനെയും വീട്ടുകാരെയും കൂട്ടി എത്രയും വേഗം എന്റെയടുത്തു വരുക. ഈജിപ്തിലെ ഏറ്റം നല്ല ഭൂമി നിങ്ങൾക്കു ഞാൻ നല്കാം.’ (45:17-18) ഫറവോ തുടരുന്നു, ‘അവരോടു പറയുക, നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ഭാര്യമാർക്കു വേണ്ടി ഈജിപ്തിൽനിന്നു രഥങ്ങൾ കൊണ്ടു പോകുക. നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠവേണ്ടാ. ഈജിപ്തിലെ ഏറ്റം നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.’ (45:19-20) ഇസ്രായേൽ മക്കൾക്കു തികച്ചും അന്യനും അന്യനാട്ടുകാരനുമായ ഒരു രാജാവിന് അവരോട് ഇത്രയധികം സ്നേഹവും പരിഗണനയും തോന്നുന്നതു പരാപരന്റെ പ്രത്യേക പരിലാളനം അല്ലാതെ മറ്റെന്താണ്? അവിടുത്തേയ്ക്ക് അവരോടുള്ള അചഞ്ചലമായ സ്നേഹവും അവർക്കുള്ള അനന്തമായ പരിപാലനയും സവിശേഷമായ രീതിയിൽ അവതരിക്കപ്പെടുകയാണ്. ‘ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലതും നന്മക്കായി പരിണമിപ്പിക്കുന്നു. താൻ മുൻകൂട്ടിനിശ്ചയിച്ചവരെ അവിടുന്നു വിളിക്കുന്നു. വിളിച്ചവരെ നീതീകരിക്കുന്നു. നീതീകരിക്കുന്നനരെ മഹത്ത്വപ്പെടുത്തുന്നു.’ (റോമ. 8:28-30) സന്തോഷത്താൽ മതിമറന്ന ജോസഫിന്റെ സഹോദരങ്ങൾ സത്വരം തങ്ങളുടെ പിതാവിന്റ പക്കൽ പാഞ്ഞെത്തുന്നു. അവർണ്ണനീയമായ സന്തോഷത്തോടും സംതൃപ്തിയോടുമാണ് ‘ജോസഫ് ജീവിച്ചിരിക്കുന്നു. അവൻ ഈജിപ്തിന്റെ ഭരണാധിപനാണ്’ എന്ന വസ്തുത അവർ തങ്ങളുടെ പിതാവിനെ അറിയിക്കുന്നത്. യാക്കോബ് അത്ഭുതസ്തബ്ധനാവുന്നു. വാർത്ത തികച്ചും അവിശ്വസനീയമായാണ് അവനു തോന്നിയത്. അതു സ്വഭാവികം മാത്രം. എന്നാൽ, ജോസഫ് പറഞ്ഞതൊക്കെ അവരിൽ നിന്നു കേൾക്കുകയും തന്നെ ഈജിപ്തിലിക്കു കൊണ്ടു പോകാൻ അവൻ അയച്ച രഥങ്ങൾ കാണുകയും ചെയ്തപ്പോൾ യാക്കോബിനു വിശ്വാസമാകുന്നു. ഉന്മേഷവാനായി അവൻ ഉദീരണം ചെയ്യുന്നു, ‘എനിക്കു തൃപ്തിയായി. എന്റെ മകൻ ജോസഫ് ജീവിച്ചിരിപ്പുണ്ട്. ഞാൻ മരിക്കും മുമ്പ് അവനെ പോയിക്കാണും.’ (45:24-28). സർവശക്തനായ ദൈവത്തിന് എന്താണ് അസാധ്യമായുള്ളത്?
