വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്.ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരമാണ്.നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു.മത്തായി 5 : 33-37
പുറപ്പാട് 20 :16 അയൽക്കാരനു എതിരായി വ്യാജ സാക്ഷ്യം പറയരുത് എന്ന് കല്പിച്ചിട്ടുണ്ട്. അതുപോലെ ദൈവത്തിന്റെ നാമത്തിൽ കള്ളസത്യം ചെയ്യരുത് എന്നും വിലക്കിയിട്ടുണ്ട് (ലേവ്യ 19:12). പഴയ നിയമത്തിലെ കൽപനകൾ വ്യാജമായി ആണയിടുന്നതാണ് വിലക്കിയിട്ടുള്ളത്. യേശു ആണയിടുക എന്നതിലെ വൈരുദ്ധ്യം എടുത്തുകാണിക്കുന്നു. മനുഷ്യർക്ക് പരസ്പര വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ആണയിടുക. പറയുന്ന കാര്യത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കുമെന്ന ചിന്തയാണ് അതിന് പ്രേരിപ്പിക്കുന്നത്. അമ്പതാം സങ്കീർത്തനത്തിൽ അത്യുന്നതനുള്ള നിന്റെ നേർച്ചകൾ നിറവേറ്റുക എന്ന് പറഞ്ഞിട്ടുണ്ട്. ഈ കൽപ്പനകളുടെ പശ്ചാത്തലത്തിലാണ് യേശു സംസാരിക്കുക. ആണയിട്ടു സംസാരിക്കേണ്ടത് ആവശ്യം വന്നത് മനുഷ്യന്റെ സംസാരം പരസ്പരം വിശ്വസിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആയിരുന്നതുകൊണ്ടാണ്. ദൈവത്തെ സാക്ഷിയാക്കി സംസാരിച്ചാൽ വിശ്വാസ്യത ഏറ്റവും കൂടും എന്ന ചിന്താഗതിയാണ് ആണയിടാൻ പ്രേരിപ്പിക്കുന്നത്. ദൈവനാമം നേരിട്ട് ഉപയോഗിക്കാനുള്ള ഭയം കൊണ്ടാണ് ദൈവത്തെ സൂചിപ്പിക്കുന്ന ഏതെങ്കിലും വസ്തുവിനെ കൊണ്ട് ആണയിടുന്നത്. ഉദാഹരണം സ്വർഗ്ഗം, ഭൂമി, ജെറുസലേം, സ്വന്തം ശിരസ്സ് തുടങ്ങിയ എല്ലാം ദൈവത്തിന്റെ അധികാര സീമയിൽപ്പെട്ടതാണ്. മനുഷ്യന് അവയെ കൊണ്ട് ആണയിടാൻ പാടില്ല. ഒരു മുടിയിഴയുടെ നിറം മാറ്റാൻ മനുഷ്യന് കഴിവില്ല.ആണയിടുകയേ അരുത് എന്നാണ് യേശു പറയുക. മനുഷ്യൻ ദൈവത്തിന്റെ മുമ്പിലാണ് വ്യാപരിക്കുകസത്യത്തോട് ചേർന്ന് നിന്നുകൊണ്ട് അതേ എന്നോ അല്ല എന്നോ മാത്രം പറഞ്ഞാൽ മതി.അതിൽ സത്യത്തോടുള്ള തുറവിയും ദൈവത്തോടുള്ള വിശ്വസ്തതയും ഉണ്ടായിരിക്കണം. അതാണ് യേശു തന്റെ അനുയായികളിൽ നിന്നും ആവശ്യപ്പെടുക. ആണ് ഇടാതെ തന്നെ മനുഷ്യരെ പരസ്പരം വിശ്വസിക്കാൻ സാധിക്കണം.