ശക്തനും ധീരനും

Fr Joseph Vattakalam
3 Min Read

ഹേറോദേസ്‌ യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ്‌ അവന്‍ ഇതു ചെയ്‌തത്‌.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത്‌ നിയമാനുസൃതമല്ല.ഹേറോദേസിന്‌ അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.ഹേറോദേസിന്റെ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്‌സില്‍ നൃത്തംചെയ്‌ത്‌ അവനെ സന്തോഷിപ്പിച്ചു.തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ്‌ അവളോട്‌ ആണയിട്ടു വാഗ്‌ദാനം ചെയ്‌തു.അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്‌സ്‌ ഒരു തളികയില്‍വച്ച്‌ എനിക്കു തരുക.രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച്‌ അത്‌ അവള്‍ക്ക്‌ നല്‍കാന്‍ അവന്‍ ആജ്‌ഞാപിച്ചു.അവന്‍ കാരാഗൃഹത്തില്‍ ആളയച്ച്‌ യോഹന്നാന്റെ തല വെട്ടിയെടുത്തു.അത്‌ ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത്‌ അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.അവന്റെ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.മത്തായി 14 : 3-12

നന്മ ചെയ്തുകൊണ്ട് ഗലീലി മുഴുവൻ ചുറ്റി സഞ്ചരിച്ച ഈശോയുടെ കീർത്തി ലോകമെങ്ങും വ്യാപിച്ചു. ഈ വാർത്ത കേട്ടപ്പോൾ ഹേറോദേസ് രാജാവ് ഭയവിഹ്വലനായി. യഥാർത്ഥത്തിൽ അവൻ ഭയപ്പെട്ടത് ഈശോയെ അല്ല. താൻ നിഷ്ഠൂരമായി ദുരഭിമാന ത്താൽ പ്രേരിതനായി ശിരച്ഛേദം ചെയ്യിച്ച സ്നാപകയോഹന്നാനെയാണ്.

ഈശോയുടെ തനതുശൈലിയും അവിടുത്തെ സന്ദേശങ്ങളും സ്നാപകന്റെ തിനോട് ഏറെ സാദൃശ്യമുള്ളതായിരുന്നല്ലോ. ” ഇവൻ സ്നാപകയോഹന്നാൻ ആണ്. മരിച്ചവരിൽ നിന്ന് ഉയർത്തിപ്പെട്ടിരിക്കുന്നു ( മത്തായി 14: 12) എന്നാ പ്രഖ്യാപനം ഹെറോദോസിന്റെ പരിഭ്രമത്തിനു മതിയായ തെളിവാണ്. അന്ധവിശ്വാസവും സ്വന്തം മനസ്സാക്ഷിയുടെ അസ്വസ്ഥയും പിന്നാമ്പുറങ്ങളിൽ ഉണ്ടുതാനും. കരുത്തുറ്റ ഒരു വ്യക്തിത്വത്തിനുടമയാണ് സ്നാപകൻ. വിട്ടുവീഴ്ചയില്ലാത്ത ധാർമ്മിക നിലപാട് (ദൈവത്തിൽ വിശ്വസിച്ച് അവിടുന്നിൽ ആശ്രയിക്കുന്നവർ ) സ്നാപകന്റെ നിലപാടേ സ്വീകരിക്കൂ.

സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് സഹോദരൻ ഫിലിപ്പിന്റെ ഭാര്യ യെ സ്വന്തമാക്കിയതാണവൻ. ശിശു ആയിരുന്നപ്പോൾ ഈശോയെ വധിക്കാൻ ശ്രമിച്ച, ” കുഞ്ഞിപ്പൈതങ്ങളെ “നിഷ്കരുണം വധിക്കുന്നതിന് കല്പന നൽകിയ ഹെറോദോസിന്റെ മകനാണ് സ്നാപകന്റെ ഘാതകൻ ഹെരഡ് അന്തിപ്പാസ്. ഹെറോദോസ് ചെയ്തത് മഹാ അപരാധമാണെന്ന്, പ്രവാചകൻ മുഖത്തുനോക്കി,പ്രവാചക ശബ്ദത്തിൽ, പറഞ്ഞിരുന്നു. ഇത് അവന് ഏറെ ചൊടിപ്പിച്ചിരുന്നെങ്കിലും ജനങ്ങളെ ഭയന്ന് അവൻ അടങ്ങിയിരിക്കുകയായിരുന്നു. തന്റെ തെറ്റു പരസ്യമായി വിളിച്ചു പറഞ്ഞ അനന്യ പ്രവാചകനോട് ഹെറോദോസിനു ണ്ടായിരുന്ന പക കുറച്ചൊന്നുമായിരുന്നില്ല.

ഈ അവസരത്തിൽ രാജാവിന്റെ ജന്മദിനം വന്നുകൂടി. അന്നു ഹേറോദിയയുടെ മകൾ രാജസദസ്സിൽ നടത്തിയ നൃത്തം അയാളെ ഇക്കിളി കൊള്ളിച്ചു. തന്മൂലം അവൾ ചോദിക്കുന്നതെന്തും നൽകാമെന്ന് അവൻ ആ പെൺകുട്ടിയോട് ആണയിട്ടു പറയുകയും ചെയ്തു. അമ്മയും മകളും ഗൂഢാലോചന നടത്തിയപ്പോൾ അമ്മ മകൾക്ക് നൽകിയ നിർദ്ദേശം സ്നാപകന്റെ തലവെട്ടി താലത്തിൽ വെച്ച് നൽകാനാണ്.

ഹെറോദിയയും മകൾ ശലോമി യും കൂടെ നടത്തിയ ഗൂഢാലോചനയെ കുറിച്ചും അതെങ്ങനെ നടപ്പാക്കിയെന്നും ചരിത്രകാരനായ ഫ്ലാവിയൂസ് ജോസേഫൂസ് രേഖപ്പെടുത്തിയിട്ടുണ്ട്.ആരുടേയും മുഖം നോക്കാതെ ആരെയും അണുവിട ഭയപ്പെടാതെ സത്യം തുറന്നു പറഞ്ഞിരുന്ന (തെറ്റ് തെറ്റാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞിരുന്ന) ഒരു മഹാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സ്നാപകൻ. അതിന് അദ്ദേഹം സ്വന്തം ജീവൻ വിലയായി കൊടുക്കേണ്ടിവന്നു. ഹെറോദിയയുടെയും ശലോമിയുടെയും പ്രതികാരനടപടി അവരുടെ അഹന്തയുടെയും വ്യാമോഹത്തിന്റെയും ഫലമാണ്.

വിവാഹബന്ധത്തിന്റെ പരിശുദ്ധിക്കു സാക്ഷ്യം നൽകിക്കൊണ്ട് രക്തസാക്ഷിയായ സ്നാപകയോഹന്നാൻ ശക്തനും ധീരനുമായിരുന്നു. ആരുടേയും മുഖം നോക്കാതെ, ആരെയും ഭയപ്പെടാതെ, തന്റെ ദൗത്യം (ഈശോയെ,രക്ഷകനെ ലോകത്തിനു വെളിപ്പെടുത്തുക – “ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ” യോഹ.1: 29) പൂർത്തിയാക്കിയ ഈ മഹാ പ്രവാചകൻ നമുക്ക് മാതൃക ആയിരിക്കട്ടെ. സ്നാപക സന്ദേശങ്ങളുടെ സത്ത് ഇതാ. ” എന്റെ സന്തോഷം പൂർണമായി രിക്കുന്നു. അവൻ വളരുകയും ഞാൻ കുറയുകയും വേണം”( യോഹന്നാൻ 3 :30 ).

Share This Article
error: Content is protected !!