മകനെക്കാണൻ വെമ്പൽകൊള്ളുന്ന യാക്കോബ്
പ്രിയതാതനെ കാണാൻ യാക്കോബിന്റെ പിതൃഹൃദയം വെമ്പൽ കൊള്ളുകയാണ്. മക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം അവൻ അതിവേഗം യാത്ര പുറപ്പെടുന്നു. യാത്രാമദ്ധ്യേ, ബേർഷെബായിൽ എത്തിയ ഉടനെ പിതാക്കന്മാരുടെ ദൈവത്തിനു കൃതജ്ഞതാബലിയർപ്പിക്കാൻ അവൻ മറക്കുന്നില്ല. ഇസ്രായേലിനുള്ള തന്റെ പ്രത്യേകപരിപാലന ആവിഷ്കരിക്കാൻ ഇടയ്ക്കിടയ്ക്ക് അഖിലേശൻ ദർശനങ്ങളിലൂടെ ഇസ്രായേലിനോടു സംസാരിച്ചുകൊണ്ടിരുന്നു. ഒരു രാത്രി ഉറക്കത്തിൽ അവൻ ദൈവത്തിന്റെ വിളി കേൾക്കുന്നു, ‘യാക്കോബേ, യാക്കോബേ,’ ഇതാ ഞാൻ,’ അവൻ പ്രത്യുത്തരിക്കുന്നു. (46:1-2) കരുണാവാരിധിയും പരിപാലകനുമായ പരംപൊരുൾ പ്രേമബദ്ധനായി സദാ നമ്മുടെ ഹൃദയകവാടങ്ങളിൽ മുട്ടി വിളിക്കുന്നുണ്ട്. വെളിപാടു പുസ്തകത്തിൽ ഈ സത്യം സുന്ദരമായി സമാവിഷ്കരിച്ചിരിക്കപന്നത് ഇങ്ങനെയാണ്. ‘ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം ശ്രവിച്ച് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെയടുത്തു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും (3:20) തികച്ചും വൈയക്തികമായ ഈ വിളിക്കു വളരെ വൈയക്തികമായ പ്രത്യുത്തരമാണു വിശ്വേശ്വരൻ പ്രതീക്ഷിക്കുന്നത്. എന്റെ ഹൃദയം തുറക്കാൻ എനിക്കു മാത്രമല്ലേ കഴിയൂ?
ദൈവം യാക്കോബിനു ഉറപ്പു നൽകുന്നു, ‘ഞാൻ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാൻ ഭയപ്പെടേണ്ടാ കാരണം, അവിടെ ഞാൻ നിന്നെ വലിയ ജനമായി വളർത്തും. ഞാൻ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരികെ കൊണ്ടു വരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും.’ (46:1-4) ഇസ്രായേലിനെ പേരു ചൊല്ലി വിളിച്ചു വഴി നടത്തുന്ന, കരുതുന്ന കാക്കുന്ന, സംരക്ഷിക്കുന്ന, കാരുണ്യമൂർത്തിയായ പരാപരൻ! തന്റെ തിരുഹിതാനുസൃതം പ്രവർത്തിക്കുന്നവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവിടുന്നു സാധിച്ചുകൊടുക്കുന്നു. എപ്പോഴും ദൈവതിരുഹിതം നിറവേറ്റുകയാവണം നമ്മുടെ ഭക്ഷണം. (യോഹ. 4:34)
യാക്കോബ് ബേർഷെബായിൽ
കർത്താവിന്റെ വാഗ്ദാനങ്ങളിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് യാക്കോബ് ബേർഷെബായിൽ നിന്നു യാത്രയാവുന്നു. ഇസ്രായേൽ മക്കളെല്ലാവരും തങ്ങളുടെ കന്നുകാലികളും കാനാൽ ദേശത്തുണ്ടായിരുന്ന എല്ലാ വസ്തുവകകളുമായാണ് അവൻ പുറപ്പെട്ടത് ദൈവത്തിന്റെ അത്ഭുതാവഹവും അഗ്രാഹ്യവുമായ പദ്ധതിപ്രകാരം അവർ ഈജിപ്തിലെത്തുന്നു. (46:5-7). ഫറവോ നിർദ്ദേശിച്ചു കൊടുത്ത ഗോഷെനിൽ അവർ താവളമടിക്കുന്നു. പിതാവിനെ സ്വീകരിക്കാൻ രഥമൊരുക്കി അതുമായി ജോസഫ് അവിടെ എത്തുന്നു. അവരിരുവരും ആതിംഗനബദ്ധരായി ദീർഘനേരം സന്തോഷാശ്രുക്കൾ പൊഴിക്കുന്നു.
