മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്ഥനായ പിതാവിങ്കല് നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും.പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമേ.ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്നിന്നു ഞങ്ങളെ രക്ഷിക്കണമേ.മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക.രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.മത്തായി 6 : 1-18
അഞ്ചാം അധ്യായത്തിൽ യേശു കൂടുതൽ ശ്രേഷ്ഠമായ നീതി, അതായത് നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്ന നീതി (5:20) ശിഷ്യന്മാരെ പഠിപ്പിച്ചു(5:21- 48 ) അവിടുന്ന് അപ്രകാരം ചെയ്തത് കൽപ്പന കളിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഹിതം ആഴത്തിൽ ഗ്രഹിക്കുവാൻ അവരെ പ്രാപ്തരാക്കി കൊണ്ടായിരുന്നു. അക്ഷരത്തിന് പുറത്തുള്ള ദൈവഹിതം ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമത്തിനു പുതിയ വ്യാഖ്യാനം നൽകുകയും നിയമത്തെ പൂർത്തീകരിക്കുകയും ആയിരുന്നു അവിടുന്ന്. ഇതിന്റെ തുടർച്ചയായ വരുന്ന ആറാം അധ്യായത്തിന്റെ ആരംഭത്തിൽ ദൈവകല്പനകൾ അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ ഉദ്ദേശലക്ഷ്യങ്ങൾ എപ്രകാരമായിരിക്കണം എന്ന് പഠിപ്പിക്കുന്നു. ഇവിടെ യേശു ഉപയോഗിക്കുന്ന പ്രബോധനരീതി ഒരു പൊതുതത്വം ആവിഷ്കരിച്ചുകൊണ്ട് ഉള്ളതാണ്. സൽകർമ്മങ്ങളുടെയും മതാനുഷ്ഠാനങ്ങളും ലക്ഷ്യം മനുഷ്യരുടെ പ്രശംസ പിടിച്ചു പറ്റുകയും ആകരുത്. അത്തരം മതാത്മകത മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നില്ല. ദൈവവുമായി ബന്ധപ്പെടാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ദൈവത്തിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാനാവില്ല.
യഹൂദ നേതൃത്വത്തെ കപടനാട്യക്കാരെന്ന് വിശേഷിപ്പിച്ചു കൊണ്ട് ധർമ്മ ദാനം പ്രാർത്ഥന ഉപവാസം എന്നിവയിൽ അവർ കാണിക്കുന്ന കപടനാട്യം മൂന്നുപ്രാവശ്യം തുറന്നുകാണിക്കുന്നു. ധർമ്മ ദാനം ചെയ്യുമ്പോൾ മറ്റുള്ളവരിൽനിന്ന് പ്രശംസ ലഭിക്കാൻ കാഹളം മുഴക്കുന്നു (6:2). പ്രാർത്ഥിക്കുമ്പോൾ അവർ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പൊതു സ്ഥലങ്ങളിൽ നിന്ന് പ്രാർത്ഥിക്കുന്നു( 6 :5 ). ഉപവസിക്കുമ്പോൾ അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. (6:16) ധർമ്മ ദാനം പ്രാർത്ഥന ഉപവാസം എന്നീ സുകൃതങ്ങൾ അഭ്യസിക്കുമ്പോൾ യഹൂദ നേതൃത്വം അവരുടെ കാപട്യം മൂലം യേശുവിന്റെ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങി. ഈ മൂന്നു പ്രവർത്തനങ്ങളുടെ സ്വാഭാവികമായ ലക്ഷ്യങ്ങളും യഹൂദരുടെ ഉദ്ദേശ ലക്ഷ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതുകൊണ്ടാണ് യേശു അവരെ കുറ്റപ്പെടുത്തുക. മനുഷ്യൻ സത് പ്രവർത്തികൾ ചെയ്യുന്നത് സഹോദരങ്ങളുടെ നന്മയ്ക്കും ദൈവത്തിന്റെ മഹത്വത്തിനും വേണ്ടിയാണ്. അത്തരം അവാച്യമായ (കാപട്യമില്ലാത്ത) പ്രവർത്തനങ്ങളിലൂടെ തന്റെ ശിഷ്യന്മാർ ദൈവത്തിന് മഹത്വം നൽകുകയും ലോകത്തിന് പ്രകാശം ആയിത്തീരുകയും ചെയ്യണമെന്ന് യേശുവിന്റെ ഉദ്ബോധിപ്പിച്ചിരുന്നു. മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ(5:16).
