വിശ്വാസപ്രമാണത്തിന് ശേഷം സഹായിയെ ആശീർവദിച്ചിട്ടു പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ഉരുവിടുന്ന പ്രാർത്ഥന വളരെ സമ്പുഷ്ടവും അവസരോചിതവുമാണ് . നിരവധി മാനങ്ങൾ തന്നെയുണ്ട് ഇതിന്. ഇതിന്റെ ആദ്യഭാഗം കൃതജ്ഞതാബലി ആണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെ നാഥനായ പിതാവേ, അങ്ങേയ്ക്കു ഞാൻ നന്ദി പറയുന്നു. ദിവ്യബലിയുടെ അന്ത:സത്ത വെളിപ്പെടുത്തി അത് സമർപ്പിക്കുവാനുള്ള തന്റെ അയോഗ്യതയും ഒപ്പം ദൈവത്തിന്റെ കരുണയും വൈദികൻ ഏറ്റുപറയുന്നു രണ്ടാമത്തെ ഭാഗത്ത്. ” അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളുടെ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുവാൻ പാപിയായിരുന്നിട്ടും എന്നെ അങ്ങ് കാരുണ്യപൂർവ്വം യോഗ്യനാക്കി “. മൂന്നാം ഭാഗത്ത് ബലിതർപ്പണത്തിന് തനിക്കുള്ള നിയോഗങ്ങളെല്ലാം വൈദികൻ ഒന്നായി ഏറ്റുപറയുന്നു.” അങ്ങയുടെ അജഗണം മായ ജന ത്തിന്റെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിലും ആത്മാക്കളുടെ രക്ഷയ്ക്കും ലോകം മുഴുവന്റെയും അനുരഞ്ജനത്തിനും എല്ലാ സഭകളുടെയും സമാധാനത്തിനും ശാന്തിക്കും വേണ്ടി ഞാൻ ഇവ അനുഷ്ഠിക്കുന്നു “.
ഈ മഹാ കർമ്മം നിർവഹിക്കുന്നതിൽ തന്റെ അയോഗ്യത യെ കുറിച്ച് കൂടുതൽ കൂടുതൽ ബോധവാനാകുന്ന പുരോഹിതൻ ബലി തന്റെ കരങ്ങൾ വഴി പൂർത്തിയാകാൻ ദൈവമക്കളുടെ പ്രാർത്ഥന യാചിക്കുന്നത് ഹൃദയസ്പർശിയായ ഒരു രംഗമാണ്. സമൂഹത്തിന്റെ മറുപടി ബലിയർപ്പിക്കുക പ്പെടുന്നത് ഈ ലോകം മുഴുവനും വേണ്ടിയാണെന്ന് വ്യക്തമാക്കുന്നു. അർപകരെല്ലാം ഈ സത്യം ഗ്രഹിച്ചു ബലി അർപ്പിക്കണം.” സ്ഥലത്തിന്റെ നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റാൻ നമ്മെ ശക്തരാകട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേയ്ക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങ് സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനായ ആവുകയും ചെയ്യട്ടെ.
അനാഫൊറയ്ക്ക് തൊട്ടുമുമ്പ് പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഹൃദയാവർജ്ജകവും അനുതാപജന്യവുമാണ്. ” കർത്താവും ദൈവവുമായ മിശിഹായേ ഞങ്ങളുടെ നിരവധിയായ പാപങ്ങൾ പരിഗണിക്കരുതേ. ഞങ്ങളുടെ ദുഷ്ടതയുടെ ആധിക്യം നിമിത്തം നീ കോപിക്കരുതേ. നീ സ്വീകരിച്ച ഞങ്ങളുടെ മനുഷ്യത്വത്തോടെ സമയത്തിന്റെ സമാപ്തിയിൽ പ്രത്യക്ഷനാകുമ്പോൾ തിരുസന്നിധിയിൽ കൃപയും അനുഗ്രഹവും കണ്ടെത്തുന്നതിനും സ്വർഗ്ഗീയ ഗണങ്ങളോട് ചേർന്നു നിന്നെ സ്തുതിക്കുന്നതിനും ഞങ്ങൾ യോഗ്യരാകുവാൻ വേണ്ടി ഈ ബലി നിന്റെ അവർണ്ണനീയമായ കൃപയാൽ പവിത്രീകരിക്കണമേ. ഞങ്ങളുടെ പാപങ്ങൾ തുടച്ചുനീക്കാൻ ഇതിനു ശക്തി നൽകുകയും ചെയ്യണമേ “.
ഒന്നാം പ്രണാമ ജപം(ഗ്ഹാന്ത)
ദിവ്യബലിയുടെ അതി പ്രധാന ഭാഗമാണ് അനാഫൊറ. ഇതുവരെയുള്ള ശുശ്രൂഷകൾ ഈ മഹാ നിമിഷങ്ങളിലേക്കുള്ള, ഈ മഹാ സംഭവത്തിലേക്കുള്ള നല്ല ഒരുക്കമാണ്. ഒരുക്കം ദീർഘമാണ്. കാരണം സംഭവം അത്ര പരമപ്രധാനമാണ്. കാർമ്മികൻ ഭയഭക്ത്യാദരവുകളോടെ കുനിഞ്ഞുനിന്ന്, കരങ്ങൾ കൂപ്പി,ഒന്നാം പ്രണാമ ജപം (ഗ്ഹാന്ത) ചൊല്ലുന്നു. ഈ ജപത്തിന്റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്.
ആദ്യമായി ദൈവം തന്റെ മക്കളുടെ മേൽ ചൊരിഞ്ഞിട്ടുള്ള ആയിരമായിരം നന്മകൾക്ക് പുരോഹിതൻ വീണ്ടും നന്ദി പറയുന്നു.” ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങു ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദിപറയുന്നു “. അടുത്തതായി അദ്ദേഹം ദൈവത്തിന്റെ കാരുണ്യാതിരേകം പ്രകീർത്തിക്കുന്നു.” അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ആകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളുമായിരുന്നിട്ടും ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി “.
അവസാനഭാഗം യാചനാ പ്രാർത്ഥനയാണ്.” അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൈകാര്യം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു “.