വാഗ്ദാനങ്ങളെ വിശ്വസ്തനാണ് ദൈവം. പഞ്ച ഗ്രന്ഥം ഊന്നിപ്പറയുന്ന സത്യമാണിത്. കാനാൻ ദേശം അബ്രഹാത്തിന്റെ സന്തതികൾക്ക് സ്വന്തമായി നൽകുമെന്നും അത് കൈവശമാക്കാൻ വേണ്ടി കർത്താവു തന്നെ അവരെ നയിക്കും എന്നുമുള്ള വാഗ്ദാനങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറി. ജോഷ്വയുടെ പുസ്തകം ഈ വസ്തുത വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ജോഷ്വ 1: 5 അനന്യവും അവിസ്മരണീയവുമായ ഒരു വാഗ്ദാനമാണ്. നിന്റെ ആയുഷ്കാലത്തിലൊരിക്കലും ആർക്കും നിന്നെ തോൽപ്പിക്കാൻ സാധിക്കുകയില്ല. ഞാൻ മോശയോടു കൂടെ എന്നപോലെ നിന്നോട് കൂടെയും ഉണ്ടായിരിക്കും”.
ജോഷ്വായുടെ ധീരതയുടെ അടിസ്ഥാനം കർത്താവ് തന്റെ കൂടെ സദാ ഉണ്ട് ( ഇമ്മാനുവേൽ ) എന്ന ബോധ്യമാണ്. ” ശക്തനും ധീരനും ആയിരിക്കുക ” എന്ന ആഹ്വാനം ഗ്രന്ഥത്തിൽ മൂന്നു തവണ ആവർത്തിക്കുന്നുണ്ട്. ദൈവത്തിന്റെ മഹാമനസ്കതയും ഔദാര്യത്തിനും ( എന്തിന് അവിടുത്തെ ഒരു നന്മയ്ക്കും ) അതിരുകളില്ല. നമ്മുടെ ബലഹീനതയും അവിശ്വസ്തതയും നമ്മെക്കുറിച്ചുള്ള അവിടുത്തെ പദ്ധതി പൂർണ്ണതയിൽ നിറവേറ്റാതെപോകാൻ സാധ്യതയുണ്ടെന്ന വസ്തുത വിസ്മരിക്കാതിരിക്കാം.
ജോഷ്വയുടെ ധീരതയും യുദ്ധ നൈപുണ്യവും ഊന്നി പറയുമ്പോഴും കർത്താവാണ് യുദ്ധം നയിക്കുകയും വിജയം നൽകുകയും ചെയ്യുക എന്നു വിശുദ്ധ ഗ്രന്ഥകാരൻ അടിവരയിടുന്നു. കർത്താവിനെ അനുസരിക്കുന്ന പ്രകൃതിശക്തികൾ ഇസ്രായേൽക്കാരുടെ വിജയത്തിന് എങ്ങനെ സഹായകമായി എന്നത് വിസ്മയാവഹം എന്ന് മാത്രമേ പറയാനാവൂ. കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്‍പിച്ചുകൊടുത്തദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്ക്കുക. ചന്ദ്രാ, നീ അയ്യലോണ്‍ താഴ്വരയിലും നില്ക്കുക.
അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന് നിശ്ചലമായി നിന്നു; ചന്ദ്രന് അനങ്ങിയതുമില്ല. യാഷാറിന്റെ പുസ്ത കത്തില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അങ്ങനെ ആകാശമധ്യേ ഒരു ദിവസം മുഴുവനും സൂര്യന് അസ്തമിക്കാതെ നിന്നു.
കര്‍ത്താവ് ഒരു മനുഷ്യന്റെ വാക്കു കേട്ട് ഇസ്രായേലിനുവേണ്ടിയുദ്ധം ചെയ്ത ആദിവസംപോലെ ഒരു ദിവസം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല.അനന്തരം, ഗില്ഗാലിലുള്ള പാളയത്തിലേക്കു ജോഷ്വയും അവനോടൊപ്പം ഇസ്രായേലും തിരികെപ്പോന്നു.
