മനുഷ്യരായ നമ്മുടെ ബുദ്ധിക്കു ഗ്രഹിക്കാവുന്ന കാര്യങ്ങളെ വിശ്വാസം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. നിങ്ങൾ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ തിളങ്ങിനിൽക്കുന്ന പൂർണ്ണചന്ദ്രനെ പിടിക്കാൻ കൈനീട്ടിക്കാണും. അതെന്താണെന്നോ എവിടെയാണെന്നോ അറിയാതെയാണങ്ങനെ ചെയ്തത്. അമ്പിളിമാമനെ പിടിക്കാൻ വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ കഥ കേട്ടിട്ടില്ലേ? ഇന്ന് വേണമെങ്കിൽ കുഞ്ഞിനെയുംകൊണ്ട് ചന്ദ്രനിലേക്ക് ചെന്ന് ഇതാണ് ചന്ദ്രനെന്നു കാണിച്ചുകൊടുക്കാൻ കഴിയുംവിധം ശാസ്ത്രം വളർന്നു കഴിഞ്ഞു.
എന്നാൽ പ്രിയ കുഞ്ഞുങ്ങളെ, നമ്മുടെ ദൈവം അങ്ങകലെ ആകാശങ്ങൾക്കപ്പുറത്ത് വസിക്കുന്ന ഒരാളാണെന്നും നമുക്കപ്രാപ്യനാണെന്നും ചന്ദ്രനെപ്പോലെ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തതുകൊണ്ട് നമ്മൾ കരുതുന്നു. എന്നാൽ കാണപ്പെടുന്ന ചന്ദ്രനെക്കാൾ കാണപ്പെടാത്ത ദൈവം നമ്മോടൊത്തു വസിക്കുന്നുവെന്നുള്ളതാണ് സത്യം. നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം. ആന്തരിക നയനങ്ങൾ കൊണ്ട് ദൈവത്തെ കാണുകയും അവിടുത്തെ പരിപാലനയിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് ജീവിക്കുന്നതുമാണ് വിശ്വാസം. കേവലം വാക്കുകൾ കൊണ്ടുള്ള ഒരു ഏറ്റുപറച്ചിലല്ല, പ്രവർത്തന നിരതമായ ഒരു ജീവിതശൈലിയാണത്.
കാണപ്പെടുന്ന നശ്വരമായ ഈ ലോകത്തിൽ ജീവിക്കുന്ന നമുക്ക് കാണപ്പെടാത്ത അനശ്വരനായ ദൈവത്തോടുകൂടെ നടക്കാൻ ഈ വിശ്വാസം കൂടിയേ തീരു. സംശയം കൂടാതെ അവിടുത്തെ വചനങ്ങളെ അനുസരിച്ചേ മതിയാകൂ. കാരണം സൂര്യനും ചന്ദ്രനും കാണപ്പെടുന്ന സകലതും മാറിപ്പോകും എന്നാൽ ദൈവവും അവിടുത്തെ വചനങ്ങളും എന്നും നിലനിൽക്കും. എങ്ങനെ വിശ്വസിക്കണം എന്ന് നമ്മൾ പഠിക്കേണ്ടത് പരിശുദ്ധ മറിയത്തിൽ നിന്നാണ്. ഒരു കൊച്ചു പെൺകുട്ടിയായിരുന്നു പരിശുദ്ധ മറിയം. മംഗളവാർത്ത കേട്ടപ്പോൾ പരിഭ്രമിച്ചുപോയി. (ലൂക്ക. 1 :29 ). എങ്കിലും ദൈവത്തിനു ഒന്നും അസാദ്ധ്യമല്ല (ലൂക്ക. 1 : 37 ) എന്ന് ഗബ്രിയേൽ ദൈവദൂതൻ മറിയത്തോടു പറഞ്ഞപ്പോൾ, ഇതാ കർത്താവിന്റെ ദാസി. അങ്ങയുടെ തിരുഹിതം പോലെ എന്നിൽ നിറവേറട്ടെ (ലൂക്ക. 1 : 38 ) എന്ന് എളിമയുടെ പ്രത്യുത്തരം നൽകികൊണ്ട് വിശ്വസിച്ചു. അപ്പോഴും അത് എങ്ങനെ സംഭവിക്കുമെന്ന് മറിയത്തിന് അറിഞ്ഞുകൂടായിരുന്നു. എന്നാൽ ദൈവം പറഞ്ഞ കാര്യങ്ങൾ തീർച്ചയായും സംഭവിക്കുമെന്ന് മറിയത്തിനു ഉറച്ച ബോധ്യമുണ്ടായി. അതാണ് വിശ്വാസത്തിന്റെ കാതൽ.
പ്രിയ കുഞ്ഞുങ്ങളെ, പരിശുദ്ധമറിയത്തെപ്പോലെ വിശ്വാസത്തോടെ ദൈവവചനത്തിനു പ്രത്യുത്തരം നൽകണം. ഇതാ കർത്താവിന്റെ ദാസൻ/ ദാസി എന്ന് ഏറ്റുപറയണം. അപ്പോൾ നമ്മുടെ ജീവിതം ദൈവകരങ്ങളിൽ സുരക്ഷിതമായിരിക്കും.
മാത്യു മാറാട്ടുകളം