കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക.ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.മത്തായി 5 : 38-42
ദുഷ്ടനെ നേരിടുന്നതിന് പഴയ നിയമവും യേശുവും നിർദ്ദേശിക്കുന്ന മാർഗങ്ങൾ വ്യത്യസ്തങ്ങളാണ്. പഴയനിയമത്തിൽ മനുഷ്യൻ പ്രവർത്തിക്കുന്ന തിന്മയ്ക്ക് അനുസരിച്ചുള്ള ശിക്ഷ മുൻകൂട്ടി അറിയിച്ച് ഭയംകൊണ്ട് അവർതന്നെ തിന്മയിൽ നിന്ന് പിന്തിരിയണമെന്ന ചിന്താഗതി ആണുള്ളത്. അങ്ങനെയാണ് കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന നിയമം ഉണ്ടായത്(പുറ.21:24). ഈ പട്ടിക നീണ്ടു പോകുന്നുണ്ട്. കൈക്കു പകരം കൈ, കാലിന്നു പകരം കാല്,പൊള്ളലിന് പകരം പൊള്ളൽ, മുറിവിന് പകരം മുറിവ്, പ്രഹരത്തിനുപകരം പ്രഹരം (പുറ.21:24,25). അർഹിക്കുന്ന ശിക്ഷ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മുകളിൽ പറഞ്ഞ രീതിയിൽ ശിക്ഷകൾ നിയമംകൊണ്ട് നിയന്ത്രിക്കുന്നത് ശിക്ഷ പ്രതികാര ത്തിലേക്ക് കടക്കാതിരിക്കാൻ ആണ്. ശിക്ഷയും പ്രതികാരവും തമ്മിലുള്ള വ്യത്യാസം ലാമെക്ക് തന്റെ ഭാര്യമാരോട് പറയുന്ന വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാൻ കൊന്നുകളഞ്ഞു. കായേന്റെ പ്രതികാരം ഏഴിരട്ടി ആണെങ്കിൽ ലാമെക്കിന്റെ എഴുപത്തിയേഴിരട്ടി ആയിരിക്കും (ഉല്പത്തി 4: 23- 24 ).
ഇവിടെയാണ് യേശു പുതിയ ധാർമികതയുമായി കടന്നുവരുന്നത്. സമൂഹത്തിൽ നീതിയും ന്യായവും നടപ്പാക്കേണ്ട എന്ന് യേശു ആവശ്യപ്പെടുന്നില്ല. നീതിന്യായ കോടതികളെ യേശു എതിർക്കുന്നില്ല. ദുഷ്ടനെ ശിക്ഷിക്കേണ്ടന്നും യേശു പറയുന്നില്ല. തിന്മയെ മതപരമായ ആധ്യാത്മികതയുടെ തലത്തിൽ നിന്നുകൊണ്ട് എപ്രകാരമാണ് കാര്യക്ഷമമായി നേരിടുക എന്നാണ് യേശു പറയുക. അതുവഴി യേശു പഴയനിയമത്തെ പൂർത്തീകരിക്കുകയാണ്. അതാണ് ക്രിസ്തീയ ധാർമികത. സ്വന്തം അവകാശങ്ങൾ ഉപേക്ഷിച്ച് തനിക്കെതിരെ തിന്മ പ്രവർത്തിച്ചവനോട് സ്നേഹത്തോടും ഔദാര്യത്തോടെ കൂടി വർത്തിക്കാൻ യേശു ആഹ്വാനം ചെയ്യുകയായിരുന്നു. അഞ്ചാം അധ്യായം 39 മുതൽ 40 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ചെയ്യണമെന്നല്ല യേശു ഉദ്ദേശിക്കുക. അതിന്റെ ചൈതന്യം ഉൾക്കൊണ്ട് സാഹചര്യങ്ങൾക്കനുസരിച്ച് സഹോദരനോട് പെരുമാറുന്നതിനാണു യേശു ആവശ്യപ്പെടുക.