പഴയ നിയമ പ്രവാചകന്മാർ ദൈവഹിതം അറിയിച്ചത് “കർത്താവ് അരുൾ ചെയ്യുന്നു “എന്ന് പറഞ്ഞാണ്. എന്നാൽ ഈശോ മിശിഹാ പഠിപ്പിച്ചത് “ഞാൻ നിങ്ങളോട് പറയുന്നു” എന്ന പ്രഖ്യാപനത്തോടെയാണ്. തന്റെ പ്രബോധനങ്ങളുടെ ആധികാരികതയ്ക്കായി വിശുദ്ധലിഖി തങ്ങളെയോ, വ്യക്തികളെയോ, തെല്ലും ആവശ്യമായിരുന്നില്ല അവിടുത്തേക്ക്. ആരെയും അവിടുന്ന് ഒരിക്കലും തന്റെ പ്രബോധനങ്ങളെ സാധൂകരിക്കാൻ ഉദ്ധരിച്ചില്ല.വാസ്തവത്തിൽ മേൽപ്പറഞ്ഞവരുടെ ആധികാരികത മനുഷ്യ പുത്രനായ, നിത്യ സത്യവചനമായ, അവിടുന്നാണ്. ദൈവമായ അവിടുന്ന് തന്നെത്തന്നെ ആധാരമാക്കിയാണ് എല്ലാ പ്രബോധനങ്ങളും നൽകിയത്.
” ആകുന്നവൻ ഞാനാകുന്നു”,” ഞാൻ ഞാൻ തന്നെ”, ഞാനാകുന്നവൻ എന്നാണ് എന്റെ നാമം “- ഇവയെല്ലാമാണ്.
” ഞാൻ നിങ്ങളോട് പറയുന്നു” എന്നിവ വഴി അവിടുന്ന് വെളിപ്പെടുത്തുന്നത്.
ബാഹ്യമായ സാബത്താചരണത്തിന്റെ നിരർത്ഥകതയെ ദിവ്യനാഥൻ തിരുത്തി കുറിച്ചു. സാബത്തിൽ വിശന്നപ്പോൾ ഗോതമ്പുകതിരുകൾ പറിച്ചു തിന്ന തന്റെ പ്രേഷ്ഠശിഷ്യരെ ന്യായീകരിച്ചു കൊണ്ടും സാബത്തിൽ സധൈര്യം രോഗശാന്തി നൽകിക്കൊണ്ടും സാബത്തിനെ അവിടുന്ന് പുനർനിർവചിച്ചു. സാബത്തിൽ നന്മ ചെയ്യുന്നത് അനുവദനീയമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ധാർമിക മൂല്യങ്ങളെ അവിടുന്ന് അരക്കിട്ടുറപ്പിച്ചു. ” എന്റെ പിതാവ് എപ്പോഴും പ്രവർത്തനനിരതനാണ് ; ഞാനും പ്രവർത്തിക്കുന്നു” എന്നു പ്രഖ്യാപിച്ച് താൻ ദൈവതുല്യനാണ്, ദൈവമാണ്, താൻ ചെയ്യുന്നത് ദൈവീക പ്രവർത്തികളാണ് എന്നും അവിടുന്ന് വ്യക്തമാക്കി. ദൈവ മഹത്വമാണ് സാബത്ത് ലക്ഷ്യം വെക്കുന്നതെങ്കിൽ അതിനുള്ള ഉപാധി മനുഷ്യന് നന്മ ചെയ്യുകയാണ്. ” ബലിയല്ല കരുണ”യാണ് മഹോന്നതൻ ആഗ്രഹിക്കുന്നത്.
നിയമത്തിന്റെ അന്ധമായ അനുസരണം ക്രിസ്തു രാജ്യത്തിന്റെ ശൈലിയല്ല. മനുഷ്യനന്മയും മനുഷ്യ മഹത്വവുമാണ് അതിന്റെ ശൈലി. ” തന്റെ ആട് കുഴിയിൽ വീണാൽ,നിങ്ങളിൽ ആരാണ് അതിനെ പിടിച്ചു കയറ്റാത്തത്? ആടിനെക്കാൾ എത്രയോ മടങ്ങ് വിലപ്പെട്ടവനാണ് മനുഷ്യൻ?. ( മത്ത 12: 11- 12 ). കാളയോ കഴുതയോ തൊഴുത്തിൽ നിന്നഴിച്ച് വെള്ളം കുടിക്കാൻ കൊണ്ടുപോകാത്തവരായി നിങ്ങളിൽ ആരെങ്കിലുമുണ്ടോ? 18 വർഷം സാത്താൻ ബന്ധിച്ചിരുന്ന അബ്രാഹത്തിന്റെ ഈ മകളെ സാബത്ത് ആയതുകൊണ്ട് ഇന്ന് അവളെ അഴിച്ചു വിടേണ്ടതില്ലെന്നോ ? (മർക്കോ.13:15-16). തുടങ്ങിയ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടി, തന്റെ പ്രതിയോഗികൾക്ക്.
മനുഷ്യ മഹത്വത്തെ മാനിക്കാനും സംരക്ഷിക്കാനും മിശിഹാ ലിഖിത നിയമങ്ങൾക്ക് നൂതനമാനങ്ങൾ നൽകി. വ്യഭിചാരത്തിൽ പിടികൂടപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമെന്ന നിയമം ഉദ്ധരിച്ചുകൊണ്ട് അവളെ ഈശോയുടെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ, നിയമത്തെ മാറ്റി നിർത്തിക്കൊണ്ട് അവിടുന്ന് കൽപ്പിച്ചു :” നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യത്തെ കല്ലെറിയട്ടെ”. മനുഷ്യ മഹത്വത്തെ ഉയർത്തിപ്പിടിക്കാനും നിയമജ്ഞരുടെയും ഫരിസേയരുടെയും മുഖംമൂടി അഴിച്ചു മാറ്റാനുമാണ് ലിഖിത നിയമം മാറ്റിവെച്ചുകൊണ്ട് കാരുണ്യത്തെ നിയമമാക്കിയത്”. നിസ്സഹായ ആ സ്ത്രീയോട് “ആരും നിന്നെ വിധിച്ചില്ലേ” എന്ന് ചോദിച്ചു. ” ഇല്ല കർത്താവേ എന്ന് അത്യാദരവോടെ അവൾ മറുപടി നൽകിയപ്പോൾ സാക്ഷാൽ നിയമദാതാവായ “പുതിയ മോശ”, ദൈവം തന്നെയായ, ഒപ്പം പൂർണ്ണ മനുഷ്യനുമായ മിശിഹാ തമ്പുരാൻ തിരുവായ് മൊഴിഞ്ഞു.” ഞാനും നിന്നെ വിധിക്കുന്നില്ല. പോയി കൊള്ളുക ഇനിമേൽ പാപം ചെയ്യരുത് “(യോഹ.8:11).ഈശോ പഠിപ്പിച്ചതും, പ്രബോധിപ്പിച്ചതും, പ്രവർത്തിച്ചതും, പ്രതികരിച്ചതുമെല്ലാം ദൈവം എന്ന നിലയിലുള്ള തന്റെ ദൈവാധികാരത്തിലാണ്.