കുടുംബത്തിന്റെ മഹത്വമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
ഒരു പിതാവ് തന്റെ പുത്രനെ സ്നേഹിക്കുന്നതുപോലെയോ കൂടുതലോ യൗസേപ്പിതാവ് ഈശോയെ സ്നേഹിച്ചു. തനിക്കുള്ളതിൽ ഏറ്റം നല്ലത് അവനു കൊടുക്കുക വഴിയായി അദ്ദേഹം തന്റെ സ്നേഹം പ്രദർശിപ്പിച്ചു. വി. ജോസ് മരിയ എസ്ക്രീവ.
കർമ്മലീത്താ സഭാ സമൂഹത്തെ നവീകരിക്കാൻ വിശുദ്ധ അമ്മ ത്രേസ്യ സഹായിച്ചു. ഈ മഹാ വിശുദ്ധയ്ക്കു യൗസേപ്പിതാവിനോടുള്ള അസാധാരണ ഭക്തി ഉണ്ടായിരുന്നു. അവർ സ്ഥാപിച്ച മിക്ക മഠങ്ങളും യൗസേപ്പിന്റെ നാമധേയത്തിൽ ആയിരുന്നു. കർമ്മലീത്താക്കാർ ദൈവത്തിന്റെയും യൗസേപ്പിതാവിന്റെയും സ്വന്തമാണെന്നുള്ളതിന്റെ അടയാളമായി, അവരെ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ മെഡലുകൾ ഓരോ മഠത്തിലും ഭൂമിക്കടിയിൽ അവർ നിക്ഷേപിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ ഒരു കാര്യം രേഖപ്പെടുത്തുന്നത് കൗതുകകരമായിരിക്കും. കാനഡയിലെ മോൺട്രിയൽ യൗസേപ്പിതാവിനു പ്രതിഷ്ഠിതമായ ഒരു ഷ്റൈൻ സ്ഥാപിക്കാൻ വിശുദ്ധ ആൻഡ്രോ ആഗ്രഹിച്ചു. അതിനു യോജിച്ച ഒരു സ്ഥലം അദ്ദേഹം കണ്ടെത്തി. പ്രസ്തുതസ്ഥലം നേടി തരണമെന്നും ആശീർവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് യൗസേപ്പിതാവിന്റെ മെഡൽ അദ്ദേഹം ആ സ്ഥലത്തു നിക്ഷേപിച്ചു. തെല്ലും സംശയം പോലും വേണ്ട സഫലമായ യജ്ഞം!
നമ്മുടെ ഓരോരുത്തരുടെയും ഭവനം ആശീർവദിക്കാൻ യൗസേപ്പിതാവ് ആഗ്രഹിക്കുന്നു. സ്നേഹത്തോടെ അദ്ദേഹത്തെ നമ്മുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കാം. ആ മാധ്യസ്ഥ്യം തേടാം. അദ്ദേഹത്തിന് മാത്രം അർഹമായ ‘ആദിമ വണക്കം’ ഈ പിതാവിനെ നൽകാം. അപ്പോൾ അനിതരസാധാരണമായ വിധം അദ്ദേഹം നമ്മുടെ ഭവനങ്ങളെ അനുഗ്രഹിക്കും. എവിടെയൊക്കെ യൗസേപ്പിതാവ് സന്നിഹിതനാണോ അവിടെയെല്ലാം ഈശോയും അവിടുത്തെ അമ്മയും ഉണ്ടായിരിക്കും.
നമ്മുടെ ഭവനങ്ങളിലും കുടുംബങ്ങളിലും സന്നിഹിതനാവാൻ യൗസേപ്പിതാവ് അതിയായി ആഗ്രഹിക്കുന്നു. നമ്മുടെ യാത്രകളിൽ നമ്മോടൊത്തു വരാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും അദ്ദേഹത്തിന്റെ രൂപം നമുക്ക് പ്രതിഷ്ഠിക്കാം. നമ്മുടെ ഗാർഹിക ആവശ്യങ്ങൾക്കായി അദ്ദേഹത്തോട് നമുക്ക് യാചിച്ചു പ്രാർത്ഥിക്കാം.
ഗാർഹിക ജീവിതത്തെ യൗസേപ്പിതാവ് സ്നേഹിക്കുന്നു. അതിന്റെ മഹത്വമാണ് അദ്ദേഹം. അദ്ദേഹം തന്റെ പുത്രനെ അഗാധമായി സ്നേഹിച്ചു, വിദ്യ അഭ്യസിപ്പിച്ചു. പോറ്റിവളർത്തി. ഈശോയ്ക്കും മാതാവിനും സ്നേഹനിർഭരമായ തന്റെ ശുശ്രൂഷ നൽകാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
യൗസേപ്പിതാവ് നിർദ്ദേശിക്കപ്പെട്ടതുപോലെ, ഈശോയെ പരിപാലിക്കുകയും തന്റെ ജോലി വൈദഗ്ധ്യം അവിടുത്തേക്ക് പകർന്നു കൊടുക്കുകയും ചെയ്തു. ദൈവപുത്രനെ പരിശീലിപ്പിക്കുക എന്ന അത്യുദാത്ത ദൗത്യത്തിന്റെ ഔന്നത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നമുക്ക് ഏറെ നന്മ ചെയ്യും.
ഈശോ തന്റെ മനുഷ്യപ്രകൃതിയിൽ യൗസേപ്പിതാവിനോടു ഏറെ സാമ്യം കാണുമല്ലോ. ജോലിയിലും സ്വഭാവ രീതിയിലും സംസാര ശൈലിയിലും വിശദാംശങ്ങളിലുള്ള ശ്രദ്ധയിലും എല്ലാം അദ്ദേഹത്തിന് ഈശോയിൽ ഉള്ള സ്വാധീനത്തിന്റെ സൂചനകളാണ്. ഈ വസ്തുത അവഗണിക്കാൻ ആർക്കും ആവില്ല. ദൈവം ആയിരിക്കെ തന്നെ ഈശോ യഥാർത്ഥ മനുഷ്യനുമാണ്. ഈ മാനുഷിക വശങ്ങളിലാണ് യൗസേപ്പിന് ഈശോയുടെ സ്വാധീനം ഉണ്ടായിരുന്നത്.
പ്രതിഷ്ഠ
കുടുംബങ്ങളുടെ മഹത്വമേ, മാതാവിന്റെയും ഈശോയുടെയും ധീര സംരക്ഷകനേ, പിതാവായ ദൈവം പുത്രനായ ദൈവത്തെ സ്നേഹിച്ചതുപോലെ, അനന്യമാംവിധം ലോക രക്ഷകനെ സ്നേഹിച്ചവനേ, അവിടുത്തെ കരുതലോടെ വളർത്തിയവനേ, ഞാൻ എന്നെത്തന്നെ എന്നേക്കുമായി അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. പിതാവേ എന്റെ ഭവനത്തെ കുടുംബത്തെയും അനുഗ്രഹിക്കണമേ! ആദിമ വണക്കം സ്നേഹപൂർവ്വം നൽകുന്നു. അങ്ങയെ എന്റെ നിത്യ സംരക്ഷകനായി സ്വീകരിച്ച് അംഗീകരിക്കുന്നു. എപ്പോഴും എനിക്ക് വഴികാട്ടി ആയിരിക്കണമേ! ആമേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.