ജോഷ്വ 10 : 12-15.
ജോഷ്വാ 10: 24 പറയുന്ന സംഭവം ദൈവജനത്തിനു ചേരാത്ത ഒരു ക്രൂരകൃത്യം ആണെന്ന് ആർക്കും തോന്നാം. വാക്യം ശ്രദ്ധിക്കുക.ജോഷ്വ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി തന്നോടൊപ്പം പോന്ന യോദ്ധാക്കളുടെ തലവന്മാരോടു പറഞ്ഞു: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്തു.
ജോഷ്വ 10 : 24.. ഇപ്രകാരം ചെയ്യാൻ ജോഷ്വ പറയുന്നത് അവരുടെമേൽ ഇസ്രായേൽ പരിപൂർണ്ണ വിജയം നേടിയെന്ന് യഹൂദ സൈന്യത്തിന് ബോധ്യം കിട്ടാൻ വേണ്ടിയാണ്. ഈജിപ്തിലും മറ്റും നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു ഇത്. കർത്താവ് വിജയം നൽകും എന്ന് ഉറപ്പുനൽകി സേനാധിപൻമാരെ ധൈര്യപ്പെടുത്തുക എന്ന ലക്ഷ്യവും ഇങ്ങനെ ചെയ്യുന്നതിനു ജോഷ്വാ യ്ക്ക് പ്രേരകമായി( 10: 25 ). കർത്താവ് ശത്രുക്കളെ തന്റെ അഭിഷിക്തന്റെ പാദപീഠമാ ക്കുമെന്ന സങ്കീർത്തന വാക്യമായും ഈ പ്രവർത്തി ബന്ധപ്പെട്ടതത്രെ ( സങ്കീ. 110 :1 ).
ആയുധത്തിന്റെ ബലമോ ബാഹുല്യമോ അല്ല, കർത്താവിന്റെ കൃപയും കരുണയും ആണ് ജോഷ്വയുടെ വിജയങ്ങൾക്ക് നിദാനം. കർത്താവിന്റെ കൽപ്പനകൾ ഒന്നൊഴിയാതെ എല്ലാം ജോഷ്വാ നിറവേറ്റി ( 11: 15 ). അതായത് എല്ലാം കർത്താവിന്റെ ദാനമാണെന്നും നേതാവ് (ജോഷ്വാ) അവിടുത്തെ വിശ്വസ്തൻ ആണെന്നും ഗ്രന്ഥകാരൻ എടുത്തുകാട്ടുന്നത് നേതൃനിരയിൽ ഉള്ളവർക്കും മറ്റെല്ലാവർക്കും ഇത് സാധനപാഠമാകണം. ഭൂമി (പ്രപഞ്ചം) കർത്താവിന്റെ ദാനമാണ് . വിനയാന്വിതർക്ക് ഇത് മനസ്സിലാക്കാനും അംഗീകരിക്കാനും വളരെ എളുപ്പമാണ്. ഇന്നു ലോകം അനുഭവിക്കുന്നതെല്ലാം അതിന്റെ പാപത്തിന്റെ കാഠിന്യം വിളിച്ചോതുന്നു ലോകം അഭിമുഖീകരിക്കുന്ന സകല പ്രതിസന്ധികളുടെയും കാരണവും. പൂർണ്ണഹൃദയത്തോടെ അനുതപിച്ച് കർത്താവിങ്കലേക്ക് തിരിഞ്ഞാൽ പ്രതിസന്ധികൾ മാറികിട്ടും. പക്ഷേ ഒന്നുണ്ട്. ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ, അവിടുന്നിൽ വിശ്വസിച്ച്, അവിടുത്തേക്ക് പൂർണമായി സമർപ്പിച്ച്, പ്രത്യാശയോടെ അവിടുത്തെ വിളിച്ച് അപേക്ഷിക്കണം. ഒപ്പം ഹൃദയം സജ്ജമാക്കണം. ഹൃദയത്തിൽ കുത്തിനിറച്ചിരിക്കുന്ന തിന്മകൾ, അശുദ്ധി, പല വിഗ്രഹങ്ങൾ, വെറുപ്പ്, വിദ്വേഷം, വൈരാഗ്യം, പ്രതികാരം, ദ്രവ്യാഗ്രഹം, സ്വാർത്ഥത, അഹങ്കാരം, സുഖലോലുപത, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയെല്ലാം. അനുതാപം പാപ സങ്കീർത്തനം വഴിയും വചനം കൊണ്ടും ഹൃദയം വെടിപ്പാക്കണം അതുകൊണ്ട് തീഷ്ണത ഉള്ളവൻ ആകുക. അനുതപിക്കുക. “ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും “( വെളി. 3 :19- 20 ).
