ഈശോയുടെ വ്യക്തിപ്രഭാവം അമ്പരപ്പിക്കുന്നതാണ്. തിരുമുമ്പിൽ എല്ലാവരും വിലയുള്ളവർ ആയിരുന്നു. യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്.
സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു.
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.(ഏശ. 43 : 1-5).
സമൂഹം ഭ്രഷ്ട് കൽപ്പിച്ച് മാറ്റി നിർത്തിയ കുഷ്ഠരോഗിയെ, കൈനീട്ടി തൊട്ട് അവനെ സുഖപ്പെടുത്തിയവനാണ് ഈശോമിശിഹാ. അവന്റെ നിലവിളി കേട്ട് സുഖപ്പെടുത്തുന്ന കർത്താവാണ് താനെന്ന് അവിടുന്ന് വ്യക്തമാക്കി. ആരും കാണാതെ വിധവ ഭണ്ഡാരത്തിൽ നിക്ഷേപിച്ച രണ്ട് ചെമ്പ് തുട്ടുകൾ തന്റെ ദിവ്യ ദൃഷ്ടി കൊണ്ട് കണ്ട് അവളെ ശ്ളാഖിക്കാൻ വലിയ തമ്പുരാൻ മറന്നില്ല.ശിമയോന്റെ പൂമേടയിൽ തന്നെ കാണാൻ എത്തിയ പാപിനിയെ ” മകളെ” എന്ന് വിളിച്ച് അവളെ അവിടുന്ന് വിലയുള്ളവളാക്കി. സമൂഹം വിലകൽപ്പിക്കാതിരുന്ന സക്കേവൂസിന്റെ ഭവനത്തിൽ സ്വമേധയാ ചെന്ന് അവനെ പ്രശംസിച്ചു അനുഗ്രഹിച്ചു. മീൻപിടുത്തക്കാരായ പത്രോസ്, സഹോദരൻ അന്ത്രയോസ്, യാക്കോബ്,സഹോദരൻ യോഹന്നാൻ ഇവരെയാണ് ഈശോ ആദ്യം വിളിച്ചു തന്റെ ശിഷ്യസമൂഹം ആരംഭിച്ചത്. ബത്സയ്ദാ കുളക്കരയിൽ 38 വർഷം കിടന്നിരുന്ന തളർവാത രോഗിയെ തേടിയെത്തി അവനെ അവിടുന്ന് സുഖപ്പെടുത്തി. ശമരിയക്കാരി സ്ത്രീയെ കാത്ത് യാക്കോബിന്റെ കിണറ്റിൻകരയിൽ കാത്തിരുന്ന് അവളെ തന്റെ പാപങ്ങളിൽ നിന്നെല്ലാം മോചിപ്പിച്ചു. ശിശുക്കളെ കൈകളിലെടുത്ത് ഉയർത്തി സ്വർഗ്ഗരാജ്യം അവരെ പോലെയുള്ളവരുടെതാണെന്ന് പഠിപ്പിച്ചു.എല്ലാവരെയും എപ്പോഴും വലിയ ആദരവോടെയാണ് അവിടുന്ന് സ്വീകരിച്ചിരുന്നത്. അവസാനം തന്റെ സഹനമരണങ്ങൾ കൊണ്ട് സ്വപ്രബോധനങ്ങളെ മുദ്ര വെച്ച് ഉറപ്പിച്ചിട്ടാണ് അവിടുന്ന് തന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോയത്. ഗുരുവിന് 30 വെള്ളിക്കാശ് മതിപ്പുവില കണ്ട് ഒറ്റിക്കൊടുത്തവനെ, അത്താഴവിരുന്നിൽ ചേർത്തിരുത്തി, പാദം കഴുകിത്തുടച്ച്,ചുംബിച്ച്, തന്റെ ശരീര രക്തങ്ങൾ പങ്കുവെച്ച് നൽകാനും, യൂദന്മാരുടെ രാജാവായ നസ്രായൻ ഈശോയ്ക്ക് കഴിഞ്ഞു. ഒറ്റിക്കൊടുക്കവേ അവനെ “സ്നേഹിതാ” എന്ന് വിളിക്കാൻ മാത്രം സ്നേഹം വറ്റാത്ത വിശാല ഹൃദയം ആയിരുന്നു ഈശോയുടേത്.
