ഒരു നല്ല വിദ്യാർത്ഥി എപ്പോഴും ത്യാഗമനോഭാവം (sacrificial mentality) ഉള്ളവനായിരിക്കും. അവൻ പലതും പരിത്യജിക്കും. അമിതഭക്ഷണം, അമിതഭാഷണം, അമിത ഉറക്കം, അമിത വ്യയം, അമിത വ്യായാമം, തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചെങ്കിലേ ഉന്നത വിജയം കൈവശമാക്കാനാവൂ. “അധികമായാൽ അമൃതും വിഷം!” If you want to go up, you have to give up (many things). ഈശോ പറഞ്ഞു: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ” (മത്താ. 16 :24 ).
സ്വയം പഠനം (self study) ആണ് നല്ല വിദ്യാർത്ഥിയുടെ രണ്ടാമത്തെ ലക്ഷണം. സ്വന്തമായി ചിന്തിച്ചു വിശകലനം ചെയ്തു പഠിക്കുന്ന കാര്യങ്ങൾ മറന്നുപോവുകയില്ല. ഇപ്രകാരം പഠിക്കുന്ന വിദ്യാർത്ഥി ധാരാളം കല്പനാശക്തി (originality) പ്രദർശിപ്പിക്കുകയും ചെയ്യും. അത് ഉന്നതവിജയം കൈവരിക്കും.
ജീവിത വിജയത്തിലേക്കുള്ള രാജപാതയാണ് വിദ്യാഭ്യാസത്തിലെ ഉന്നതവിജയം. The sky is their limit. ഒരു നല്ല വിദ്യാർത്ഥി ആത്മീയനായിരിക്കണം (spiritual). അവൻ ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും ഒന്നാം സ്ഥാനം നൽകും. ബലിയർപ്പണം,വിശുദ്ധ കുമ്പസാരം, പ്രാർത്ഥന (വ്യക്തിപരവും സാമൂഹികവും) ഇവയ്ക്കൊക്കെ ഒന്നാം സ്ഥാനം. ഇവയ്ക്കു പുറമെ വിശക്കുന്നവനു അപ്പം, ദാഹിക്കുന്നവനു വെള്ളം, വസ്ത്രമില്ലാത്തവനു വസ്ത്രം, വീടില്ലാത്തവനു വീട്, രോഗിക്ക് മരുന്ന്, പരിചരണം, കരുതൽ ഇവയൊക്കെ ആധ്യാത്മിക കാര്യങ്ങളാണെന്ന് ഓർക്കും. ഈശോ പഠിപ്പിച്ച സുവർണ്ണ നിയമം- മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ- പാലിക്കുക ആധ്യാത്മികതയുടെ അവശ്യഘടകമാണ്. മറ്റുള്ളവരെ മനസ്സിലാക്കുക, മതിക്കുക, മാനിക്കുക, സഹായിക്കുക, പ്രോത്സാഹിപ്പിക്കുക, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുക, ആത്മാർത്ഥമായ പുഞ്ചിരി കൈമാറുക- ഇവയൊക്കെ ആത്മീയതയുടെ മുഖമുദ്രകളായിരിക്കും പരസ്നേഹം, ക്ഷമാശീലം, ഉൾക്കാഴ്ച, ഒരു മാതൃക വിദ്യാർത്ഥിയുടെ സ്വഭാവവൈശിഷ്ട്യങ്ങളായിരിക്കും . വിനയം, വിധേയത്വം ഇവയെല്ലാം വിദ്യാർത്ഥിക്ക് കൈമുതലാവണം.
ശിഷ്യൻ ഗുരുവിനേക്കാൾ ഒരിക്കലും ശ്രേഷ്ഠനല്ല. വിദ്യാർത്ഥി ഏറ്റം വലിയ സമ്പന്നന്റെ മകനായിരിക്കാം. ഇന്ത്യൻ പ്രസിഡന്റെന്റെയോ, അമേരിക്കൻ പ്രസിഡന്റെന്റെയോ മകനായിരിക്കാം. പക്ഷെ അവന്റെ ഗുരു അവനു എന്നും ശ്രേഷ്ഠനായിരിക്കും. മാതാ പിതാ ഗുരു ദേവോ ഭവ: “ഗുരുത്വമില്ലാത്തവൻ (ഗുരുഭക്തി, മാതൃഭക്തി, പിതൃഭക്തി ഇവയില്ലാത്തവൻ) അമേധ്യത്തിൽ ചവിട്ടിയാൽ ഏഴിടത്തു വ്യാപിക്കും”. അവൻ എന്ത് തന്നെ ചെയ്താലും അനുഗ്രഹപ്രദമാവുക ബുദ്ധിമുട്ടാണ്. മതാത്മകതയും ആധ്യാത്മികതയും രണ്ടാണ്. ഒരു നല്ല വിദ്യാർത്ഥിയിൽ ഇവരണ്ടും തോളോടുതോൾ ചേർന്ന് നിൽക്കും.