ലോകരക്ഷകൻ

Fr Joseph Vattakalam
3 Min Read

ഒരു വംശാവലി പട്ടിക അവതരിപ്പിച്ച് ഒരു ഗ്രന്ഥം ആരംഭിക്കുക ആധുനികാനുവാചകർക്ക് അപരിചിതമോ, അരോചകമോപോലും ആയി തോന്നാം. യഹൂദാ ക്രൈസ്തവർക്ക് വേണ്ടി വിരചിക്കപ്പെട്ട സുവിശേഷത്തിന് ഇങ്ങനെ ഒരു തുടക്കം  ചരിത്രത്തിന്റെ ആവശ്യമായിരുന്നു. ജീവചരിത്രത്തിൽ വംശാവലി പട്ടികയ്ക്ക് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്ന ജനതയായിരുന്നു യഹൂദർ. അർത്ഥഗർഭമായ ഒരു ശീർഷകം ഇതിനുണ്ട് – ഈശോയുടെ വംശാവലി ; ഏറെ ആകർഷകമായ ഒരു ഘടനയും. ഈശോമിശിഹാ  എന്ന നാമം തുല്യമായ രണ്ട് സംജ്ഞകളല്ല. ദാവീദു വംശജയായ മറിയത്തിനു ജനിച്ച ശിശുവിന് സ്വർഗ്ഗം സമ്മാനിച്ച പേരാണ് ഈശോ ( മത്തായി 1: 20, 21 ) എന്നത്.

ഈശോമിശിഹാ എന്നതു തുല്യമായ രണ്ടു സംജ്ഞകളല്ല. മശിഹ എന്നത് അവിടുത്തെ വ്യക്തിത്വവും ദൗത്യം വ്യക്തമാക്കുന്ന തന്റെ പദവിയാണ്.

” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ് ( മത്തായി 16: 16 ). നിർണായക നിമിഷത്തിൽ പത്രോസ് നടത്തിയ പരമസത്യം പ്രഖ്യാപനത്തിന്റെ ( വിശ്വാസ പ്രഖ്യാപനത്തിന്റെ ) മുന്നുരയാണിതെന്ന് പറയാം.

അബ്രഹത്തോടും ദാവീദിനോടും ദൈവം നടത്തിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണം ഈശോയിലാണ് നിറവേറുക. പിതാവായ ദൈവം തന്നെയാണ് പത്രോസിന് ഈ സത്യങ്ങളുടെ സത്യം വെളിപ്പെടുത്തി കൊടുത്തത്.

ഈശോ അവനോട് അരുളിച്ചെയ്തു.” യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാൻ! ജഡരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത്( മത്തായി 16: 17 ).

ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം ദാനങ്ങളാണ്. ദാനമായി കിട്ടിയത് സ്വന്തമായി കരുതി ആരും അഹങ്കരിക്കരുത് എന്ന് പൗലോസ് മനുഷ്യന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അർഹിക്കാത്തതാണ് അഖിലേശൻ അബ്രാഹത്തിന് വാഗ്ദാനം ചെയ്തത്. ” നിന്നെ ഞാൻ അനുഗ്രഹിക്കും…. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും.. നിന്നിലൂടെ ഭൂമുഖത്തെ ജനതകളെല്ലാം അനുഗ്രഹീതമാവും( ഉല്പത്തി 12:2,3). ( 2 സാമുവൽ 7: 3 ) സോളമന് ദൈവം നൽകുന്ന വാഗ്ദാനം അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും എന്ന വാഗ്ദാനം ഈശോയിൽ പൂർത്തിയാകുന്നതായി സുവിശേഷകൻ കാണുന്നു. അതുകൊണ്ടാണ് ഈശോയെ  ” അബ്രഹാത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ രാജാവിനെ കുറിച്ചുള്ള പ്രവചനങ്ങൾ സങ്കീർത്തനം 72 :1- 7 ; ഏശ.8 :6, 7 ; 11 

 -5 തുടങ്ങി, പഴയനിയമത്തിൽ പലയിടങ്ങളിലും കാണാൻ കഴിയും. ഇവ പൂർത്തിയാകുന്നത് ഈശോ യിലാണ് ദൈവത്തിന്റെ അനന്ത സ്നേഹവും കാരുണ്യവും  രക്ഷാകര വാഗ്ദാനങ്ങളിൽ നാം ദർശിക്കണം. അവയുടെ പൂർത്തീകരണങ്ങളിൽ അവിടുത്തെ വിശ്വസ്തത നാം കാണുന്നു.

 ഈശോയുടെ വംശാവലി വിവരണത്തിൽ ( മത്തായി 1: 1- 17) കൃത്യമായ ഒരു ദൈവശാസ്ത്ര വിവരണമുണ്ട്. 14 തലമുറകൾ വീതം ഉൾക്കൊള്ളുന്ന 3 ഘട്ടങ്ങളായിട്ടാണ്  വംശാവലി വിഭജിച്ചിട്ടുള്ളത്.

(1) അബ്രഹാം മുതൽ ദാവീദ് വരെ

(2) ദാവീദു മുതൽ ബാബിലോൺ പ്രവാസം വരെ.

(3) ബാബിലോൺ പ്രവാസം മുതൽ മിശിഹാ വരെ. അബ്രാഹത്തിനും ദാവീദിനും നൽകപ്പെട്ട വാഗ്ദാനങ്ങളാണ്  ഇതിലെ സന്താനപരമ്പര കോർത്തിണക്കുന്നത്. ദൈവം അബ്രഹാത്തോടു ചെയ്ത വാഗ്ദാനം ( ഉല്പത്തി 12: 3 ) സാർവത്രിക രക്ഷയുടെതാണ്. സാറാ (ഉൽപ്പത്തി 12: 17), റബേക്ക (ഉല്പത്തി 24), റാഹേൽ (ഉല്പത്തി 29: 5 ) ഇവരെ പരിഗണിക്കാതെ വിജാതിയരായ താമാർ,റാഹാബ് രൂത്ത്, ബെത്ഷെബാ, ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നതിൽ സുവിശേഷകന്റെ ലക്ഷ്യം മാനവരാശിയുടെ മുഴുവൻ രക്ഷകനാണെന്ന  സത്യം ലോകത്തിനു വ്യക്തമാക്കുക  എന്നതായി വേണം കരുതാൻ.

വിജാതിയരെയും പാപികളെയും ഉൾപ്പെടുത്തിയുള്ള വംശാവലി വലിയ പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നത്. ദൈവം അബ്രഹത്തോട് ചെയ്ത സാർവത്രിക രക്ഷയുടെ വാഗ്ദാനം, യഥാർത്ഥത്തിൽ സകല ജനതകൾക്കുമുള്ള അവിടുത്തെ അനുഗ്രഹം ആണ്. ” നിന്നിലൂടെ ഭൂമുഖത്തെ ജനങ്ങളെല്ലാം അനുഗ്രഹീതമാകും”( ഉല്പത്തി 12: 3). ചുങ്കക്കാരോടും പാപികളോടുമുള്ള ഈശോയുടെ സമീപനം ഈ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. മത്തായിയുടെ സുവിശേഷം അവസാനിക്കുന്നതും സകല ജനതകളെയും ശിഷ്യപ്പെടുത്താനുള്ള, രക്ഷയിലേക്ക് നയിക്കാനുള്ള, ആഹ്വാനത്തോടെയാണല്ലോ  ( 28: 19 ).

Share This Article
error: Content is protected !!