കാരുണ്യത്തോടെ വലിയ ദയാവായ്പോടെ ഇസ്രായേലിനെയും യൂദായെയും രക്ഷിക്കുന്ന, ശക്തിപ്പെടുത്തുന്ന, അവർക്ക് ധൈര്യം പകരുന്ന, നിരുപാധികം അവരോട് ക്ഷമിക്കുന്ന ദൈവത്തെയാണ് സഖറിയ പത്താം അധ്യായത്തിൽ അവതരിപ്പിക്കുക. യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ യൂദാ ഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്റെ ഭവനത്തെ രക്ഷിക്കുകയും ചെയ്യും. അവരുടെമേൽ കരുണ തോന്നി അവരെ ഞാൻ തിരിച്ചു കൊണ്ടുവരും. ഞാൻ ഒരിക്കലും തിരസ്കരിചിട്ടില്ലാത്തവരെ പോലെ ആയിരിക്കും അവർ. ഞാൻ അവരുടെ ദൈവമായ കർത്താവാണ്. ഞാൻ അവർക്ക് ഉത്തരം അരുളും”. (സഖ 10:6).
10:8-10 കർത്താവിന്റെ കരുണ ശക്തമായി വെളിപ്പെടുത്തുന്ന ഒരു പ്രവചനമാണ്. “ഞാൻ അവരെ അടയാളം നൽകി ഒരുമിച്ചു കൂട്ടും. ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു. അവർ പണ്ടത്തെപ്പോലെ അസംഖ്യം ആകും. ഞാനവരെ ജനതകളുടെ ഇടയിൽ ചിതറിച്ചു എങ്കിലും വിദൂരദേശങ്ങളിൽ അവർ എന്നെ അനുസ്മരിക്കും. അവർ മക്കളോടുകൂടി ജീവിക്കുകയും മടങ്ങി വരികയും ചെയ്യും. ഞാൻ അവരെ ഈജിപ്തിൽനിന്ന് തിരിച്ചു കൊണ്ടുവരും. അസിറിയയിൽ നിന്ന് ഞാൻ അവരെ ഗിലയാദിലേക്കും ലേബനൊനിലേക്കും കൊണ്ടുവരും. അവിടെ ഇടം ഇല്ലാതെയാവും”.
കരുണ തോന്നി ഇസ്രായേലിന്, പുതുജീവൻ നൽകുന്നതിനെപ്പറ്റി യഹോവ തന്നെയാണ് ഈ വാഗ്ദാനം നടത്തുന്നത്. അവിടുത്തെ ശിക്ഷ തന്നെയാണ് പ്രവാസം. എങ്കിലും അവരെയെല്ലാം താമസംവിനാ സ്വന്തം നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് അവിടുന്ന് സാമോദം പ്രഖ്യാപിക്കുന്നു. അടിമത്തത്തിനുമുൻപ് ഉണ്ടായിരുന്നതുപോലെ ഇസ്രായേൽജനം വീണ്ടും അസംഖ്യം ആയി തീരുമെന്നും പുനരുദ്ധാരണം പൂർത്തിയാക്കുമെന്നും ആണ് കർത്താവു നൽകുന്ന ഉറപ്പ്. ഇസ്രായേലിനെ പീഡിപ്പിക്കാൻ ദൈവം അനുവദിച്ചതിനെ ഈജിപ്തും അസിറിയായും ശരിയായി മുതലെടുത്തു. തിരിച്ചു കൊണ്ടുവരുന്നവരെ കൊണ്ട് ഇസ്രായേലും അയൽരാജ്യങ്ങളും നിറയുമെന്നാണ് ഇവിടുത്തെ വിവക്ഷ.
