ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈശോ നമുക്ക് നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കൾ ആണെന്നതാണ്. നമ്മെ ദൈവമക്കൾ ആക്കാൻ വേണ്ടിയാണ് അവിടുന്ന് മനുഷ്യനായത്, പാടുപീഡകൾ സഹിച്ചത്, കുരിശിൽ മരിച്ചത്, പുനരുത്ഥാനം ചെയ്തത്. പിതൃപുത്ര ബന്ധത്തിന്റെ മഹാരഹസ്യം ആണ് പരിശുദ്ധ കുർബാന; അതിന്റെ ആഘോഷമാണത്. അതുകൊണ്ടാണ് “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ജപം കൊണ്ട് സീറോ മലബാർ കുർബാന ആരംഭിക്കുന്നതും അവസാനിക്കുന്നതും. കൂടാതെ കുർബാന സ്വീകരണത്തിന് മുമ്പും ഇത് ചൊല്ലുന്നുണ്ട്. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇത്രയും ആവർത്തി കുർബാനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റേതെങ്കിലും ലിറ്റർജി ഉണ്ടോ എന്ന് സംശയമാണ്! കാർമ്മികനും സമൂഹവും ചേർന്ന് ഈ പ്രാർത്ഥന ചൊല്ലുന്നത് ദൈവത്തിന്റെ പിതൃത്വത്തെയും മനുഷ്യരുടെ പുത്രത്വത്തെയും യോജിപ്പിക്കുവാൻ ആണ്.
പിതാവായ ദൈവത്തിന് മനുഷ്യർ നൽകുന്ന പരമോന്നത നന്ദിപ്രകാശനം ആണ് പരിശുദ്ധ കുർബാന. അതുകൊണ്ട് ആരംഭത്തിൽത്തന്നെ അവിടുത്തോട് പ്രാർത്ഥിക്കാൻ ഈശോ നമ്മെ പഠിപ്പിച്ച പ്രാർത്ഥന നാം ചൊല്ലുന്നു. പരമപിതാവു നമുക്ക് പകർന്നു തന്നിട്ടുള്ളതും തന്നു കൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾക്കാണ് നാം അവിടുത്തോട് നന്ദി പറയുന്നത്. മിശിഹാ യിലൂടെ പിതാവ് നമുക്ക് നൽകിയ നിത്യരക്ഷ ആണ് ഈ അനുഗ്രഹങ്ങളിൽ പരമപ്രധാനമായത്. തന്റെ പുത്രനിലൂടെ അവിടുന്ന് പരിപൂർത്തിയിൽ എത്തിച്ച രക്ഷാകര കർമ്മത്തെപ്രതി അവിടുത്തേക്ക് നാം നൽകുന്ന കൃതജ്ഞതാ പ്രകാശനം ആണ് വിശുദ്ധ കുർബാന. കുർബാനയുടെ ആരംഭ ഭാഗത്ത് കാർമ്മികൻ ജനത്തിന്റെ പ്രതിനിധിയായി ഇപ്രകാരം പ്രാർത്ഥിക്കുന്നു ” അങ്ങു നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കാനുള്ള കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി, സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ.
ദൈവത്തിന്റെ പിതൃത്വത്തെ അംഗീകരിക്കുന്ന നമ്മൾ കൂടെ കൂടെ സ്നേഹപൂർവ്വം അവിടുത്തെ വിളിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു, അതിയായി ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ താൻ പഠിപ്പിച്ച പ്രാർത്ഥന തുടങ്ങുന്നത് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന വിളിയോടെ ആണ്. അവിടുത്തെ നാം ദൈവമായി ആരാധിച്ചു സ്തുതിച്ച് മഹത്വപ്പെടുത്തണം . അതാണ് പ്രാർത്ഥനയുടെ തൊട്ടടുത്ത ഘടകം.’ അങ്ങയുടെ നാമം പൂജിതമാകണമേ’. ദൈവഭക്തൻ എപ്പോഴും ദൈവത്തിന്റെ തിരുഹിതം നിറവേറ്റും, നിറവേറ്റണം. സ്വഭാവികമായും അതാണ് കർത്താവ് അടുത്തതായി സൂചിപ്പിക്കുന്നത് ” അങ്ങയുടെ രാജ്യം വരണമേ”. ദൈവം നിത്യ സ്തുതിക്കർഹനാണ്. ഇക്കാര്യമാണ് നമ്മുടെ ആരാധനക്രമത്തിൽ തുടർന്ന് നാം പ്രാർത്ഥിക്കുന്നതും പ്രകീർത്തിക്കുന്നതും. പ്രകീർത്തനം അനുഗ്രഹപ്രദവും ആനന്ദദായകവുമാണ്. ” അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ,പരിശുദ്ധൻ… അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ,പരിശുദ്ധൻ,പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു “.
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയോടെ ഈ ഭാഗം വിശുദ്ധ കുർബാനയിൽ നാം ചെല്ലുമ്പോൾ മാലാഖവൃന്ദം മുഴുവനും വിശുദ്ധരും ഇതര സ്വർഗ്ഗവാസികളും ശുദ്ധീകരണസ്ഥലത്തിലെ വേദനിക്കുന്ന ആത്മാക്കളും നമ്മോടൊപ്പം ഇത് ഏറ്റുചൊല്ലുന്നുണ്ട്.
തുടർന്ന് നാം പ്രാർത്ഥനയുടെ പ്രാരംഭം മുതൽതന്നെ വീണ്ടും ചൊല്ലുന്നു. കുറച്ചുഭാഗം നമ്മൾ കൂട്ടിച്ചേർത്തത് കർത്താവിന്റെ പ്രാർത്ഥനയുടെ പരമപ്രാധാന്യം ഒരുവിധത്തിലും കുറഞ്ഞു പോകരുതെന്ന് തീവ്രമായ ആഗ്രഹം കൊണ്ടാണ്.
സ്വർഗ്ഗം ഭൂമിയിൽ അവതീർണ്ണമാക്കാൻ “അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം” എന്ന് നാം പ്രാർത്ഥിക്കുന്നു.
മനുഷ്യന്റെ മൂന്ന് അത്യാവശ്യങ്ങൾ ആണ് ആഹാരം,വസ്ത്രം, വീട്, ഇവ.” “ഞങ്ങൾക്കു ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ ” എന്ന ഭാഗം ഈ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ്. പരിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള ദാഹവും വചനത്തിനു വേണ്ടിയുള്ള ദാഹവും ഈ പ്രാർത്ഥനാ ശകലം ഉൾക്കൊള്ളുന്നു..