അധ്യായം മൂന്ന്
ഇസ്രായേൽ മക്കൾ ഈജിപ്തിലെത്തി. അവർ ഭരണാധിപനെക്കണ്ട് നിലംപറ്റ താണു വണങ്ങുന്നു! പദ്ധതിപ്രകാരം പരാപരൻ തന്റെ പക്കലെത്തിച്ച സഹോദരന്മാരെ ജോസഫ് തിരിച്ചറിയുന്നു! പക്ഷേ സഹോദരങ്ങൾക്ക് അവനെ മനസ്സിലായേ ഇല്ല. അതുകൊണ്ടു തന്നെ അവൻ നാടകം നന്നായി അഭിനയിക്കാൻ തീരുമാനിക്കുന്നു. വളരെ പരുഷമായി, ദ്വിഭാഷിയിലൂടെയാണ് അവൻ അവരോടു സംസാരിക്കുന്നത്. ‘നിങ്ങൾ എവിടെ നിന്നു വരുന്നു?’ അങ്ങനെയാണ് അവൻ അവരുമായി സംസാരം തുയങ്ങുന്നതു തന്നെ. അങ്ങേയറ്റം വിനയാന്വിതാരായാണ് അവർ അവനോടു മറുപടി പറഞ്ഞത്. ‘ധാന്യം വാങ്ങാൻ കാനാൻ ദേശത്തുനിന്നു വന്നവരാണു ഞങ്ങൾ.’ തന്നെക്കുറിച്ചും അവരെക്കുറിച്ചും ചെറുപ്പത്തിൽ തനിക്കുണ്ടായ സ്വപ്നം ജോസഫ് അനുസ്മരിക്കുന്നു. (42:6-9)
കല ജീവിതം തന്നെ. കഥയും, കഥാന്തുവും, ക്യാറക്റ്ററും,ഡയലോഗും, ഐറണിയും, ക്ലൈമാക്സും, ആന്റിക്ലൈമാക്സുമുള്ള ഒരു യഥാർത്ഥ ജീവിതനാടകമാണ് നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുക. ഏറെ ഗൗരവം നടിച്ചു ജോസഫ് അവരോടു പറയുന്നു: ‘ നിങ്ങൾ ചാരന്മാരാണ്. നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാൻ വന്നവരാണ്.’ ഭയത്തോടും വിറയലോടും അവർ അവനെ ഉണർത്തിക്കുന്നു, ‘അല്ല യജമാനനെ, അങ്ങയുടെ ദാസർ ധാന്യം വാങ്ങാൻ വേണ്ടി മാത്രം വന്നവരാണണ്.’ ജോസഫിനു ബോധ്യം വരാൻ വേണ്ടി അവർ തുടർന്നു പറയുന്നു, ‘ഞങ്ങൾ പത്തുപേരും ഒരാളുടെ മക്കളാണ്. ഞങ്ങൾ സത്യസന്ധരാണ്. അങ്ങയുടെ ദാസന്മാർ ചാരന്മാരല്ല.
എല്ലാം അറിയാമെന്നിരിക്കെ ജോസഫ് ഇനിയും തറപ്പിച്ചു പറയുകയാണ്, ‘അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു മനസ്സിലാക്കാനാണ് നിങ്ങൾ വന്നിരിക്കുന്നത്.’ തങ്ങളുടെ നിരപരാധിത്വം ഭരണാധിപനെ ബോധ്യപ്പെടുത്താൻ ആ സഹോദരങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയായി. ‘അങ്ങയുടെ ദാസന്മാരായ ഞങ്ങൾ പന്ത്രണ്ടു സഹോദരന്മാരാണ്; കാനാൻ ദേശത്തുകാരാനായ ഒരുവന്റെ തനയർ. ഏറ്റവും ഇളയവൻ ഇപ്പോൾ ഞങ്ങളുടെ പിതാവിന്റെ കൂടെയാണ്. ഒരാൾ ജീവിച്ചിരിപ്പില്ല.’
ഒന്നാന്തരമൊരു ഡ്രമാറ്റിക്ക് ഐറണി! മാംസരക്തങ്ങളോടെ, സർവാലങ്കാരവിഭൂഷിതനായി, സർവപ്രതാപങ്ങളോടെ അവരുടെ മുമ്പിൽ നിൽക്കുന്ന സഹോദരൻ മരിച്ചുപോയെന്ന് ഇതര സഹോദരങ്ങൾ തറപ്പിച്ചു പറയുകയാണ്! സത്യത്തിൽ അവർ അങ്ങനെയാണു ചിന്തിച്ചിരുന്നത്. അവരുടെ ബോധ്യമതാരുന്നു. അസൂയമൂലം അതിനുള്ള കോപ്പെല്ലാം അവർ കൂട്ടിയതാണല്ലോ? പക്ഷെ, ദൈവപരിപാലന അത്ഭുതാവഹമായ രീതിയിൽ, മനുഷ്യബുദ്ധിക്ക് അചിന്തിയമായ രീതിയിൽ, എല്ലാം ക്രമീകരിച്ചിരിക്കുന്നു!