ദൈവം തനിക്കു ചെയ്ത കൃപയിൽ സമ്പൂർണ്ണ സന്തുഷ്ടനും കൃതജ്ഞനുമാണു യാക്കോബ്. അവന്റെ വാക്കുകൾ ശ്രദ്ധിക്കുക: ‘ഇനി ഞാൻ മരിച്ചുകൊള്ളട്ടെ, എന്തെന്നാൽ, ഞാൻ നിന്റെ മുഖം കാണുകയും നീ ജീവനോടെ ഇരിക്കുമെന്ന് അറിയുകയും ചെയ്തിരിക്കുന്നു.’ (46:30) ഹൃദയാവർജ്ജകവും അവിസ്മരണീയവുമായ വാക്കുകൾ! യാക്കോബിനെ സംബന്ധിച്ചിടത്തോളം ഈ മകൻ ‘മരിച്ച’ വനായിരുന്നു. ഇപ്പോൾ ഇതാ ദൈവം അവനെ ജീവിപ്പിച്ചിരിക്കുന്നു! നഷ്ടപ്പെട്ടവനായിരുന്നു. അവനെ കണ്ടു കിട്ടിയതിന്റെ ആനന്ദം അലയടിച്ചുയരുകയാണ് തിരതല്ലുകയാണ്. വാചാമഗോചരമാണ് അവന്റെ സന്തോഷവും സംതൃപ്തിയും.
ജോസഫ് തിടുക്കത്തിൽ ചെന്നു ഫറവോയെ വിവരം അറിയിക്കുന്നു. തന്റെ പിതാവിനെ അവനു പരിചയപ്പെടുത്തുന്നു. യാക്കോബ് ഫറവോയെ അനുഗ്രഹിക്കുന്നു. അവന്റെ അംഗീകാരത്തോടെ പിതാവിനെയും സഹോദരങ്ങളെയും ഉള്ളംകൈയിലെന്നപോലെ ജോസഫ് കാത്തുസംരക്ഷിക്കുന്നു. അവൻ അവർക്ക് ദൈവപരിപാലനയുടെ ശക്തമായ ഉപകരമാണ്. സങ്കീർത്തകന്റെ സ്വരം എത്ര സംഗതമാണിവിടെ!
‘അപരിചിതമായ ഒരുശബ്ദം ഞാൻ കേൾക്കുന്നു;
ഞാൻ നിന്റെ തോളിൽനിന്നു ഭാരം ഇറക്കിവെച്ചു;
നിന്റെ കൈകളെ കുട്ടയിൽനിന്നു വിടുവിച്ചു.
കഷ്ടകാലത്തു നീ എന്നെ വിളിച്ചപേക്ഷിച്ചു;
ഞാൻ നിന്നെ മോചിപ്പിച്ചു…..
നീ വാതുറക്കുക, ഞാൻ നിനക്കു ഭക്ഷിക്കാൻ തരാം (81: 6-7,10)
കൊടുത്തു മതിവരാത്ത സ്നേഹം
കാലങ്ങൾ കഴിയുന്നു. യാക്കോബിനു വാർദ്ധക്യമാവുന്നു. ക്ഷീണം വർദ്ധിക്കുന്നു. തന്റെ പിതാവിനു സുഖമില്ലെന്ന് അറിഞ്ഞ ഉടനെ ജോസഫ് തന്റെ മക്കളായ മനാസ്സെയെയും എഫ്രായിമിനെയും കൂട്ടി പിതാവിന്റെ പക്കലേയ്ക്കു പോകുന്നു. അവരെക്കണ്ടപ്പോൾ യാക്കോബു പറയുന്ന വാക്കുകൾ അവനോട് അഖിലേശൻ പ്രദർശിപ്പിക്കുന്ന അഗാധമായ സ്നേഹവും, പരിപാലനും വ്യക്തമാക്കാൻ പോന്നവയാണ്.
കുട്ടികളെ ചുംബിച്ചുകൊണ്ടു ജോസഫിനോട് അവൻ പറയുന്നു, ‘നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. എന്നാൽ, ഇതാ, നിന്റെ മക്കളെകൂടി കാണാൻ കർത്താവ് എന്നെ അനുവദിച്ചിരിക്കുന്നു.’ (48-11) കൊടുത്തുമതിവരാത്തതാണല്ലോ മഹേശ്വരസ്നേഹം! മനാസ്സെയെയും എഫ്രായിമിനെയും അനുഗ്രഹിച്ചുകൊണ്ടു യാക്കോബു പറയുന്നവാക്കുകളും ദൈവത്തിന്റെ പരിപാലനാവൈഭവം നിതരാം പ്രസ്പഷ്ടമാക്കുന്നവതന്നെ. ”എന്റെ പിതാക്കന്മാരായ അബ്രാഹവും, ഇസഹാക്കും ആരാധിച്ചിരുന്ന ദൈവം, എന്റെ ജീവിതകാലം മുഴുവൻ, ഇന്നുവരെ, എന്റെ ഇടയനായിരുന്ന ദൈവം, എല്ലാ തിന്മകളിൽ നിന്നും എന്നെ കാത്തു പരിപാലിച്ച ദൈവം, ഈ ബാലന്മാരെ അനുഗ്രഹിക്കട്ടെ!” (48:15-16)
ഒരു നിമിഷം നിൻ സന്നിധിയിൽ
എല്ലാം മറന്നു ഞാൻ നിൽക്കുന്നു!
