ദൈവകരുണയാൽ, അവിടുത്തെ കൃപയാൽ തങ്ങളുടെ വൻ ശത്രുക്കൾക്കെതിരെ പോരാടി ഇസ്രായേൽ മക്കൾ വിജയഗാഥ രക്ഷിക്കുന്നതാണ് 1 മക്കബായർ അവതരിപ്പിക്കുക. ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിൽ സമ്പൂർണമായി ആശ്രയിച്ച് തന്റെ പിതാവും സഹോദരങ്ങളും പിതൃഭവനം മുഴുവനും ഒറ്റക്കെട്ടായി നയിച്ചു, വിജയം വരിച്ച പോരാട്ടങ്ങൾ വിവരിച്ചുകൊണ്ട് വൃദ്ധനായ ശിമയോൻ വിടവാങ്ങുന്നു. ഈ വലിയ ഉത്തരവാദിത്വം മകൻ യോഹന്നാനെ ഏൽപ്പിച്ചു കൊണ്ട് അവൻ പറയുന്നു:” ദൈവത്തിന്റെ കാരുണ്യത്താൽ നിങ്ങൾക്ക് പ്രായപൂർത്തി ആയിരിക്കുന്നു. അതിനാൽ, എന്റെയും എന്റെ സഹോദരങ്ങളുടെയും സ്ഥാനമേറ്റെടുത്തു നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുക”( 1 മക്കബായർ 16:3)
ദൈവത്തിന്റെ കരുണയാണ്, കൃപയാണ് കൃപയാണ് എല്ലാം ശുഭമാക്കുന്നത് എന്നാണ് മക്കബായ ഗ്രന്ഥങ്ങളുടെ പ്രഥമ സന്ദേശം. നേതൃ വാസനയുള്ളവരും യുദ്ധവീരന്മാരുമായ യൂദാസ് മക്കബേയൂസ്, ജോനാഥൻ, ശിമയോൻ, യോഹന്നാൻ ഇവർ ദൈവത്തിന്റെ കരുണയിൽ വിശ്വസിക്കുകയും അതിൽ ആശ്രയിച്ച് ദൈവത്തിനും രാജ്യത്തിനുംവേണ്ടി യുദ്ധം ചെയ്യുകയും ചെയ്തവരാണ്.
കരുണാമയനായ കർത്താവ്, തങ്ങളോട് കൂടെ നടന്നു നയിക്കുന്ന അനുഭവം ഈ നേതാക്കൾക്കു സമൃദ്ധമായി ഉണ്ടായിരുന്നു. യൂദാസും അനുയായികളും യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് മിസ്പായിൽ ഒരുമിച്ചുകൂടി, ചാക്ക് ഉടുത്ത്, ചാരം പൂശി, ഉപവസിച്ചു തങ്ങളുടെയും ജനത്തെയും പാപക്ഷമയ്ക്കും ദൈവകരുണയ്ക്കും വേണ്ടി പ്രാർത്ഥിച്ചു. യാത്ര പുറപ്പെടുന്നതിനു മുൻപും യാത്രയിലും വിജയശ്രീലാളിതരായി മടങ്ങി വരുമ്പോഴും എല്ലാം അവർ ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തിയിരുന്നു. അവിടുത്തെ കരുണയെ അവർ വാനോളം പുകഴ്ത്തിയിരുന്നു.
മക്കബായരുടെ ദൈവ കരുണയിൽ ഉള്ള ആശ്രയത്വത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, കരുണയുടെ നാഥൻ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിയ സുപ്രധാന കാര്യം ഓർമ്മയിൽ വരുന്നു :” മകളേ എന്റെ കരുണാർദ്ര ഹൃദയം കാണുക….. എന്റെ അഗ്രാഹ്യമായ കരുണയെ പറ്റി വൈദികരോട് പറയുക. കരുണയുടെ ജ്വാലകൾ എന്നെ ചുട്ടു പൊള്ളിക്കുന്നു- വ്യയം ചെയ്യാൻ, അത് ആർത്തു വിളിക്കുന്നു…. ആത്മാക്കളിലേക്ക് അത് ചൊരിയാൻ( അതിയായി ഞാൻ ആഗ്രഹിക്കുന്നു)”(17:7). കുമാരനാശാന്റെ സുപ്രസിദ്ധ ഈരടികളിലെ സ്നേഹം എന്ന പദത്തിന് മറ്റൊരു വാക്ക് കുറിക്കട്ടെ
കരുണയിൽ നിന്നുദിക്കുന്നു ലോകം.
കരുണയാൽ വൃദ്ധി തേടുന്നു.
കരുണ താൻ ശക്തി ജഗത്തിൻ.
സ്വയംകരുണ താൻ ആനന്ദം ആർക്കും.
കവിത്രയത്തിൽ അഗ്രഗണ്യൻ, ക്രൈസ്തവ ദൈവശാസ്ത്രം എത്ര അനവദ്യ സുന്ദരമായി അവതരിപ്പിക്കുന്നു!
Download App