സഹോദരന്മാരെ കുറെ സമയം കൂടി സന്നിഗ്ദ്ധാവസ്ഥയിൽത്തന്നെ നിറുത്താനാണു ജോസഫിന്റെ നീക്കം. അവൻ അവരോട് ആവർത്തിച്ചു പറയുന്നു, ‘ഞാൻ പറഞ്ഞതാണു വാസ്തവം. നിങ്ങൾ ചാരന്മാർ തന്നെ. ഫറവോയുടെ ജീവനാണെ, സത്യം, നിങ്ങളുടെ ഏറ്റം ഇളയ സഹോദരനെ ഇവിടെകൊണ്ടുവന്നിട്ടല്ലാതെ നിങ്ങൾ നിങ്ങൾ ഈ ന്ടു വിട്ടുപോകുന്ന പ്രശ്നമേയില്ല. ഇതു വഴി നിങ്ങളുടെ സത്യാവസ്ഥ ഞാൻ ഗ്രഹിക്കും. നിങ്ങളിൽ ഒരാളെ പറഞ്ഞയയ്ക്കുക. അവൻ ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടികൊണ്ടുവരട്ടെ. അതുവരെ നിങ്ങളെ ഞാൻ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകൾ ശരിയാണെന്നും നിങ്ങൾ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. തുടർന്ന്, അവരെയെല്ലാം അവൻ മൂന്നു ദിവസം തടവിൽ പാർപ്പിക്കുന്നു. (42:14-17)
തന്റെ സഹോദരർ തന്നോടു ചെയ്ത തെറ്റിനു ജോസഫ് അവരെ ശിക്ഷിക്കുകയാണെന്നു പ്രഥമദൃഷ്ട്യാ തോന്നാം. കൂടിതൽ പരിചിന്തിക്കുമ്പോൾ നമുക്കു വ്യക്തമാകുന്ന കാര്യങ്ങൾ വ്യത്യസ്തങ്ങളായിരിക്കില്ലേ? തെറ്റുകാരെ ശിക്ഷിക്കുകയോ, അവരോടു പ്രതികാരം ചെയ്യുകയോ അല്ല ജോസഫിന്റെ ലക്ഷ്യം. യാത്രാക്ലേശവും പട്ടിണിയും മൂലം ക്ഷീണിച്ച് അവശരായ തന്റെ സഹോദരങ്ങൾക്കു സുഭിക്ഷമായി ഭക്ഷിച്ചു നന്നായി വിശ്രമിക്കണം. അവരെ കൺകുളിർക്കെ കാണുക, അല്പസമയമൊക്കെ അവരെ സന്നിഗ്ദ്ധാവസ്ഥയിൽ നിർത്തിയിട്ട് അത്ഭുതാവഹമായ അഖിലേശപരിപാലന അവർക്കു ആവിഷ്ക്കരിച്ചുകൊടുകികുക, അങ്ങനെ പലതും.
