സ്പെയിനിലെ സർഗോസാ എന്ന പ്രദേശത്തെ മെത്രാനായിരുന്ന വലേറിയൂസിന്റെ ശിഷ്യനായിരുന്നു ഡീക്കൻ വിൻസെന്റ്. ഡയോക്ലേഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് പതിനെട്ട് രക്തസാക്ഷിത്വ കിരീടം വിഭജിച്ചുകൊടുത്തുകഴിഞ്ഞിരുന്ന ഗവർണ്ണർ ഡേഷ്യസിന്റെ മുമ്പിൽ ബിഷപ്പ് വലേരിയൂസും ഡീക്കൻ വിൻസെന്റും ആനയിക്കപ്പെട്ടു. അവരെ കാരാഗൃഹത്തിലടയ്ക്കാനും പട്ടിണിയിടാനും വിവിധതരത്തിൽ മർദിക്കാനും ഡേഷ്യൻ കല്പിച്ചു. അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞ അവരെ ദേഷ്യന്റെ പക്കൽ ആനയിച്ചപ്പോൾ അവർ അക്ഷീണരായും പ്രസന്നരായും കാണപ്പെട്ടത് നിമിത്തം ജയിൽ വാർഡന്മാർ തന്റെ നിർദേശങ്ങൾ പാലിച്ചില്ലെന്ന് ഡേഷ്യസ് കരുതി ഭീഷണികളും ഉദാരവാഗ്ദാനങ്ങളും വഴി അവരെ തലതിരിക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും വിൻസെന്റിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഞങ്ങൾ സത്യദൈവത്തെപ്രതി എന്തും സഹിക്കാൻ തയ്യാറാണ്.”
ഈ മറുപടി കേട്ട് ക്രുദ്ധനായ ഗവർണ്ണർ ബിഷപ്പിനെ നാടുകടത്തി. വിൻസെന്റിന്റെ അതികഠിനമായി മർദിക്കാനും ഉത്തരവായി. ആദ്യം അദ്ദേഹത്തെ ഇരുമ്പുപലകയിൽ കിടത്തി കാലും കൈയും ബലമായി വലിച്ചുനീട്ടി; ഇരുമ്പു കൊടുത്തുകൾകൊണ്ട് ശരീരം വലിച്ചു കീറി; ഉപ്പും മുളകും മുറിവിൽ തേച്ചു. അതുകൊണ്ട് തൃപ്തിപെടാതെ പഴുത്ത ഒരു ഇരുമ്പു കസേരയിൽ സ്വൽപ്പനേരം ഇരുത്തിയശേഷം ഏകാന്ത കാരാഗൃഹത്തിലിട്ട് ചികിത്സിച്ചു. മുറിവുകൾ ഉണങ്ങിയശേഷം രണ്ടാമതും മർദ്ദിക്കുകയായിരുന്നു, ചികിത്സയുടെ ലക്ഷ്യം. എന്നാൽ അതിനുമുമ്പ് അദ്ദേഹം മരിച്ചു. ഭക്തജനങ്ങൾ അദ്ദേഹത്തിന്റെ മുറിവുകൾ ചുംബിച്ചു കൃതാർത്ഥരായി.
വിൻസെന്റ് സർവ്വഥാ ക്ഷതനായി കാരാഗൃഹത്തിൽ കിടക്കുമ്പോൾ ആ മുഖത്തുണ്ടായിരുന്ന ദിവ്യമായ പ്രസന്നതയും മുറിയിലുണ്ടായിരുന്ന പ്രകാശവും ദർശിച്ച ജയിൽ വാർഡൻ തൽക്ഷണം മാനസാന്തരപ്പെട്ടു ജ്ഞാനസ്നാനം സ്വീകരിച്ചു. വിൻസെന്റിന്റെ മൃതദേഹം ഒരു കല്ലിൽക്കെട്ടി കടലിലിട്ടു. അത് കരയ്ക്കടിഞ്ഞുവന്നു ക്രൈസ്തവരുടെ കൈവശമെത്തി.
വിചിന്തനം: സഹനങ്ങളുടെയും പ്രലോഭനങ്ങളുടെയും ഇടയ്ക്കു സമാധാനവും സംതൃപ്തിയും വേണമെങ്കിൽ പ്രാർത്ഥിക്കുക.