സ്നേഹത്തിൽ ഒന്നായി ആത്മാർപ്പണത്തിന്റെ ഈ തിരുബലിയിൽ, കൂദാശയിൽ എല്ലാവരും ഒരുമിക്കണം. ബലിയർപ്പകർ ഈശോയുടെ സാക്ഷികളായി തീർന്ന് എന്നും ആ സ്നേഹം പങ്കു വയ്ക്കണം. സ്നേഹമായി തീർന്ന ഈ അപ്പം, അപ്പമായിത്തീർന്ന ഈ സ്നേഹം നമ്മിൽ അലിയാനായി വെമ്പൽ കൊള്ളുകയാണ് .
കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകിക്കളഞ്ഞവനെ നന്ദിയോടെ വാഴ്ത്താൻ ലഭിക്കുന്ന അവസരങ്ങൾ എല്ലാം നമുക്ക് പ്രയോജനപ്പെടുത്താം. കനിവിന്റെ കടലായ, അറിവിന്റെ പൊരുളായ, അവിടുന്ന് അനുഗ്രഹമാരി പൊഴിക്കുന്ന പരിശുദ്ധ കുർബാന സജീവമായി അർപ്പിക്കുകയാണ് ഈ ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ പുണ്യപ്രവർത്തി.
ജീവിതം മുഴുവൻ ബലിയായ് അണയ്ക്കുവാൻ ഉള്ളിൽ ഒരു അൾത്താര ഒരുക്കി നമുക്ക് കൈകുമ്പിളുമായി നിൽക്കണം. ഈ ജന്മം ബലിയായി നൽകാൻ സ്നേഹത്തോടെ കൈകൾ കൂപ്പി തിരുമുൻപിൽ അണയാം. രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുഷ്യനായി പിറന്ന തിന്റെ യും പാപികളായ നമുക്ക് പാഥേയം ആകാൻ തിരുവോസ്തിയായതിന്റെയും മൃതിയെ തകർത്തു മൂന്നാംദിനം ഉയർത്തെഴുന്നേറ്റ ത്തിന്റെ യും രഹസ്യം സ്നേഹം, സ്നേഹം, സ്നേഹം മാത്രം. സ്നേഹം പ്രതി സ്നേഹത്താലെ കടം വീടു. ദൈവം നമ്മോട് കാട്ടുന്ന അനുപമ സ്നേഹത്തിന്റെ,അനന്ത സ്നേഹത്തിന്റെ, അനശ്വര സ്നേഹത്തിന്റെ, കരുണാർദ്ര സ്നേഹത്തിന്റെ അത്യുച്ച കോടിയാണ് പരിശുദ്ധ കുർബാന . അവിടുത്തേക്ക് പ്രതി സ്നേഹം കാണിക്കാൻ നമുക്കുള്ള ഏറ്റം ഉദാത്തമായ ഏറ്റം അനുഗ്രഹീതമായ മാർഗമാണ് പരിശുദ്ധ കുർബാന. ദൈവത്തിനു കൊടുക്കാൻ കൂടുതൽ മഹത്തമായ യാതൊന്നും നമുക്കില്ല. സ്വന്തമാക്കണം ആ മഹാ സ്നേഹത്തെ, നലംതികഞ്ഞ ആ കാരുണയെ!