മൂന്നാം ദിവസം ജോസഫ് വളരെ പ്രശാന്തനായി കാണപ്പെടുന്നതു നമ്മുടെ നിഗമനം സാധുവാക്കുന്നു. വളരെ ശാന്തനായി അവൽ അവരോടു പറയുന്നു, ‘ഞാൻ പറയുന്നതുപോലെ ചെയ്യുക. എങ്കിൽ വിങ്ങൾ ജീവിക്കും. ദൈവഭയമുള്ളവനാണു ഞാൻ. സത്യസന്ധരെങ്കിൽ സഹോദരരായ നിങ്ങളിൽ ഒരുവൻ ഇവിടെ തടവിൽ കഴിയുക. മറ്റുള്ളവർ വീട്ടിലെ പട്ടിണിയകറ്റാൻ ധാന്യവുമായി ശ്രീഘം പുറപ്പെടുക. നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരിക. അപ്പോൾ നിങ്ങൾ പറയുന്നതു സത്യമെന്നു തെളിയും. നിങ്ങൾക്കാർക്കും മരിക്കേണ്ടി വരികയുമില്ല.’ (42:18-20)
സഹോദരങ്ങൾ ജോസഫിന്റെ നിർദ്ദേശം സസന്തോഷം സ്വീകരിക്കുന്നു. അവർ മടക്കയാത്രക്കൊരുങ്ങുന്നു. പുറപ്പെടുന്നതിനു മുമ്പ്, അവന്റെ സാന്നിദ്ധ്യത്തിൽത്തന്നെ, അവർ അന്യോന്യം സമ്മതിച്ചു പറയുകയാണ്, ‘നമ്മുടെ സഹോദരനോടുള്ള നമ്മുടെ പ്രവൃത്തിയുടെ ഫലമാണിത്. അവൻകേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നാം അവനു ചെവിക്കൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോൾ സംഭവിച്ചിരിക്കുന്നത്.’ റൂബൻ കൂട്ടിച്ചേർക്കുന്നു, ‘കുട്ടിക്കെതിരായി തെറ്റു ചെയ്യരുതെന്നു ഞാനന്നു പറഞ്ഞതല്ലേ? നിങ്ങൾ അതു കേട്ടില്ല. അവന്റെ രക്തം ഇപ്പോൾ പകരം ചോദിക്കുകയാണ്. അവർ പറഞ്ഞതിന്റെയെല്ലാം ഉൾപ്പൊരുൾ ജോസഫിനു വ്യക്തമായി മനസ്സിലായി. ഇക്കാര്യം ആ സഹോദരർ അറിയുന്നുമില്ല. ഒരു ദ്വിഭാഷിയുടെ സഹായത്തേടെയാണല്ലോ അവൻ അവരോടു സംസാരിച്ചിരുന്നത്. (42:21-23) അങ്ങനെ ഐറണി തുടരുന്നു!
തങ്ങളുടെ തിന്മയെ തന്റെ അത്ഭുത പരിപാലനയുടെ നട തുറക്കുന്നതിനുള്ള സുവർണ്ണതാക്കോലായി സർവശക്തൻ ഉപയോഗിക്കുന്ന ആ വിസ്മയ പ്രതിഭാസം ഗ്രഹിക്കാൻ ജോസഫിന്റെ സഹോദരന്മാർ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു! സഹോദരന്മാരുടെ സന്താപവും അനുതാപവും അവനെ ദുഃഖസമുദ്രത്തിൽ ആഴ്ത്തുന്നു. അവൻ അവരിൽ നികന്നു മാറി നെഞ്ചുപൊട്ടിക്കരയുന്നു.
മനസ്സ് ഏതാണ്ടു സമനിലയിലായപ്പോൾ മടങ്ങിവന്ന് ജോസഫ് വീണ്ടും സഹോദരങ്ങളുമായി സംസാരിക്കുന്നു. ശെമയോനെ തടവിൽ കഴിയാനനുവദിച്ചിട്ടു. ബാക്കിയുള്ളവർക്കു പോകാൻ അനുവാദവുമാകുന്നു. വീട്ടിലേയ്ക്കു മടങ്ങുന്നവരുടെയെല്ലാം ചാക്കുകളിൽ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെയും ചാക്കിൽ അവനവന്റെ പണവും തിരികെ വച്ച് ചാക്കു കെട്ടികൊടുക്കാനും യാത്രയ്ക്ക് ആവശ്യമായവയൊക്കെ വേറെ നൽകാനും അവൻ വേലക്കാരോടു കൽപ്പിച്ചിരുന്നു. നിർദ്ദേശം കൃത്യമായി അവർ അനുസരിക്കുകയും ചെയ്തു. (42:24-25). സഹോദരന്മാർ ബഞ്ചമിനുമായി മടങ്ങി വരുമെന്ന് ഉറപ്പു വരുത്താനാണ് ശെമയോനെ വിട്ടയയ്ക്കാതിരുന്നത് എന്നു വ്യക്തമല്ലേ? വിസ്തരഭയത്താൽ നാടകത്തിന്റെ അത്ര പ്രസക്തമല്ലാത്ത ചില രംഗങ്ങൾ വിട്ടുകളയുന്നു.
എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനം ദൈവഭയമാണല്ലോ. ജോസഫിന് അതു സമൃദ്ധമായി ഉണ്ടായിരുന്നു. തന്മൂലം അവനെ മാത്രമല്ല അവനിതൂടെ തന്റെ തനയരെയെല്ലാം തമ്പുരാൻ അനുഗ്രഹിക്കുന്നു. എല്ലാവരെയും പരിപാലിക്കുന്നു. ഓരോ മനുഷ്യനും തന്റെ സഹോദരന്റെ കാവൽക്കാരാണ്. അവൻ മറ്റുള്ളവർക്കു ദൈവപരിപാലനയുടെ ഉപകരണമാവണം. വിശിഷ്യ, മക്കൾക്കു മാതാപിതാക്കൾ, ഭാര്യയ്ക്കു ഭർത്താവ്, ഭർത്താവിനു ഭാര്യ, വിദ്യാർത്ഥികൾക്ക് അധ്യാപകർ, രോഗികൾക്കു ഡോക്ടർമാർ, ഇടവക ജനങ്ങൾക്കു വികാരിമാർ, രൂപതാംഗങ്ങൾക്കു മെത്രാന്മാർ, സന്യാസികൾക്കു സഭാശ്രേഷ്ഠർ, പ്രജകൾക്കു രാജാവ്, ദരിദ്രർക്കു സമ്പന്നർ, അനാഥർക്കു സനാഥർ സകലേശ്വര പരിലാളനത്തിന്റെ മാധ്യമങ്ങളാവണം. വിശക്കുന്നവന്റെ മപമ്പിൽ അപ്പത്തിന്റെ രൂപത്തിലും ദാഹിക്കുന്നവന്റെ മുമ്പിൽ വെള്ളത്തിന്റെ രൂപത്തിലും വേദനിക്കുന്നവന്റെ മുമ്പിൽ സമാശ്വാസമായും അത് അവതരിക്കാൻ മാനവരാശി മനസ്സു കാട്ടിയിരുന്നെങ്കിൽ! കടമ നിർവഹണത്തിൽ വിഘ്നം വരുത്തുന്നവർ ദൈവപരിപാലനയ്ക്കു വലിയ തടയിടുകയാണ് ചെയ്യുന്നത്.
പിതാവായ യാക്കോബിന്റെ അടുത്ത് ജോസഫിന്റെ സഹോദരന്മാർ അതിവേഗം മടങ്ങിയെത്തി. ആകാംക്ഷഭരിതനായിരുന്ന അപ്പനോട് നടന്നതെല്ലാം അവർ വിവരിച്ചു പറയുന്നു. ശിമയോൻ ബന്ധനസ്ഥനായെന്നും ബഞ്ചമിനുമായി വേഗം തിരികെയെത്തിയാൽ തങ്ങളുടെ നിരുപരാധിത്വം തെളിയുമെന്നും ശിമയോനെ തിരികെ കിട്ടുമെന്നുമുള്ള വസ്തുതക്കൾ ഏറ്റം ഹൃദയവേദനയോടെ അവർ പിതാവിനെ അറിയിക്കുന്നു. വിലപിച്ചു കരയാനല്ലേ ആ പിതാവിനു കഴിയൂ? തേങ്ങിക്കരഞ്ഞുകൊണ്ട് അവൻ പറയുന്നു, ‘എന്റെ പൊന്നു മക്കളെ, ജോസഫ് എനിക്കു നഷ്ടപ്പെട്ടു. ശിമയോനും പോയി. ഇനി നിങ്ങൾ ബഞ്ചമിനെയും കൊണ്ടു പോകും. എല്ലാം എനിക്കു പ്രതികൂലമായിരിക്കുന്നു.’ (42:29-38)
ഇസ്രായേലിന്റെ കഷാമം വീണ്ടും കൊടുമ്പിരിക്കൊള്ളുന്നു. ഇസ്രായേൽമക്കൾ ഈജിപ്തിൽ നിന്നുകൊണ്ടിവന്നിരുന്ന ധാന്യം തീരുകയാണ്. ഗത്യന്തരമില്ല. അതുകൊണ്ടു മനസ്സില്ലാമനസ്സോടെ യാക്കോബ് മക്കളോടു നിർദ്ദേശിക്കുന്നു, ‘നിങ്ങൾ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങികൊണ്ടു വരുവിൻ.’അപ്പോൾ യൂദാ പിതാവിനെ അറിയിക്കുന്നു, ‘അനുജനെക്കൂടാതെ വന്നാൽ നിങ്ങൾക്കെന്നെ കാണാൻ പോലും സാധിക്കുകയില്ലെന്നു ഭരണാധിപൻ ഞങ്ങളോടു തീർത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബഞ്ചമിനെക്കൂടെ അയയ്ക്കാമെങ്കിൽ, ഞങ്ങൾപോയി ധാന്യം വാങ്ങിക്കൊണ്ടു വരാം. നമ്മൾ മരിക്കാതെ ജീവനോടെ ഇരിക്കണമെങ്കിൽ അവനെ എന്റെകൂടെ അയയ്ക്കുക. ഞങ്ങൾ ഉടനെ പുറപ്പെടാം. അവന്റെ ചുമതല ഞാൻ ഏറ്റുകൊള്ളാം.’ (43:1-8).