പരമപ്രധാനമായ ഈ പ്രക്രിയ നമ്മിൽ പലരിലും നടക്കാത്തതു കൊണ്ടാണ് കൊറോണ താണ്ഡവ നൃത്തം ചെയ്തു നമ്മെ ഇരുത്തുന്നത്, തളർത്തുന്നത്. തമ്പുരാനേ ധിക്കരിച്ചോ,പഴി പറഞ്ഞോ, തിരസ്കരിച്ചോ,അച്ഛൻമാരെയും സന്യസ്തരും സഭയെയും കുറ്റപ്പെടുത്തി അവഹേളിക്കുകയും ചെയ്താൽ ഫലം കൂനിന്മേൽ കുരു ആയിരിക്കും (ശാപമെന്ന് പറയണ്ട).
ഇസ്രായേലിലെ പ്രവാസികളെല്ലാം തലകുലുക്കി സമ്മതിക്കുന്ന ഒരു സത്യമുണ്ട് . തങ്ങൾ അനുഭവിക്കുന്ന ശിക്ഷയ്ക്ക് കാരണം തങ്ങളുടെ പാപമാണെന്ന്. ദൈവം കരുണയാണ്,പക്ഷേ, അവിടുന്ന് നീതിയുമാണ്. കരുണ ലഭിക്കാനും നീതി നടത്തേണ്ട അവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള തീരുമാനമെടുക്കുകയും അത് പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ആണ് മനസ്സാക്ഷിയുള്ളവർ എല്ലാം ചെയ്യേണ്ടത്. എല്ലാ നഷ്ടപ്പെടുത്തി ജീവൻപോലും അപകടത്തിലാകുന്ന പരിതാപകരമായ അവസ്ഥയിൽ മടങ്ങിയെത്തിയ ഇളയ മകനെ പിതാവ് എങ്ങനെയാണ് സ്വീകരിച്ചതെന്ന്,എങ്ങനെയാണ് പ്രതികരിച്ചതെന്നും, ശ്രദ്ധിക്കുക.
പഴയ ഉടമ്പടി ലംഘിച്ച മോശ ഉൾപ്പെടെയുള്ളവർക്ക് വാഗ്ദത്ത ഭൂമിയിൽ കാലുകുത്താൻ ആയില്ല. പുതിയ ഉടമ്പടി ലംഘിക്കുന്നവർക്ക് നിത്യ നാശം ആയിരിക്കും ലഭിക്കുക. സ്വർഗ്ഗവും നരകവും മഹാ യാഥാർത്ഥ്യങ്ങളാണ്. അവ നിത്യം നിലനിൽക്കുന്നവയുമാണ്. അനുതപിച്ച് കരുണാസാഗര മായ കർത്താവി ലേക്ക് മടങ്ങുക, സ്വർഗ്ഗരാജ്യവും ദൈവരാജ്യവും ഉറപ്പ്. ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുക. അവിടുത്തെ ഹിതം, അങ്ങനെ അനുനിമിഷം നിറവേറ്റുക. അവിടുന്ന് നിങ്ങളെ നേർവഴിക്ക് നയിക്കും.