മൂന്നാം നൂറ്റാണ്ടിൽ സഭയ്ക്ക് വിശുദ്ധ കുർബാനയിൽ ഉണ്ടായിരുന്ന അഗാധമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹാ സാക്ഷിയാണ് കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ. ” നമ്മൾ മിശിഹായുടെ പ്രബോധനങ്ങളോടും സഭയുടെ പാരമ്പര്യങ്ങളോടും വിശ്വസ്തരായിരിക്കണമെന്നും വീഞ്ഞീന്റെയും ജലത്തിന്റെയും മിശ്രിതം പാനപാത്രത്തിൽ ഉപയോഗിക്കുക വഴി അവിടുത്തെ രക്ഷാകരമായ ബലിയുടെ ഓർമ (ഈശോയുടെ തിരുബലി ആവർത്തിക്കുക) പുതുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികൾ ഒരുമിച്ചുകൂടിയിരുന്നത് വചനം ശ്രവിക്കാനും അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായിരുന്ന ഉത്ഥി തനായ കർത്താവിനെ അനുഭവിച്ച് അവിടുന്നുമായി ഐക്യത്തിൽ വരാനും , തങ്ങളുടെ കഴിവനുസരിച്ച്, അവശത അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും വേണ്ടിയായിരുന്നു. ഈ ഒന്നിച്ചു ചേരലിൽ കർത്താവിന്റെ മഹത്വപൂർണ്ണമായ തിരിച്ചുവരവിനെക്കുറിച്ച് സന്തോഷ പൂർണ്ണമായ പ്രതീക്ഷ അവർ വച്ചുപുലർത്തിയിരുന്നു.
വിശുദ്ധ കുർബാനയിൽ തങ്ങൾ സ്വീകരിക്കുന്നത് ഉത്ഥിതനായ ഈശോയുടെ തിരുശരീരരക്തങ്ങൾ ആണെന്ന് അവർ ഉറപ്പായി വിശ്വസിച്ചിരുന്നു. ഈശോയുടെ മനുഷ്യാവതാരം യഥാർത്ഥ മായിരുന്നു എന്നും അന്തിമ ദിവസത്തിൽ ശരീരങ്ങൾ ഉയിർപ്പിക്കപെടുമെന്നുമുള്ള സത്യങ്ങളുടെ അടിസ്ഥാനമായി നിലകൊണ്ടിരുന്നത് ഉത്ഥിതനായ കർത്താവിന്റെ വിശുദ്ധ കുർബാനയിൽ ഉള്ള യഥാർത്ഥ സാന്നിധ്യത്തെ കുറിച്ചുള്ള ആഴമേറിയ അവബോധം ആയിരുന്നു. വിശുദ്ധ സിപ്രിയാൻ പറയുന്നു, പ്രലോഭന ഘട്ടങ്ങളിലും പ്രയാസങ്ങളിലും ഒരുവന് ശക്തി ലഭിക്കുന്നത് കർത്താവിൽ വിശുദ്ധ കുർബാനയിൽ ഉള്ള സജീവ സാന്നിധ്യത്തിൽ നിന്നാണ്.
രക്തസാക്ഷിയുടെ ഈ കാലഘട്ടത്തിൽ ബലിയർപ്പണം മൂലം ക്രൈസ്തവർക്ക് ഉണ്ടായിരുന്ന ബോധ്യങ്ങളെ ഇങ്ങനെ സമാഹരിക്കാം.
1. വിശുദ്ധ കുർബാനയിൽ ഈശോ യഥാർത്ഥത്തിൽ സന്നിഹിതനാണ്.
2. വിശുദ്ധ കുർബാനയ്ക്കായി ദൈവജനം ഒന്നിച്ചു കൂടിയിരുന്നു.
3. വിശുദ്ധ കുർബാനയുടെ വിരുന്നു സ്വഭാവം.
4. ഇതിന്റെ പവിത്രതയെ കുറിച്ചുള്ള ബോധ്യം.
5. വിശുദ്ധ കുർബാനയോടൊപ്പം പാവപ്പെട്ടവരെ പ്രത്യേകം പരിഗണിക്കണം എന്ന ചിന്ത.
6. അതിനായി പ്രായോഗികമായി ചെയ്തിരുന്ന കാര്യങ്ങൾ.
7. വിശുദ്ധ കുർബാന അർപ്പിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട നിർമ്മല മനസ്സാക്ഷിയും അപങ്കിലമായ ജീവിതവും.
8. പ്രാദേശിക സഭയെ പടുത്തുയർത്തുന്നതിന് പരിശുദ്ധ കുർബാനയുടെ അവശ്യാവശ്യാകത.
9. നല്ല ക്രൈസ്തവ ജീവിതത്തിന് ആവശ്യമായ ശക്തിയും ചൈതന്യവും വിശുദ്ധകുർബാന നൽകുന്നു എന്ന വിശ്വാസം.
10. പഴയനിയമത്തിലെ എല്ലാത്തരം ബലികളെയും പൂർത്തീകരിക്കുന്ന പുതിയ ഉടമ്പടിയിലെ ബലിയാണ് വിശുദ്ധ കുർബാന എന്ന ചിന്ത.
11. ഈശോമിശിഹായുടെ സഹന മരണോത്ഥാനങ്ങളുടെ കൗദാശികമായ ഓർമ്മയാചരണമാണ് പരിശുദ്ധ കുർബാന എന്ന വിശ്വാസം; പരിശുദ്ധ കുർബാന പെസഹാ രഹസ്യത്തിന്റെ പുനരാവർത്തനം ആണ്.
അവസാനം പറഞ്ഞിരിക്കുന്നതാണ് പരമപ്രധാനമായ കാര്യം