ബഞ്ചമിനെയും കൂട്ടി ഈജിപ്തിലേക്കു പോകാൻ ഇസ്രായേൽ മക്കൾക്ക് അനുവാദമാകുന്നു. അപ്പൻ യൂദായുടെ വാക്കുകൾക്കു മറുപടിയായി പറയുന്നു: ‘കൂടിയേ തീരു എങ്കിൽ കുടിയേ തീരു എങ്കിൽ കുട്ടിയെയും കൂട്ടിപോകുക. നാട്ടിലെ വിശിഷ്ടോല്പന്നങ്ങൾ കുറേശ്ശെയെടുത്ത് ആ ഭരണാധിപനു സമ്മാനമായിക്കൊണ്ടുപോകുക- തൈലം, തേൻ, സുഗന്ധദ്രവ്യങ്ങൾ, മീറാ, ബോടനണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം. സർവശക്തനായ ദൈവം അവന്റെ മുമ്പിൽ നിങ്ങളോടു കരുണ കാണിക്കട്ടെ. അവൻ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കൾ എനിക്കു നഷ്ടപ്പെയടണമെന്നാണു ദൈവതിരുമലസ്സെങ്കിൽ അങ്ങനെയുമാവട്ടെ.’ (43:11-14).
ഹൃദയസ്പർശിയായ വാക്കുകൾ! യാക്കോബിന്റെ മനോഭാവം എത്ര മഹനീയം! പിതാവായ അബ്രാഹത്തിന്റേതിൽനിന്നു വ്യത്യസ്തമല്ലാത്ത ഹൃദയഭാവം! അയാൾ ചിന്തിരിച്ചിരിക്കും. തന്റെ പിതാക്കന്മാരുടെ വിശ്വാസത്തിനും വിശ്വസ്തതയ്ക്കും പ്രതിസമ്മാനം നല്കിയ വിധാതാവ് തന്റെ മക്കളെയും സുരക്ഷിതരായി തിരികെ എത്തിക്കാതിരിക്കുമോ? തിരുസ്സുതന്റെ നിത്യപിതാവിലുള്ള സമർപ്പണത്തിന്റെ തിരുവചസ്സുകൾ വിരൽത്തുമ്പിലോടിയെത്തുന്നു. ‘എന്റെ ഇഷ്ടമല്ല, അവിടുത്തെ തിരുവിഷ്ടം നിറവേറട്ടേ.’ (മത്താ 26:39) അവിടുത്തെ തിരുമാതാവിന്റെ മനോഭാവവും ഒട്ടും വ്യത്യസ്തമല്ല. ‘ഇതാ കർത്താവിന്റെ ദാസി; അവിടുത്തെ തിരുവചനം പോലെ എന്നിൽ ഭവിക്കട്ടെ’
ഇസ്രായേൽമക്കൾ സ്വപിതാവിന്റെ നിർദ്ദേശാനുസൃതം ബഞ്ചമിനെയും കൂട്ടി, ഈജിപ്തിന്റെ ഭരണാധിപനുള്ള സമ്മാനങ്ങളും ശേഖരിച്ച്, യാത്ര പുറപ്പെടുന്നു. അവർ അതിവേഗം ഈജിപ്തിലെത്തി ജോസഫിന്റെ മുമ്പിൽ ഹാജരാകുന്നു. അവരെക്കണ്ട ഉടനെ ആ നല്ല മനുഷ്യൻ, ആ ദൈവത്തിന്റ മനുഷ്യൻ, കാര്യസ്ഥനെ വിളിച്ചു കൽപ്പിക്കുന്നു, ‘ഇവരെ നേരേ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുക. ഒരു മൃഗത്തെ കൊന്നു സദ്യയൊരുക്കുക. ഇവരെല്ലാവരും എന്നോടൊപ്പമായിരിക്കും ഉച്ചഭക്ഷണം കഴിക്കുക, (43:16) ജോസഫ് കല്പിച്ചതുപോലെ കാര്യസ്ഥൻ അവരെ സ്നേഹാദരവോടെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുന്നു.
