ബാഹ്യ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യഥാർത്ഥ ആത്മീയതയെ തളച്ചിടുന്ന ഫരിസേയ ചിന്താഗതിയെ അടിമുടി ഈശോ തിരുത്തി കുറിച്ചു . കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് ശാരീരികക്ഷാളന നിയമങ്ങൾ ലംഘിക്കുന്ന തോ ഒരുവനെ അശുദ്ധൻ ആക്കുന്നില്ല എന്ന് അവിടുന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഹൃദയ തലത്തിൽ ആന്തരിക വിശുദ്ധിയുടെ പാലനം ആണ് പരമപ്രധാനം. ദാനധർമ്മം ഉപവാസം പ്രാർത്ഥന ഇവ മറ്റുള്ളവർ കാണണം എന്ന ലക്ഷ്യത്തോടെ ആവരുത് ചെയ്യുന്നത്. ദാതാവിന്റെ ഹൃദയഭാവമാണ് പരമപ്രധാനം. ഈശോ വ്യക്തമാക്കുന്നു.
മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്ഥനായ പിതാവിങ്കല് നിങ്ങള്‍ക്കു പ്രതിഫലമില്ല.
മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും.
പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
മത്തായി 6 : 1-8.
നിയമജ്ഞരും ഫരിസേയരും തന്റെ ശിഷ്യരെ കുറ്റപ്പെടുത്തിയ അതേ കാര്യത്തിലൂന്നി (7: 5 )ഈശോ തന്നെ മറുപടി തുടരുന്നു. എന്താണ് ഒരുവനെ ശുദ്ധനോ അശുദ്ധനോ ആക്കുന്നത് എന്ന കാര്യം പരമപ്രധാനമാണ്. തങ്ങളുടെ പാരമ്പര്യ പ്രേമം മൂലം ഫരി സേ യർ ഇക്കാര്യത്തെ കുറിച്ചുള്ള ദൈവഹിതത്തിനു നിന്നും വളരെ അകന്നു കഴിഞ്ഞിരുന്നു. ഇതുവരെ ദിവ്യ നാഥൻ പ്രധാനമായും സംസാരിച്ചത് തന്റെ വിമർശകരായ നിയമജ്ഞരോടും ഫരിസേയരോടുമാണ്. ഇനി അവിടുന്ന് പഠിപ്പിക്കാൻ പോകുന്നത് സുപ്രധാനമാണ്. അതുകൊണ്ട് അവിടുന്ന് അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തെ തന്റെ അടുത്തേക്ക് വിളിച്ചു തന്നെ ശ്രദ്ധയോടെ കേൾക്കാൻ നിർദ്ദേശിക്കുന്നു.
ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി.
അവന്റെ ശിഷ്യന്മാരില് ചിലര്‍ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.
പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.
പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നു.
ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാര് പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്?
അവന് പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏ ശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന് എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്.
വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള് പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
അവന് തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്പന അവഗണിക്കുന്നു.
എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബ ഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവന്‍മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്.
എന്നാല്‍, ഒരുവന് തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക് എന്നില്‍നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ – അതായത് വഴി പാട് – ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു.
പിന്നെ പിതാവിനോ മാതാവിനോ വേണ്ടിയാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അ നുവദിക്കുന്നുമില്ല.
അങ്ങനെ, നിങ്ങള്‍ക്കു ലഭി ച്ചപാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.
ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് അവന് പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍.
പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന് ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാര് ചോദിച്ചു.
അവന് പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മന സ്സിലാക്കുന്നില്ലേ?
കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന് പ്രഖ്യാപിച്ചു.
അവന് തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.
എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം,
വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്.
ഈ തിന്മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
മര്‍ക്കോസ് 7 : 1-23.
തിന്മയെ അതിന്റെ പ്രവർത്തി പദത്തിലേക്ക് മാത്രം എഴുതിയാൽ പോരാ. മനസ്സിന്റെആന്തരിക തലത്തിലും അത് പക്വമായി വിലയിരുത്തപ്പെടണം. “വ്യഭിചാരം ചെയ്യരുത്” എന്നു കൽപിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു : ആസക്തിയോടെ സ്ത്രീയെ (പുരുഷനെ )നോക്കുന്നവൻ ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു (മത്താ. 5: 27 ). അങ്ങനെ ഹൃദയ തലത്തിൽ, മനോഭാവത്തിൽ, ആന്തരികതയിൽ, ധാർമികതയെ ഉറപ്പിച്ച്, വിശുദ്ധിക്കും ധാർമ്മികതയ്ക്കും ആഴവും അർത്ഥവും നൽകി ഈശോ അവയെ പൂർണ്ണതയിൽ എത്തിച്ചു. കേവലം നൈ യാമികമായ അനുഷ്ഠാനത്തിന് അവിടുന്ന് ഒരു വിലയും കൽപ്പിച്ചില്ല. വ്യക്തി ഭാവത്തിന് ആന്തരിക മനോഭാവത്തിന് ആണ് അവിടുന്ന് എല്ലാ ഊന്നലും നൽകുന്നത്. അന്തസ്സാരശൂന്യമായ അനുഷ്ഠാനങ്ങളും നിന്നും മതാന്ധതയിൽ നിന്നും ധാർമികതയെ ആത്മീയതയെ സ്വാതന്ത്രമാക്കി അവയെ ഈശോ ആന്തരികതയിൽ ഉറപ്പിച്ചു.
ധാർമികതയെ ദൈവഹിതത്തിൽ ഈശോ ഉറപ്പിച്ചുനിർത്തി.” സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗത്തിൽ പ്രവേശിക്കുന്നത് (മത്തായി 7: 21 )എന്നും അവിടുന്ന് വ്യക്തമാക്കി.തന്നെ ത്തന്നെ അവർക്ക് ദൃഷ്ടാന്തം ആക്കി അവരോട് പറയുകയും ചെയ്തു. ” എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുക അവന്റെ ജോലി പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം “(യോഹ 4:34). ദൈവത്തിൽനിന്നുള്ള ശാശ്വത പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് അവിടുന്ന് ധാർമികതയ്ക്ക് ആത്മീയ മാനം നൽകി.
“രഹസ്യങ്ങൾ അറിയുന്ന പിതാവ് പ്രതിഫലം നൽകും” (മത്താ.6 :6 ) എന്ന് ഉറപ്പ് ആയിരിക്കണം നന്മ ചെയ്യുന്നതിന്റെ പ്രേരക ഘടകം. ഇതായിരിക്കണം ധാർമികതയുടെ അടിസ്ഥാനവും. അങ്ങനെ എല്ലാം ദൈവ മഹത്വത്തിനായി ചെയ്യണം. ” നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവ എല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിൻ ” (1കൊറീ 10:31). രഹസ്യങ്ങൾ അറിയുന്ന ദൈവം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നു എന്ന അവബോധം സൂക്ഷിച്ചുകൊണ്ട്, മാനുഷികപരിഗണനയെ ക്കാൾ ദൈവസന്നിധിയിൽ ശ്രേഷ്ഠമായത് ചെയ്യാൻ നാം ശ്രദ്ധിക്കേണ്ടതാണ്.