ഈശോ നൽകിയ രോഗശാന്തി കളും ഇതര അത്ഭുതങ്ങളും പാപികളോടു ക്ഷമിക്കുന്നതും എല്ലാം ഈ കാരുണ്യത്തിന്റെ ഭാഗംതന്നെയാണ്. പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ.. അവിടുത്തെ അനന്ത കാരുണ്യത്തിന്റെ അവതാരം. തന്റെ ശിഷ്യരിൽ നിന്ന് ഇതേ നന്മയാണ് ഈശോ പ്രതീക്ഷിക്കുക. അഷ്ട ഭാഗങ്ങളിൽ ഒന്ന് കരുണയുള്ളവർക്ക് കിട്ടുന്ന ഭാഗ്യത്തെക്കുറിച്ച് ആണല്ലോ പ്രതിപാദിക്കുക. ” കരുണയുള്ളവർ ഭാഗ്യവാന്മാർ. അവർക്ക് കരുണ ലഭിക്കും “(മത്താ 5:7).
ഈശോയുടെ മുഖ മുദ്ര എന്ന പ്രയോഗം ആകാമെങ്കിൽ അത് അവിടുത്തെ കരുണയാണ് എന്ന് തന്നെ ആയിരിക്കും. തന്റെ ദൈവത്വം മറച്ചുവെച്ച് മനുഷ്യത്വം കൂടി സ്വീകരിക്കുന്നതിൽ ഉൾച്ചേർന്നിരിക്കുന്ന കാരുണ്യം പരമം ആണ്. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും ആയ ഒരു മഹാരഹസ്യം ആണിത്. നമ്മുടെ വിശ്വാസത്തിന് സംക്ഷിപ്തരൂപം ആയി ക്രിസ്തീയ വേദോപദേശം ചെറുപ്രായത്തിൽ പഠിച്ചത്. സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും നമ്മുടെ കർത്താവീശോമിശിഹായുടെ മനുഷ്യാവതാരവും പീഡാനുഭവും കുരിശു മരണവും ഉയർപ്പും മനുഷ്യ വർഗത്തിന്റെ വീണ്ടെടുപ്പും എന്നാണ്. ഇവയെല്ലാം കരുണയുടെ ആവിഷ്കാരങ്ങൾ തന്നെ.
ലേവി എന്ന അപരനാമമുള്ള ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യത്വത്തിലേക്ക് വിളിച്ചതും സ്വീകരിച്ചതും കരുണയുടെ ഏറ്റവും സ്പഷ്ടമായ പ്രവർത്തിയാണ്. ചുങ്കം പിരിക്കുന്നവരെ യഹൂദർ വെറുത്തിരുന്നു. അവർ മറ്റുള്ളവരെ ചൂഷണം ചെയ്തിരുന്നതുകൊണ്ട് അവരെയും പാപികളെയും ജോഡിയായി പൊതുജനം കരുതിയിരുന്നത്. മത്തായിയുടെ സുവിശേഷം 9 :9- 13ൽ ഇത് വളരെ വ്യക്തമാണ്. അപ്പോസ്തലൻമാരുടെ ഗണത്തിലെ അംഗങ്ങളുടെ പേര് അവതരിപ്പിക്കുമ്പോൾ സ്വന്തം പേര്
” ചുങ്കക്കാരൻ മത്തായി” (ചുങ്കം പിരിച്ചു കൊണ്ടിരുന്നു സ്ഥലത്തുനിന്നാണല്ലോ ഈശോ അവനെ വിളിച്ചത്) എന്നാണ് അവൻ ചേർത്തിട്ടുള്ളത്.
ഒരു ഉത്തമ ശിഷ്യന്റെ ശൈലിയാണ് മത്തായിയിൽ വായനക്കാരൻ കാണുക. അപ്രതീക്ഷിതമായ വിളി. യഹൂദനായ ദിവ്യ ഗുരു, യഹൂദർ അങ്ങേയറ്റം വെറുക്കുന്ന ചുങ്കക്കാരനോട് ” തന്നെ അനുഗമിക്കുക” എന്ന് പറഞ്ഞതിൽ പരാപരന്റെ കൃപ, പരമ കാരുണ്യം കണ്ടെത്താൻ അവനു കഴിഞ്ഞു. യാതൊരു അർഹതയുമില്ലത്ത വിളിക്ക് കരുണാർദ്ര സ്നേഹം മാത്രമേ കാരണമായി കാണാനാവൂ. ഇതുതന്നെയാണ് തമ്പുരാൻ പ്രത്യേക ദൗത്യത്തിനായി വ്യക്തികളെ വിളിക്കുമ്പോഴും സംഭവിക്കുക.
മത്തായിയോ ആരോടും ആലോചിക്കാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ കർത്താവിന്റെ ക്ഷണം സസന്തോഷം സ്വീകരിക്കുന്നു. വിശ്വാസത്തിലുള്ള അനുസരണം! ഒരു ഉത്തമ ക്രിസ്തുശിഷ്യന്റെ ശൈലിയാണ് മത്തായിയിൽ നാം കാണുക. ” എന്നെ അനുഗമിക്കുക” എന്ന് കർത്താവ് പറഞ്ഞു ഉടനെ അവൻ എല്ലാം ഉപേക്ഷിച്ച് അവിടുത്തെ അനുഗമിക്കുകയായിരുന്നല്ലോ.