പിതാവേ, പിതാവേ, നിൻ പരിപാലനവൈഭവം കാണാൻ
നീയെന്റെ ഉൾക്കണ്ണു തുറന്നാലും!
ഇസ്രായേലിന്റെ പാറയായ ഇടയൻ
ജോസഫിനുള്ള അനുഗ്രഹത്തിന്റെ ഭാഗമായി യാക്കോബു പറയുന്ന വചസ്സുകളും പരിലാളനം വിളിച്ചോതുന്നു. ‘യാക്കോബിന്റെ ശക്തനായ ദൈവം- ഇസ്രായേലിന്റെ പാറയായ ഇടയൻ- തന്റെ കൈകൾ കൊണ്ട് അവന്റെ കൈകളെ ശക്തിപ്പെടുത്തി. നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും.’ (49:24-25) ദൈവപരിപാലന വ്യക്തമാക്കാൻ വിശുദ്ധലിഖിതത്തിൽ ഏറ്റം അധികമായി ഉപയോഗിച്ചിരിക്കുന്ന സാദൃശ്യമാണ് ‘ഇടയൻ.’ ഇരുപത്തിമൂന്നാം സങ്കീർത്തനം കർത്താവിനെ ഇടയനായാണു ചിത്രീകരിക്കുക.
കർത്താവാണ് എന്റെ ഇടയൻ,
എനിക്കൊന്നിനും കുറവുണ്ടാകുകയില്ല.
പച്ചയായ പുൽത്തകിടിയിൽ
അവിടുന്നെനിക്കു വിശ്രമമരുളുന്നു
പ്രശാന്തമായ ജലായശത്തിലേയ്ക്ക്
അവിടുന്ന് എന്നെ നയിക്കുന്നു
അവിടുന്നെനിക്കുന്മേഷം നൽകുന്നു.
തന്റെ നാമത്തെപ്രതി നീതിയുടെ
പാതയിൽ എന്നെ നയിക്കുന്നു
മരണത്തിന്റെ നിഴൽ വീണ
താഴ്വരയിലൂടെലാണ്
ഞാൻ നടക്കുന്നതെങ്കിലും,
അവിടുന്നുകൂടെയുള്ളതിനാൽ
ഞാൻ ഭയപ്പെടുകയില്ല;
അങ്ങയുടെ ഊന്നുവടിയും
ദണ്ഡും എനിക്ക് ഉറപ്പേകുന്നു.
എന്റെ ശത്രുകളുടെ മുമ്പിൽ
അവിടുന്നെനിക്കു വിരുന്നൊരുക്കുന്നു.
അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും.