യഹൂദരുടെ തെറ്റായ ഉദ്ദേശ ലക്ഷ്യങ്ങളും അതു പ്രാപിക്കാൻ അവർ നടത്തുന്ന കപട നാട്യങ്ങളും എടുത്തു കാണിക്കുമ്പോൾ തന്റെ ശിഷ്യരിൽ നിന്ന് അവിടുന്ന് ഉദ്ദേശശുദ്ധിയും അവാച്യമായ പ്രവർത്തനശൈലിയും ആവശ്യപ്പെടുന്നു. ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്( 6 :12 ).
ഉപവസിക്കുന്നത് അദൃശ്യനായ പിതാവ് അല്ലാതെ മറ്റാരും കാണാതിരിക്കേണ്ടതിന് വിഷാദം ഭാവിക്കരുത്. ശിരസിൽ തൈലം പൂശു കയും മുഖം കഴുകുകയും ചെയ്യുക(6:16-19). ദൈവത്തിൽ നിന്ന് മാത്രം പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് വേണം സൽക്കർമ്മങ്ങൾ ചെയ്യാൻ. അത് സ്വാർത്ഥത ആയി കരുതേണ്ടതില്ല. കാരണം ധർമ്മ ദാനം പ്രാർത്ഥന ഉപവാസം എന്നിവ രഹസ്യത്തിൽ ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന് രഹസ്യങ്ങൾ അറിയുന്ന പിതാവ് പ്രതിഫലം നൽകുമെന്ന് യേശു മൂന്നു പ്രാവശ്യം ആവർത്തിക്കുന്നുണ്ട്(6:4;6:8). പ്രാർത്ഥനയും സൽകൃത്യങ്ങളും മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കാനുള്ളതാണ്.
ധർമ്മ ദാനം യഹൂദരുടെ ഇടയിൽ നിലവിലിരുന്ന വലിയ ഒരു ജീവകാരുണ്യ പ്രവർത്തനം ആണ്. അതുവഴി ദൈവത്തിൽനിന്ന് ഏതുകാര്യവും നേടിയെടുക്കാമെന്ന് യഹൂദർ ചിന്തിച്ചിരുന്നു. എന്നാൽ കാഹളം മുഴക്കരുതെന്ന് നിരോധനാജ്ഞ സൂചിപ്പിക്കുന്നത് ദാനം ചെയ്യുന്നത് പരസ്യം ആക്കുന്ന ശൈലി അന്നു ഫാരിസേയരുടെ ഇടയിൽ നിലവിലിരുന്നു എന്നാണ്. അത് മനുഷ്യരുടെ ശ്രദ്ധയാകർഷിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. അതിന് മനുഷ്യരിൽ നിന്ന് പ്രതിഫലം ലഭിക്കുന്നു. അതായത് മനുഷ്യന്റെ പ്രശംസ ഏറ്റവും അടുത്ത സുഹൃത്ത് പോലും (ഇടതു കൈ) അറിയാതെ രഹസ്യമായിട്ടാണ് ദാനധർമ്മം ചെയ്യേണ്ടത്. രഹസ്യങ്ങൾ അറിയുന്ന പിതാവ് അതിന് പ്രതിഫലം നൽകും. യഹൂദരുടെ കപട നാട്യത്തിൽ ഒളിപ്പിച്ചിട്ടുള്ള നിഗൂഢ ലക്ഷ്യങ്ങൾ അവിടുന്ന് തുറന്നുകാട്ടി. മനുഷ്യനെ സഹായിക്കാനെന്ന വ്യാജേന സ്വന്തം താല്പര്യങ്ങൾ നേടിയെടുക്കുക എടുക്കാനുള്ള ശ്രമത്തെയാണ് കപടനാട്യം ആയി യേശു ചിത്രീകരിക്കുന്നത് .