വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന് ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്.മത്തായി 5 : 27-30
കൊല്ലരുത് എന്ന കല്പന പോലെ തന്നെ മോശവഴിയും നൽകപ്പെട്ട മറ്റൊരു കൽപ്പനയാണ് വ്യഭിചാരം ചെയ്യരുത് എന്നത്. പത്തു കല്പനകളിൽ ആറാമത്തേതാണ് ഇത്. ഈ കൽപ്പനയുടെ വ്യാഖ്യാനത്തിൽ ശാരീരികമായ പ്രവർത്തിയാണ് വിലക്കിയിരിക്കുന്നത്. ഇത്തരത്തിൽ നിലവിലുള്ള വ്യാഖ്യാനം അപര്യാപ്തമാണെന്ന് യേശു വിലയിരുത്തി. നിയമത്തെ പൂർത്തീകരിക്കുക അവിടുത്തെ ദൗത്യത്തിന്റെ ഭാഗമായിരുന്നു. വ്യഭിചാരം ചെയ്യരുത് എന്ന് കൽപ്പിച്ചിട്ടുള്ളത് യേശു അംഗീകരിക്കുന്നു. എന്നാൽ ഈ നിയമത്തിന്റെ അപര്യാപ്തത ഇവിടെ നിയമത്തിന്റെ ധാർമ്മികതയെക്കുറിച്ച് അഥവാ ആന്തരികതയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല എന്നതാണ്. വ്യഭിചാരം ചെയ്യരുത് എന്ന നിയമത്തോട് ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്ന ഭാഗം യേശു കൂട്ടിച്ചേർത്തു. വ്യഭിചാരവും ആസക്തിയോടെ സ്ത്രീയെ നോക്കുന്നതും തുല്യമായ പാപങ്ങളായി അവതരിപ്പിക്കുന്നത് വഴി മനുഷ്യന്റെ ആന്തരിക മനോഭാവത്തെ ധാർമികതയുടെ മാനദണ്ഡമായി പ്രഖ്യാപിക്കുകയായിരുന്നു. അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത് എന്ന് മോശയുടെ നിയമം നിഷ്കർഷിക്കുമ്പോഴും അത് യേശു വ്യാഖ്യാനിച്ച വിധത്തിലുള്ള ധാർമികതയിൽ എത്തിച്ചേരുന്നില്ല. ഭാര്യ തുല്യ അവകാശമുള്ള ഒരു വ്യക്തിയായി യഹൂദർ അംഗീകരിച്ചിരുന്നില്ല. അവൾ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ളവൾ ആയിരുന്നു. ഒരുവൻ മറ്റൊരാളുടെ ഭാര്യയെ മോഹിക്കുമ്പോൾ, യഹൂദാ കാഴ്ചപ്പാടിൽ അവൻ ആ സ്ത്രീക്ക് നേരെയല്ല തെറ്റ് ചെയ്യുന്നത് അവളുടെ ഭർത്താവിന്റെ സമ്പത്ത് മോഷ്ടിക്കുകയാണ്.
പുറ.20: 17ൽ നിന്നു ഇക്കാര്യം വ്യക്തമാവും. അതനുസരിച്ച് അയൽക്കാരന്റെ ഭവനം മോഹിക്കരുത്; അതുപോലെ അവന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കഴുതയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്. ഇവിടെ അയൽക്കാരന്റെ ദാസനും ദാസിയും കഴുതയും ഭാര്യയും തുല്യരാണ്. ഒന്നിനെയും മോഹിക്കാൻ പാടില്ല. യേശു ഈ കാഴ്ചപ്പാട് തിരുത്തി. ആസക്തിയോടെ സ്ത്രീയെ നോക്കുക എന്ന പ്രയോഗത്തിൽ സ്ത്രീയുടെ വ്യക്തിത്വത്തിനു വില കൽപ്പിക്കുന്നു. അവളുമായി ഹൃദയത്തിൽ വ്യഭിചാരം ചെയ്യുന്നു എന്ന് പറയുമ്പോൾ അയൽക്കാരന്റെ വസ്തു അപഹരിച്ചു എന്നതിനല്ല പ്രാധാന്യം. ക്രൈസ്തവ ധാർമികതയ്ക്ക് അടിത്തറയിടുകയായിരുന്നു യേശു. മനുഷ്യന്റെ ആന്തരിക മനോഭാവമാണ് ഒരു പ്രവർത്തിയെ ദൈവത്തിന്റെ മുൻപിൽ നല്ലതോ ചീത്തയോ ആക്കുന്നത്.
പ്രലോഭനങ്ങളെ ഒഴിവാക്കാൻ ആവശ്യമെങ്കിൽ കണ്ണോ,വലതുകരമോ നഷ്ടപ്പെടുത്തുക എന്ന വാക്കുകളെ അക്ഷരാർഥത്തിൽ മനസ്സിലാക്കാനുള്ളതല്ല. മനുഷ്യൻ വ്യഭിചാരം എന്ന പാപത്തിലേക്കുള്ള അവസരങ്ങൾ ഒഴിവാക്കേണ്ടതിന്റ ഗൗരവം അവനെ ബോധ്യപ്പെടുത്താനും കണ്ണുകൊണ്ടോ ഹൃദയത്തിലോ വ്യഭിചാരം ചെയ്യാതിരിക്കാൻ എപ്രകാരം ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് നൽകാനുമായിരുന്നു അത്. യുഗാന്ത്യോന്മുഖ പശ്ചാത്തലത്തിലാണ് ഈ വാക്യങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത് അവയവങ്ങളിൽ ഒന്ന് നഷ്ടപ്പെടുകയാണ് (5:29).ഈ പശ്ചാത്തലത്തിൽ ദുഷ്പ്രേരണ ഒഴിവാക്കേണ്ട ആവശ്യകത കൂടുതൽ വ്യക്തമാണ് .(18:16-9).