എസക്കിയേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു, ‘ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും വഴിതെറ്റിപ്പോയതിനെ ഞാൻ തിരികെകൊണ്ടുവരും. മുറിവേറ്റതിനെ ഞാൻ വെച്ചുകെട്ടും. ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും. കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാൻ സംരക്ഷിക്കും. നീതിപൂർവ്വം ഞാൻ അവയെപോറ്റും. കർത്താവായ ഞാൻ അവരുടെ ദൈവമായിരിക്കും. അവരുമായി സമാധാന ഉടമ്പടി ഞാൻ ഉറപ്പിക്കും. അവരെയും എന്റെ മലയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളെയും ഞാൻ അനുഗ്രഹിക്കും. ഞാൻ അവർക്കു സമൃദ്ധിയുള്ള തോട്ടങ്ങൾ പ്രദാനം ചെയ്യും.(എസ. 34: 15-24)
നല്ല ഇടയൻ
സെന്റ് ജോൺ നല്ലയിടയനെ ഏറ്റം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നുണ്ട്. ‘ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവനർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചു കളയുകയും ചെയ്യുന്നു. ഈ തൊഴുത്തിൽപ്പെടാത്ത മറ്റ് ആടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻ പറ്റവും ഒരിടയനുമാകും’ (10:10-16) പാദാൻ ആരാമിൽ നിന്നും മടങ്ങവേ യാക്കോബിനു ദൈവം നൽകിയ അനുഗ്രഹം ഇത്തരുണത്തിൽ അനുസ്മരിക്കുന്നത് അവസരോചിതമാണ്. ”യാക്കോബ് എന്നാണു നിന്റെ പേര്. എന്നാൽ ഇനിമേലിൽ യാക്കോബെന്നല്ല, ‘ഇസ്രായേൽ’ എന്നായിരിക്കും നീ വിളിക്കപ്പെടുക… ഞാൻ സർവശക്തനായ ദൈവമാണ്. നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. ജനതയും ജനതയുടെ ഗണങ്ങളും നിന്നിൽ നിന്ന് ഉദ്ഭവിക്കും. രാജാക്കന്മാരും നിന്നിൽ നിന്നു ജന്മമെടുക്കും. അബ്രാഹത്തിനും ഇസഹാക്കിനും ഞാൻ നൽകിയ നാട് നിനക്കും നിന്റെ സന്താനപരമ്പരകൾക്കും ഞാൻ നൽകും.” (35:9-12) ഇസ്രായേൽ മക്കളിൽ നിന്നാണല്ലോ രാജാധിരാജൻ, കർത്താധികർത്തൻ പിറന്നത്!
ഉൽപത്തിപ്പുസ്തകം സമാപിക്കുന്നതു ദൈവപരിപാലനയെക്കുറിച്ചുള്ള പൂർവയൗസേപ്പിന്റെ പ്രഖ്യാപനത്തോയടെയാണ്. പിതാവിന്റെ മരണം കഴിഞ്ഞപ്പോൾ ജോസഫ് തങ്ങളെ വെറുക്കുകയും പ്രതികാരം ചെയ്യുകയും ചെയ്യുമെന്ന് അവന്റെ സഹോദരങ്ങൾ ഭയപ്പെടുന്നു. പിതാവിന്റെ കല്പനപ്രകാരം എന്നു പറഞ്ഞ് അവർ ഒരു ദൂതനെ ജോസഫിന്റെ പക്കലയച്ച് അവനെ ഉണർത്തിക്കുന്നു, ‘അങ്ങയുടെ സഹോദരന്മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്ഷമിക്കുക. അവർ അങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ തെറ്റുകൾ പൊറുക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു.’ (50:17)
അത്ഭുതകരമായ പ്രതികരണം
സഹോദരങ്ങളുടെ ചിന്ത സ്വാഭാവികവും തികച്ചും മാനുഷികവുമാണ്. പക്ഷേ ജോസഫിന്റെ പ്രതികരണം തികച്ചും അതിസ്വാഭാവികവും ദൈവികവുമാണ്. രക്ഷാകരമായ പ്രതികരണം! രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരെല്ലാം തിന്മയോടു പ്രതികരിക്കേണ്ടത് ഇങ്ങനെയാണ്. സഹോദരന്മാർ അവന്റെ കാൽക്കൽ വീണ്. ‘ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്’ എന്ന് ഏറ്റം എളിമപ്പെട്ട്, തികഞ്ഞ അനുതാപത്തോടെ പറഞ്ഞപ്പോൾ ജോസഫ് നൽകിയ മറുപടി ശ്രദ്ധിക്കുക. ‘നിങ്ങൾ പേടിക്കേണ്ട…. നിങ്ങൾ എനിക്കു തിന്മ ചെയ്തു. പക്ഷേ, പരമകാരുണികൻ അതു നന്മയായി പരിണമിപ്പിച്ചു. ഇന്നു കാണുന്നതുപോലെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. അതുകൊണ്ടു ഭയപ്പെടേണ്ടാ. നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാൻ സംരക്ഷിച്ചുകൊള്ളാം. അങ്ങനെ അവൻ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.’ (50:18-21) ദൈവപിതാവിന്റെ സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും പ്രതീകമല്ലേ ജോസഫ്?