കുറ്റബോധം ഇപ്പോഴും ആ സഹോദരന്മാരെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. അവർ ഏറെ ഭയപ്പെടുന്നു. ദൈവപരിപാലനയുടെ കരം തിരിച്ചറിയാൻ അവർക്കിനിയും ആകുന്നില്ല. ജോസഫിന്റെ വീട്ടുവാതിൽക്കലെത്തിയ അവർ കാര്യസ്ഥനെ സമീപിച്ചു പറയുന്നു, ‘യജമാനനെ, മുമ്പൊരിക്കൽ ധാന്യം വാങ്ങുന്നതിനു ഞങ്ങൾ ഇവിടെ വന്നിരുന്നു. മടക്കയാത്രയിൽ വഴിയമ്പലത്തിൽവച്ച് ചാക്കുകളഴിച്ചപ്പോൾ ഞങ്ങൾ ഓരോരുത്തരും ധാന്യത്തിന്റെ വിലയായി കൊടുത്ത പണം ഞങ്ങളുടെ ചാക്കുകളിൽത്തന്നെ ഇരിക്കുന്നു! പണം തിരികെ വച്ചത് ആരെന്നു ഞങ്ങൾക്കറിഞ്ഞൂടാ. ആ പണം ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ധാന്യം വാങ്ങുന്നതിനു ഞങ്ങൾ വേരെ പണവും കൊണ്ടുവന്നിട്ടുണ്ട്.’ (43:18-22)
അവരുടെ മാനസികവ്യഥ വ്യക്തമായി മനസ്സിലാക്കുന്ന ആ കാര്യസ്ഥൻ ദൈവപരിപാലനയുടെ മറ്റൊരുപകാരണമാകുന്നതു നോക്കുക. അവരെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറയുന്ന വാക്കുകൾ എത്രശ്രദ്ധേയം! ‘ശാന്തരായിരിക്കുവിൻ, ഭയപ്പെടേണ്ടാ, നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളിൽ പണം നിക്ഷേപിച്ചത്. ധാന്യത്തിന്റെ വലിയായ നിങ്ങൾ തന്ന പണം ഞാൻ കൈപ്പറ്റിയതാണ്. അനന്തരം അവൻ ശെമയോനെ അവരുടെ പക്കൽ കൊണ്ടു ചെല്ലുന്നു. (43:24-25) യാക്കോബിന്റെ മക്കൾക്കുള്ള മഹേശ്വരപരിപാലന മനസ്സലാക്കാൻ വിജാതീയനായ ആ കാര്യസ്ഥന്റെ മറുപടി മാത്രം മതിയാവുമല്ലോ!
ജോസഫിന്റെ സഹോദരങ്ങൾക്ക് ഒട്ടൊക്കെ ആശ്വാസമാകുന്നു. അവർ ജോസഫിനുള്ള സമ്മാനവിഭവങ്ങൾ സമാഹരിച്ച് അവനെ കാത്തിരിക്കുകയാണ്. അവൻ അന്നു കലേകൂട്ടി എത്തി. സമ്മാനം നൽകികൊണ്ട് അവർ അവനെ താണു വണങ്ങുന്നു. അവൻ അവരോടു സ്നേഹപുരസ്സരം കുശലം ചോദിക്കുന്നു. ‘നിങ്ങളുടെ പാതാവിനു സുഖം തന്നെയോ?’ ‘അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിനു സുഖം തന്നെ’, അവർ മറുപടി പറഞ്ഞു. അവൻ തല ഉയർത്തി നോക്കിയപ്പോൾ തന്റെ ഉടപ്പിറന്ന സഹോദരൻ ബഞ്ചമിനെ അവരോടൊപ്പം കണ്ടു. അവന്റെ ഹൃദയം സന്തോഷം കൊണ്ടു തേങ്ങി. ‘മകനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിന്നോടു കരുണകാണിക്കട്ടെ’ എന്നു പറഞ്ഞ് അവനെ അനുഗ്രഹിച്ചിട്ട് കിടപ്പറയിൽ കയറി അവൻ ഉറക്കെ കരഞ്ഞു (43:30). ഓരോ മനുഷ്യനും കൈമുതലാക്കേണ്ട പുണ്യമാണ് സഹോദരസ്നേഹം. ‘സഹോദരസ്നേഹം ഈ ലോകത്തെ ഉള്ളൂ’ എന്നൊരു ചൊല്ലു തന്നെ മലയാളത്തിലുണ്ട്.
