പരിശുദ്ധ ത്രിത്വത്തിനു നമ്മോടുള്ള സ്നേഹം മുഴുവൻ സമാഹരിച്ചു നമുക്ക് സമ്മാനിക്കാൻ കഴിയുന്നത് പരിശുദ്ധ കുർബാന യിലൂടെ മാത്രമാണ്. ഈശോ തന്റെ ചങ്കിലെ ചോര കൊണ്ട് വിരചിച്ച സ്നേഹത്തിന്റെ മഹാകാവ്യം ആണത്. ദൈവത്തിന്റെ ശക്തി മുഴുവൻ ദൈവത്തിന്റെ സ്നേഹം മുഴുവൻ നമ്മിലേക്ക് ഒഴുകുന്നു. ഇതു പരമ സ്നേഹ സായൂജ്യം ആണ്. വിശുദ്ധ കുർബാന യിലൂടെ ദൈവം തന്റെ സ്നേഹത്തിന്റെ തണൽ വിരിച്ച് എപ്പോഴും നമ്മെ സംരക്ഷിക്കുന്നു. ആ സ്നേഹാമൃതം കൊണ്ട് നമുക്ക് മൃഷ്ടാന്നം നൽകുന്നു. ഏതു സഹനത്തിലും പരാജയത്തിലും രോഗത്തിലും തകർച്ചയിലും പരാധീനതകളിലും നാം ഒട്ടി നിൽക്കേണ്ട, സുരക്ഷിതത്വം കണ്ടെത്തേണ്ട ബലിഷ്ഠമായ കോട്ടയാണ് പരിശുദ്ധ കുർബാന. പരിശുദ്ധ കുർബാനയുടെ ചേർന്നുനിൽക്കുന്നവനെ ദൈവം ചൂഴ്ന്നു നിൽക്കും.
ഹൃദയഭാരം അത്യുച്ച കോടിയായിരിക്കുമ്പോൾ
പരിശുദ്ധ കുർബാന സ്ഥാപിക്കാൻ ഈശോയെ നിർബന്ധിച്ചത് അവിടുത്തെ സ്നേഹം ഒന്നു മാത്രമാണ്. വേദനയുടെ പാരമ്യത്തിലായിരിക്കുമ്പോൾ, ഹൃദയം സംഘട്ടനത്താൽ അതിശക്തമായി മിടിക്കുമ്പോഴാണ്, ഹൃദയഭാരം അത്യുച്ച കോടിയിൽ ആയിരിക്കുമ്പോഴാണ് അവിടുന്ന് പരിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചത്. അധികം വൈകാതെ രക്തം വിയർക്കുകയും ചെയ്തു.
ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല
ഈ ബലിയിൽ അനുനിമിഷം നല്ല ഇടയൻ തന്റെ ആടുകൾക്കുവേണ്ടി അവസാന തുള്ളി രക്തവും ചിന്തിമരിക്കുന്നു. തന്റെ ചങ്ക് കുത്തിത്തുറന്നാണ് രക്തവും വെള്ളവും ചിന്തുക. പരിശുദ്ധ കുർബാനയിൽ എഴുന്നള്ളി ഇരിക്കുന്ന ഈശോ നിഴൽപോലെ എപ്പോഴും നമ്മോടൊപ്പമുണ്ട്. ഈ അവബോധത്തിൽ നാം ജീവിക്കണം. നമുക്ക് വേണ്ടി സ്വയം ദാനം ചെയ്യുന്നത് അവിടുന്ന് മാത്രമാണ്. ദാനങ്ങൾ അല്ല ദാതാവിനെ ആണ് നാം തേടേണ്ടത്. അവിടത്തെ സാന്നിധ്യം, സംരക്ഷണം, കരുതൽ, ഉറപ്പ് ഇവയെക്കുറിച്ച് നമുക്ക് ബോധ്യം ഉണ്ടാവണം. അപ്പോൾ നാം അവിടുത്തോട് ആലോചന ചോദിച്ച ജീവിതം ക്രമപ്പെടുത്തും. എന്റെ ഇഷ്ടമല്ല അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ എന്ന് നാം ആത്മാർത്ഥമായി പ്രഖ്യാപിക്കും. സക്രാരിയിലെ അവിടുത്തെ സാന്നിധ്യവും നമുക്ക് ആത്മധൈര്യം പകർന്നു തരുന്നു. ഇരുളിൽ പ്രകാശമായി, അഗ്നി സ്തംഭമായി, മേഘ തൂണായി അവിടുന്ന് നമ്മെ നയിക്കും. ” അവിടുന്ന് നമുക്ക് ഒരു പുതിയ ഹൃദയം തരും. ഒരു പുതു ചൈതന്യം നമ്മിൽ നിക്ഷേപിക്കും. ശിലാ ഹൃദയം മാറ്റി മാംസള ഹൃദയം തരും. തന്റെ ആത്മാവിനെ നമ്മിൽ സന്നിവേശിപ്പിക്കും. എല്ലാം അശുദ്ധിയിൽ നിന്ന് നമ്മെ മോചിപ്പിക്കും”(എസെ 36 :26,27 -29). കരുണ, കരുതൽ, അലിവ് ഇവയൊക്കെ നമുക്ക് കൈമുതൽ ആവും. അവിടുന്ന് നമ്മെ വീണ്ടെടുക്കും. ദിവ്യകാരുണ്യം ജീവകാരുണ്യത്തിലേക്ക് നയിക്കണമെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.