സൈന്യങ്ങളുടെ കർത്താവ് “കരുണയുടെ കയറു”കൊണ്ട് തന്റെ രാജകീയ വംശത്തെ യൂദാ ഭവനത്തെ ‘ബന്ധിച്ചു’ കാത്തു പരിപാലിക്കും. അവിടുന്ന് അവരെ ഉന്നതമായ പടക്കുതിര ആക്കും. അവരിൽ നിന്ന് മൂലക്കല്ലും കൂടാര കുറ്റിയും പുറപ്പെടും. പടവില്ലും രാജാക്കന്മാരും അവരിൽ നിന്ന് വരും. അവർ, ശത്രുക്കളെ തെരുവിലെ ചെളിയിൽ ചവിട്ടി അരയ്ക്കുന്ന യുദ്ധവീരൻ മാരെ പോലെ ആയിരിക്കും. അവർ യുദ്ധം ചെയ്ത് കുതിരപ്പടയാളികളെ പരിഭ്രാന്തരാക്കും. ( പ്രവാചകന്റെ വാക്കുകൾ 10:3-5).
തന്റെ ആട്ടിൻകൂട്ടമായ യൂദായെ കരുണയോടെയാണ് യഹോവ അവരെ സന്ദർശിക്കുന്നത്; അവരുടെ അനുഗ്രഹം വാരിക്കോരി ചൊരിയാൻ.മൂലക്കല്ല് കൂടാര കുറ്റി യുദ്ധത്തിനുള്ള വില്ല് തുടങ്ങിയവ സൂചിപ്പിക്കുന്നത്, അവിടുന്ന് അവരോടൊപ്പം ഉള്ളതിനാൽ അവർ തങ്ങളുടെ ശത്രുക്കളെ പരിഭ്രാന്തരാക്കു മെന്നുമാണ്. പ്രവാചകന്റെ പ്രസ്താവന ശ്രദ്ധിക്കുക. ” എഫ്രായിം വീര യോദ്ധാവിനെ പോലെ ആകും. വീഞ്ഞു കൊണ്ടെന്ന പോലെ അവരുടെ ഹൃദയം ആനന്ദിക്കും. അവരുടെ മക്കൾ അത് കണ്ട് സന്തോഷിക്കും. അവരുടെ ഹൃദയം കർത്താവിൽ ആനന്ദിച്ച് ഉല്ലസിക്കും”. (10:7).
യൂദാ മാത്രമല്ല, വടക്കൻ ഇസ്രായേൽ രാജ്യം എന്നറിയപ്പെട്ടിരുന്ന എഫ്രായിമും യഹോവയുടെ അനുഗ്രഹങ്ങൾക്ക് പാത്രമാകും. അവരും അവരുടെ മക്കളും യഹോവയുടെ കാരണത്തിൽ ആഹ്ലാദിക്കും എന്ന് പ്രവാചകൻ ഉറപ്പു നൽകുകയും ചെയ്യുന്നു. ലോകത്തിന്റെ നാല് ദിക്കുകളായി ചിതറിക്കപെട്ട യഹൂദരെ കരുണാദ്രനായ കർത്താവ് തിരിച്ചു കൊണ്ടുവരുമെന്ന പ്രത്യാശയാണ് പ്രവാചകൻ തന്റെ ശ്രോതാക്കൾക്ക് നൽകുന്നത്. പണ്ടു സംഭവിച്ചതുപോലെ ഈജിപ്തിൽ നിന്ന് വരുമ്പോൾ സമുദ്രത്തിലെ തിരമാലകൾ നിശ്ചലമാകും. കിഴക്ക് ദേശങ്ങളിൽ നിന്ന് വരുന്നവർക്ക് വേണ്ടി യൂഫ്രട്ടീസ് നദി വരളും. ചിതറിക്കപ്പെട്ട ദൈവജനത്തെ തിരികെ കൊണ്ടു വന്ന് കഴിയുമ്പോൾ ദൈവം അസറിയയുടെ അഹങ്കാരം നശിപ്പിക്കും. ഈജിപ്തിന്റെ ചെങ്കോൽ എടുത്തുമാറ്റും. കരുണാവാരിധിയായ കർത്താവ് ഒരിക്കലും തന്റെ ജനത്തെ കൈവെടിയുകയില്ല.