ഇവിടെ ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ.’ (യോഹ. 13:14) എന്ന നാഥന്റെ പുതിയ കല്പന അനുസ്മരിക്കാൻ നാം നിർബന്ധിതരാകുന്നു. അവിടുന്നു തുടരുന്നു, ‘നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാനരും അറിയും.’ (യോഹ. 13:15)
തുയർന്നുള്ള ജോസഫിന്റെ ഓരോ പ്രവൃത്തിയും സഹോദര സ്നേഹത്തിന്റെ തികഞ്ഞ ആവിഷ്ക്കാരങ്ങളാണ്. വികാരവായ്പ് നിയന്ത്രണാധീനമായ ഉടനെ ജോസഫ് പുറത്തു വരുന്നു. എല്ലാവർക്കും ഭക്ഷണം വിളമ്പാൻ വേലക്കാർക്ക് അവൻ നിർദ്ദേശം നൽകുന്നു. മൂത്തവൻ മുതൽ ഇളയവൻ വരെ മൂപ്പനുസരിച്ച് ആ സഹോദരങ്ങൾ ജോസഫിനോനോടൊപ്പം ഭക്ഷണത്തിനിരിക്കുന്നു. അവൻ തന്റെ ഭക്ഷണത്തിൽ നിന്ന് ഓരോ പങ്ക് അവർക്കെല്ലാം നൽകുന്നു. ബഞ്ചമിന്റെ പങ്കു മറ്റുള്ളവരുടേതിന്റെ അഞ്ചിരട്ടിയായിരുന്നു. യഥാർത്ഥ സഹോദരസ്നേഹവും വാത്സല്യവും സ്പഷ്ടമാക്കുന്ന പരമസുന്ദരമായ ഒരു ചെറുപ്രവൃത്തി! ജോസഫിന്റെ സ്നേഹത്തിന്റെ ഊഷ്മളതയും ആഴവും ഊഹിക്കുക. ഇത്രയുമൊക്കെയായിട്ടും ആ മനുഷ്യർ സ്വസഹോദരനെ തിരിച്ചറിയുകയോ, ഈശ്വരപരിപാലനയുടെ അത്ഭുതാവഹവും ആരാധ്യവുമായ ആവിഷ്കാരം ഗ്രഹിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ജോസഫോ എല്ലാം ഗ്രഹിച്ച് ആനന്ദ സാഗരത്തിലും.
അവന്റെ ഓരോ വാക്കും പ്രവൃത്തിയും അതു വ്യക്തമാക്കുന്നു. മാത്രവുമല്ലാ, അവ തന്റെ സഹോദരങ്ങളെ അവർ ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കുന്നവയും അവർക്കുള്ള തന്റെ അത്യാഗധമായ സ്നേഹാദരവുകൾ തെളിയിക്കുന്നവയുമാണ്. അവന് അവരോട് അണുപോലും പ്രതിഷേധമോ പ്രതികാരമോ ഇല്ല. അവൻ അവരോടു വ്യവസ്ഥയില്ലാതെ എല്ലാം പണ്ടേ ക്ഷമിച്ചു കഴിഞ്ഞിരുന്നു. അവരോടുള്ള സ്നേഹംകൊണ്ട് അവന്റെ ഹൃദയം തിരളുകയാണ്. ബഞ്ചമിന്റെ ചാക്കിൽ വെള്ളിക്കപ്പു വച്ച് സൂത്രത്തിൽ അവനെ കൂടെ നിറുത്തിയത് തികച്ചും നാടകീയവും അലനോടുള്ള പ്രത്യേകമായ വാത്സല്യമ കൊണ്ടും അപ്പനെയും ഇതരചാർച്ചക്കാരെയും എത്രയുംവേഗം ഈജിപ്തിൽ കൊണ്ടുവന്നു സംരക്ഷിക്കുന്നതിനും വേണ്ടിയാണ്.
ജോസഫ് സഹോദരങ്ങൾക്കു വെളിപ്പെടുത്തുന്നു
പക്ഷേ, സസ്പെൻസ് ക്ലൈമാക്സിലെത്തിക്കാൻ ജോസഫിനു കഴിയുന്നില്ല. അവനിലെ സഹോദരസ്നേഹം അണപൊട്ടിയൊഴുകുകയായി. അതു കണ്ണീർക്കയമായി മാറുന്നു. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൻ ഏങ്ങലടിച്ചു കരയുന്നു! യഥാർത്ഥ സന്തോഷാശ്രുക്കൾ! വികാരത്തള്ളൽ ഒട്ടൊന്നു ശമിച്ചപ്പോൾ അവൻ സഹോദരരോടു വെളിപ്പെടുത്തുന്നു, ‘ഞാൻ ജോസഫാണ്, എന്റെ പാതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ?’ (45:3) അവന്റെ വാക്കുകൾ സഹോദരയെല്ലാം സ്തംഭിപ്പിച്ചു കളഞ്ഞു. അവർക്ക് ഒന്നും പറയാനാവുന്നില്ല. അവരുടെ കണ്ണുകളെയും കാതുകളെയും അവർക്കു വിശ്വസിക്കാനാവുന്നില്ല. അവരെ ഞെട്ടലിൽ നിന്നു മോചിപ്പിക്കാൻ ജോസഫ് അവരെ തന്റെ അടുത്തേയ്ക്കു വിളിച്ചടുപ്പിച്ച് അവരോടു പറയുന്നു, ‘നിങ്ങൾ ഈജിപ്തുകാർക്കു വിറ്റ നിങ്ങളുടെ സഹോദരൻ ജോസഫാണു ഞാൻ’ (45:4).