തന്നെ ബന്ധിക്കാൻ വന്നവന്റെ നേരെ സ്വശിഷ്യൻ വാളെടുത്ത് അവന്റെ ചെവി ഛേദിച്ചപ്പോൾ “അരുത് ” എന്നാജ്ഞാപിച്ചുകൊണ്ട് അവിടുന്ന്, അവന്റെ അറ്റു വീണ ചെവി ചേർത്തുവച്ചു സുഖപ്പെടുത്തി. സർവ്വജ്ഞാന സാഗരം തന്നെയായ അവിടുത്തെ കണ്ണുകൾ മൂടി കെട്ടി നിഷ്ക്കരണം മുഖത്ത് അടിച്ചപ്പോൾ, അവിടുന്ന് തികഞ്ഞ നിശബ്ദതയും പ്രശാന്തതയും പാലിച്ചു. മാലാഖമാർ അനുനിമിഷം ആരാധിച്ചു വണങ്ങുന്ന തിരുമുഖത്ത് മനുഷ്യൻ കാർക്കിച്ചു തുപ്പിയപ്പോൾ അവിടുന്ന് അതും ഏറ്റു വാങ്ങി.
ജനപ്രമാണികളും,ജനക്കൂട്ടം മുഴുവനും അവനെ ക്രൂശിക്കുക എന്നിട്ടഹസിച്ചപ്പോൾ ഏകനായി നിന്ന് അവിടുന്ന് രക്ഷപ്പെടാൻ ചെറുവിരൽ പോലും അനക്കിയില്ല. ചമ്മട്ടികളാൽ അടിച്ചു തകർത്തു മാംസ കഷ്ണങ്ങൾ ചുടുചോരയോടൊപ്പം ചിതറിത്തെറിച്ചപ്പോൾ അവിടുന്ന് ആരെയും വിധിച്ചില്ല, പഴിച്ചില്ല.
ആ പാവന ശിരസ്സിൽ മുൾമുടി തറച്ച് കയറ്റിയപ്പോഴും അവിടുന്ന് മൗനം പാലിച്ചു. പ്രപഞ്ച കർത്താവായ തന്നെ ഭ്രാന്തനെപ്പോലെ വേഷം ധരിപ്പിച്ചു പരിഹസിച്ചപ്പോൾ അവിടുന്ന് പരാതിപ്പെട്ടില്ല. സർവ്വലോകത്തെ വിധിക്കാനുള്ള അവിടുത്തെ, ഒരു ഭൗമിക ന്യായാധിപൻ , “ഈ നീതിമാന്റെ രക്തത്തിൽ തനിക്ക് പങ്കില്ല” എന്ന് പറഞ്ഞു ജനത്തിന്റെ ഇഗിതത്തിനു വഴങ്ങി,വധിക്കാൻ ഏൽപ്പിച്ചു കൊടുത്തപ്പോൾ സത്യം സ്ഥാപിക്കാൻ അവിടുന്ന് അണുപോലും പരിശ്രമിച്ചുമില്ല.
മേൽപ്പറഞ്ഞവ ഒന്നും വെറും മാനുഷികമാവുക, അമ്പേ പ്രയാസം!. ഈ നിലപാടുകളൊക്കെ അവിടുത്തെ ദൈവിക വ്യക്തി പ്രഭാവത്തിലേക്കാണ് വിരൽ ചൂണ്ടുക. ഏവരെയും ആശീർവദിച്ചു അനുഗ്രഹിക്കാൻ ഉയർത്തിയ ആ പാവന പാണികൾ, രോഗികളെ തൊട്ടു സുഖപ്പെടുത്തിയ കരുണയുടെ കരങ്ങൾ, അപ്പം എടുത്ത് ആശിർവദിച്ചു മുറിച്ച് ആയിരങ്ങൾക്കായി വിളമ്പാൻ ശിഷ്യരെ ഏൽപ്പിച്ച ആ തൃക്കരങ്ങൾ, കാൽവരിയിലെ കുരിശിൽ ചേർത്ത് വെച്ച് തറയ്ക്കപ്പെട്ട ആ ദിവ്യകരങ്ങൾ, ദൈവീകം തന്നെ,ദൈവത്തിന്റെതു തന്നെ, ദൈവമനുഷ്യന്റേതുതന്നെ!