“അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്ത് വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും അവൻ പ്രതിവചിച്ചു. നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു ഇതനുസരിച്ചു പ്രവർത്തിക്കുക; നീ ജീവിക്കും. എന്നാൽ അവൻ തന്നെത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ചു യേശുവിനോടു ചോദിച്ചു; ആരാണ് എന്റെ അയൽക്കാരൻ? യേശു പറഞ്ഞു; ഒരുവൻ ജെറുസലേമിൽനിന്നു ജറീക്കോയിലേക്കു പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കയ്യിൽപ്പെട്ടു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ പ്രഹരിച്ചു അർദ്ധ പ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ടു മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ ഒരു സമരിയക്കാരൻ യാത്രാമധ്യേ അവൻ കിടന്നസ്ഥലത്തു വന്നു. അവനെക്കണ്ടു മനസ്സലിഞ്ഞ്, അടുത്തുചെന്നു എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവൻ സത്രം സൂക്ഷിപ്പുകാരന്റെ കയ്യിൽ രണ്ടു ദനാറാ കൊടുത്തിട്ടു പറഞ്ഞു; ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം. കവർച്ചക്കാരുടെ കയ്യിൽപ്പെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത്? അവനോടു കരുണകാണിച്ചവൻ എന്ന് ആ നിയമജ്ഞൻ പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക” (ലൂക്കാ. 10 : 25 – 37 )
ഈ ഉപമയുടെ പുതുമ ഒരിക്കലും നഷ്ടപ്പെടുകയില്ല ഇതിന്റെ സാംഗത്യവും പുതുമയുടെ പുതുമയും, “നീയും പോയി അതുപോലെ ചെയ്യുക” എന്നതാണല്ലോ. മുറിവേറ്റവനെ സഹായിച്ചില്ലെങ്കിൽ അവന് എന്ത് സംഭവിക്കും, എന്ന നല്ല സമറായന്റെ ചിന്തയാണ് അവന്റെ കരുണയുടെ അന്തഃസത്ത. “അഹം അപരാസ്മീ”. അപരൻ ഞാൻ തന്നെയാണ് എന്നതാണ് സത്യങ്ങളുടെ സത്യം, അവന്റെ ദുഃഖം എന്റെ ദുഃഖമാണ്. അവന്റെ ദയനീത എന്റെ തന്നെ ദയനീതയാണ്. ഞാൻ എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുമോ, അത്രയുമെങ്കിലും, കഴിയുമെങ്കിൽ കുറച്ചുകൂടെ കൂടുതലും, ചെയ്യുമ്പോഴാണ് ഒരുവൻ യഥാർത്ഥ കരുണയുള്ളവനാകുന്നത്. അവനേ ദൈവത്തിന്റെ കരുണ കൈവരൂ . വി, പീറ്റർ ജൂലിയൻ എയ്മാർഡ്, വി എലിസബത്ത് തുടങ്ങിയവർ ഇത്തരം കരുണയുടെ മകുടോദാഹരണങ്ങളാണ്. ഇവരുടെ അവകാശമാണ്, “അനന്തരം രാജാവ് തന്റെ വലതുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും; എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ, വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ” (മത്താ. 25 : 34 )
അതെ, സ്വർഗ്ഗം തുറക്കുന്ന മാസ്റ്റർ കീ (master key) ആണ് സ്വയം ദാനത്തിൽ പ്രായോഗികമാകുന്ന കരുണ. നാം അന്യർക്ക് അനുഗ്രഹമാകുമ്പോഴാണ് ദൈവം നമ്മെ കനിഞ്ഞനുഗ്രഹിക്കുക.
കരുണയുള്ളവർക്കുള്ള ഓഫറുകൾ:
(1 ) “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നതു” (മത്താ.25 : 40 )
വി. മാർട്ടിൻ ഡി പോറസ് അഗതികൾക്കും, ആലംബഹീനർക്കും, സ്നേഹനിർഭരമായി തനിക്കു കഴിയുന്ന വിധത്തിൽ ഭക്ഷണവും വസ്ത്രവും നൽകിയിരുന്നു. “ഉപവിയുടെ മാർട്ടിൻ” എന്നാണ് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. കൊടുത്തുകൊടുത്ത് അദ്ദേഹത്തിന് ഒരു ജോഡി വസ്ത്രം മാത്രമായിരുന്നു സ്വന്തം. ആ അവസ്ഥയിലാണ് അദ്ദേഹം കൊടും തണുപ്പിൽ വിറങ്ങലിച്ചു കോച്ചുന്ന യാചകനെ കാണുന്നതും, തന്റെ പുതപ്പിന്റെ പകുതി അദ്ദേഹത്തിന് നൽകിയതും. കിട്ടിയ സൗഭാഗ്യമോ, ആ പകുതി പുതപ്പു ധരിച്ച് ഈശോ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു.
കരുണയ്ക്കു ഇത്രയുമല്ല, ഇനിയും വളരെയധികം നീളമുണ്ട്. മത്താ. 25 :31 -46 , ദൈവം സ്വന്തം വിരൽത്തുമ്പ് ഉപയോഗിച്ച് എഴുതിയ പത്ത് കല്പനകൾ, മനോഗുണ പ്രവൃത്തികൾ 14 , എന്തിനു ദൈവത്തിന്റെ വചനം മുഴുവൻ “പിഴിഞ്ഞെ”ടുത്താൽ കിട്ടുന്ന സത്താണ് കരുണ. ഇത് എല്ലാറ്റിനും ‘ഒറ്റമൂലിയാണ്‘. ക്ഷമ, സ്നേഹം എന്നീ യാഥാർഥ്യങ്ങൾ കൂടി മേമ്പടിയായി ചാലിച്ചുചേർത്താൽ നമ്മൾ യഥാർത്ഥ ക്രിസ്തുശിഷ്യരാകും. കരുണയ്ക്കൊരു അന്തഃസത്ത കല്പിക്കാമെങ്കിൽ അത് ക്ഷമയാണ്. യഥാർത്ഥ സ്നേഹം ഉപവിയുടെ സ്നേഹമാണ്. എല്ലാം കൂടി കൂട്ടിവായിച്ചു പേര് നൽകിയാൽ അതാണ് കരുണാർദ്രമായ സ്നേഹം. ഇതില്ലാതെ ആരും നിത്യരക്ഷ പ്രാപിക്കുകയില്ല, സ്വർഗ്ഗത്തിന് അവകാശികളാവുകയില്ല. “ദരിദ്രന് കൈതുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂർണ്ണനാകട്ടെ” (പ്രഭാ. 7 :32 ).