തുടർന്നുള്ള അവന്റെ വാക്കുകൾ അങ്ങേയറ്റം ഹൃദയഹാരിയും തമ്പുരാന്റെ പരിപാലനയുടെ വിവിധ മുഖങ്ങളിലേയ്ക്കു വിരൽ ചൂണ്ടുന്നവയാണ്. ‘എന്നെ ഈജിപ്തുകാർക്കു വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ അരുത്. കാരണം, ജീവൻ നിലനിർത്താൻ വേണ്ടി എന്നെ നിങ്ങൾക്കു മുമ്പേ ഇങ്ങോട്ടയച്ചതു ദൈവമാണ്. നാട്ടിലാകെ ക്ഷാമമായിട്ടു രണ്ടു വർഷമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചു വർഷം ഇനിയുമുണ്ട്.'(45:5-6)
തന്റെ പരിപാലന പ്രാവർത്തികമാക്കാൻ പ്രപഞ്ചനാഥൻ കാലാകാലങ്ങളിൽ പ്രത്യേക ഉപകരണങ്ങളെ ഉപയോഗിക്കുന്നു. അവിടുത്തെ സ്നേഹമാണ് പരിപാലനാരൂപത്തിൽ അനുനിമിഷം പ്രാവർത്തികമാക്കാൻ പ്രപഞ്ചനാഥൻ കാലാകാലങ്ങളിൽ പ്രത്യേക ഉപകരണങ്ങളെ ഉപയോഗിക്കുന്നു. അവിടുത്തെ സ്നേഹമാണ് പരിപാലനരൂപത്തിൽ അനുനിമിഷം പ്രാവർത്തികമായികൊണ്ടിരിക്കുന്നത്. ദൈവപരിപാലനയുടെ വളരെ ശക്തമായ ഒരു ഉപകരണമാണ് പൂർവ്വയൗസഫ്. ദൈവത്തിന്റെ സ്നേഹലാളനത്തിന്റെ സവിശേഷമായ ആവിഷ്കാരമാണ് സംഭവബഹുലമാല അന്റെ ജീവിതം. വിവിധങ്ങളായ രൂപങ്ങളിലും ഭാവങ്ങളി സദാ പ്രാവർത്തികമാകുന്ന ഈശ്വരപരിപാലനയെക്കുറിച്ച് ആധുനിക മനുഷ്യൻ ബോധവാനാകണം. സ്നേഹസ്വരൂപനും പാലകനുമായ പരാപരനെ അറിഞ്ഞു സ്നേഹിച്ച് അവിടുത്തേയ്ക്കു നന്ദിചൊല്ലി അനുഗ്രഹപ്രദമായ ഒരു ജീവിതം നയിക്കാൻ ഈ അവബോധം അത്യന്താപേഷിതമാണ്.
ദൈവം തന്റെ സ്നേഹലാളനങ്ങൾ സകലർക്കുമായാണു സംവിധാനം ചെയ്തിരിക്കുന്നതെന്നു നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. താഴെ പറയുന്ന വാക്കുകളൾ ശ്രദ്ധിച്ചുവായിച്ചാൽ ഈ സത്യം കൂടുതൽ സ്പഷ്ടമാവും. അവൻ പറയുന്നു, ” നിങ്ങൾക്കു ഭൂമിയിൽ സന്തതികളെ നിലനിർത്താനും വിസ്മയകരമായ രീതിയിൽ രക്ഷനൽകാനും വേണ്ടി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ ഇങ്ങോട്ടയച്ചതാണ്. അതു കൊണ്ടു നിങ്ങളല്ല, ദൈവം തന്നെയാണ് എന്നെ ഇങ്ങോട്ടയച്ചത്. അവിടുന്ന് എന്നെ ഫറവോയ്ക്കുപിതാവും അവന്റെ വീടിനു നാഥനും ഈജിപ്തുദേശത്തിന് അധിപനുമാക്കിയിരിക്കുന്നു. (45:78)